ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ഷോപിയാനിൽ തിങ്കളാഴ്‌ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഹിസ്ബുൾ മുജാഹിദീൻ ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഷോപിയാനിലെ മേഖലകളിൽ ആക്രമണം ലക്ഷ്യമിട്ട് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ. തെരച്ചിലിൽ ഏർപ്പെട്ടിരുന്ന സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ഞായറാഴ്‌ച പിഞ്ചോര മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. ആക്രമണത്തിൽ രണ്ട് വീടുകളും തകർന്നു. ആർമി, സി.ആർ.പി.എഫ്, പൊലീസ് എന്നിങ്ങനെ സംയുക്തമായാണ് ഭീകരർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുന്നത്.