രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ വരുമ്പോഴും ക്രമാതീതമായി കൊവിഡ് രോഗികളുടെ എണ്ണവും വർദ്ധിക്കുകയാണ്. ഇത് ആശങ്കയ്ക്കുതന്നെയാണ് വകവയ്ക്കുന്നത്. ലോക്ക്ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുകയാണ്. ലോക്ക് ഡൗണിനിടയിലും രാജ്യത്തെ കൊവിഡ് ബാധയുടെ നിരക്ക് ഉയരുന്നത് കണക്കിലെടുത്താണിത്.
"ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് നമുക്ക് അധികകാലം രോഗത്തെ പിടിച്ചു നിർത്താൻ ആകില്ല. കേസുകളുടെ എണ്ണം അതിവേഗം കൂടും. ഏതെങ്കിലും ഒരു നഗരത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കപ്പുറം രോഗികളുടെ എണ്ണം കൂടിയാൽ മരണ നിരക്ക് പിന്നെ കൂടുന്നത് രോഗികളുടെ എണ്ണം കൂടുന്നതിലും വേഗതിയിലാകും. ഇന്ത്യയിലെ വൻ നഗരങ്ങളിൽ സ്ഥിതി ആ വഴിക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന്" ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അടുത്ത ലോക്ക് ഡൗണിന് തയ്യാറെടുക്കുമ്പോൾ
മാർച്ച് ഇരുപത്തി നാലിനാണല്ലോ ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. നാളെ ജൂൺ എട്ടാം തീയതി ലോക്ക് ഡൗണിൽ ഏറെ ഇളവുകൾ വരികയാണല്ലോ. അന്താരാഷ്ട്ര വിമാനയാത്ര ഒഴിച്ച് മറ്റുള്ള മിക്കവാറും കാര്യങ്ങൾ ഒക്കെ ഇപ്പോൾ അനുവദിച്ചു തുടങ്ങി. നാളെ ആരാധനാലയങ്ങൾ, മാളുകൾ, റസ്റ്റോറന്റുകൾ ഒക്കെ തുറക്കുകയാണ്. കൊറോണയുടെ വളർച്ച തടയാൻ ചൈന ഉൾപ്പടെ അനവധി രാജ്യങ്ങളിൽ ഫലപ്രദമായി പ്രയോഗിച്ച തന്ത്രമാണ് ലോക്ക് ഡൌൺ എന്നത്.
ആദ്യകാലത്ത് പല രാജ്യങ്ങളും ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ലോക്ക് ഡൗൺ ചെയ്തില്ലെങ്കിൽ രോഗത്തിന്റെ വളർച്ച അതിവേഗതയിൽ കൂടുമെന്നുള്ള അറിവിന്റെ അടിസ്ഥാനത്തിൽ അവർ ലോക്ക് ഡൗണിലേക്ക് പോയി. ഇപ്പോൾ ലോക്ക് ടൗണിന്റെ ഫലമായി ചൈനയിൽ ഉൾപ്പടെ കേസുകളുടെ എണ്ണം ഏറെ കുറഞ്ഞു, നിയന്ത്രങ്ങൾ നീക്കി. ഇന്ത്യയിലെ കാര്യം പക്ഷെ വ്യത്യസ്തമാണ്. കേസുകളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടി വരികയാണ്.
