ഗർഭകാലത്തെ മാനസിക സമ്മർദ്ദം ഗൗരവത്തോടെ കണ്ട് പ്രതിവിധി ചെയ്യേണ്ടതാണ് . ഇല്ലെങ്കിൽ ചിലപ്പോൾ വിഷാദരോഗത്തിന് ഇടയാക്കിയേക്കാം. രണ്ടാഴ്ചയെങ്കിലും നിലനിൽക്കുന്ന വിഷാദഭാവം, ഉന്മേഷക്കുറവ്, ഒരു കാര്യത്തിലും താത്പര്യമില്ലായ്മ, വിശപ്പില്ലായ്മ, അകാരണ കുറ്റബോധം, ആത്മഹത്യാചിന്ത, പ്രതീക്ഷയും സന്തോഷവുമില്ലാത്ത അവസ്ഥ ഇവയെല്ലാം വിഷാദത്തിന്റെ സൂചനയാണ്. പ്രസവശേഷം ശരീരാകൃതി വീണ്ടെടുക്കാൻ കഴിയമോ എന്ന ആശങ്ക കാരണം ചില സ്ത്രീകൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്.
കൃത്യമായ കൗൺസിലിംഗ് നൽകിയില്ലെങ്കിൽ ഇവരും വിഷാദരോഗത്തിലേക്ക് വീണേക്കാം. മുൻപ് വിഷാദരോഗമുണ്ടായിരുന്ന സ്ത്രീകൾക്ക് കൂടുതൽ ശ്രദ്ധ നൽകണം. മറ്റൊരു ഭീഷണിയാണ് ഉത്കണ്ഠ. പ്രസവം, ഗർഭസ്ഥശിശു, ഗർഭകാല ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ചിന്ത ചില ഗർഭിണികളിൽ വിഷാദം ഉണ്ടാക്കുന്നുണ്ട്. നെഞ്ചിടിപ്പ്, ഉറക്കക്കുറവ്, നെഞ്ചെരിച്ചിൽ, അമിതമായി വിയർക്കൽ, തലകറക്കം, വെപ്രാളം, ശരീരത്തിന് ഭാരമില്ലാത്തതായി തോന്നുക എന്നിവ ഉത്കണ്ഠയുടെ ലക്ഷണങ്ങളാണ്. ഇതിനും വിദഗ്ധോപദേശവും കൗൺസിലിംഗും ഉറപ്പാക്കുക.