ലോക്ക് ഡൗൺ രോഗത്തിന്റെ വളർച്ചയുടെ വേഗത കുറച്ചെങ്കിലും കേസുകളുടെ വളർച്ചയുടെ ട്രെൻഡ് മുകളിലേക്ക് തന്നെയാണ്. ലോക്ക് ഡൌൺ പിൻവലിച്ച ഇറ്റലിയിലും യു കെയിലും ഒക്കെ പത്തുലക്ഷത്തിന് മൂവ്വായിരത്തിനും ആറായിരത്തിനും ഇടക്കാണ് കേസുകൾ ഉണ്ടായിട്ടുള്ളത് (0.3 തൊട്ട് 0.6 ശതമാനം വരെ). ഇന്ത്യയിൽ ഇപ്പോൾ ഇത് 0.02 ശതമാനത്തിലും താഴെയാണ്. പക്ഷെ ഏറെ വലിയ ജനസംഖ്യ കാരണം ശരാശരി 0.1 ശതമാനം ആളുകൾക്കെങ്കിലും രോഗം വന്നാൽ തന്നെ പതിമൂന്നു ലക്ഷം ആളുകൾക്ക് രോഗം ഉണ്ടാകാം. മറ്റു സ്ഥലങ്ങളിലെ നിരക്കിൽ എത്തുകയാണെങ്കിൽ ഇന്ത്യയിൽ കേസുകളുടെ എണ്ണം പല ദശ ലക്ഷങ്ങൾ ആകും, വൈകാതെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആകാം.
ഈ ഒരു സാഹചര്യമാണ് നാം മുന്നിൽ കാണേണ്ടത്. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ പിൻവലിച്ച് നമുക്ക് അധികകാലം രോഗത്തെ പിടിച്ചു നിർത്താൻ ആകില്ല. കേസുകളുടെ എണ്ണം അതിവേഗം കൂടും. ഏതെങ്കിലും ഒരു നഗരത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കപ്പുറം രോഗികളുടെ എണ്ണം കൂടിയാൽ മരണ നിരക്ക് പിന്നെ കൂടുന്നത് രോഗികളുടെ എണ്ണം കൂടുന്നതിലും വേഗതിയിലാകും. ഇന്ത്യയിലെ വൻ നഗരങ്ങളിൽ സ്ഥിതി ആ വഴിക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റെയിൽ ഗതാഗതം പഴയത് പോലെ ആവുകയും ആഭ്യന്തര വിമാനസർവീസുകൾ കൂടുകയും ചെയ്യുന്നതോടെ ഏറെ കോവിഡ് ബാധിതർ ഉള്ള വൻ നഗരങ്ങളിൽ നിന്നും അതില്ലാത്തതും കുറവുള്ളതും ആയ പ്രദേശങ്ങളിലേക്ക് രോഗം പടരും. ആശുപത്രി സൗകര്യങ്ങൾ കുറച്ചെങ്കിലും ഉള്ള നഗരങ്ങളിൽ നിന്നും വലിയ തോതിൽ ആളുകൾ ആശുപത്രികൾ പോലുമില്ലാത്ത സ്ഥലങ്ങളിൽ എത്തുമ്പോൾ രോഗം പടരുന്നത് ഒരു പക്ഷെ അറിഞ്ഞെന്നു പോലും വരില്ല.
മരണസംഖ്യകൾ ഏറെ കൂടുമ്പോഴേ നമ്മൾ സമൂഹവ്യാപനം ഒക്കെ തിരിച്ചറിയൂ. ഇതൊക്കെയാണ് ഇപ്പോൾ എന്റെ ഉറക്കം കെടുത്തുന്നത്. കാര്യങ്ങൾ ശരിയാവുന്നതിന് മുൻപ് കൂടുതൽ കുഴപ്പത്തിലാകും എന്നുറപ്പാണ്. ജൂലൈയിലോ ഓഗസ്റ്റിലോ ഒക്കെ കാര്യങ്ങൾ നിയന്ത്രണത്തിൽ ആകും എന്നുള്ള ഒരു പ്രതീക്ഷക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ല.
അതുകൊണ്ടു തന്നെ പ്രാദേശികമായി കേസുകൾ ഏറെ കൂടുമെന്നും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകും എന്ന് കരുതി വേണം ഇനിയുള്ള ദിവസങ്ങളിലെ തീരുമാനങ്ങൾ എടുക്കാൻ. ഒന്നാമത്തെ ലോക്ക് ഡൗണിലെ പാഠങ്ങൾ രണ്ടാമത്തെ ലോക്ക് ഡൗണിൽ പ്രയോജനം ചെയ്യുമെന്ന് കരുതുക.
സുരക്ഷിതരായിരിക്കുക