മുബൈ:- കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം ചൈനയെ മറികടന്നതൊന്നും സംസ്ഥാനത്ത് ലോക്ഡൗൺ ഇളവ് ലഭിച്ചപ്പോൾ ജനങ്ങൾ ഗൗനിച്ചിട്ടില്ല. ആശങ്കാ ജനകമായ ആരോഗ്യാവസ്ഥ നിലനിൽക്കുമ്പോഴും അവർ രണ്ടര മാസം മുൻപ് നിർത്തിയ പതിവ് പ്രഭാത നടത്തവും ജോഗിങ്ങുമെല്ലാമായി വീണ്ടും നഗരവീഥിയിലേക്കിറങ്ങി. വൻ തിരക്കാണ് മുംബയിലെ ഉദ്യാനങ്ങളിലും ബീച്ചുകളിലും ഉണ്ടായിട്ടുള്ളത്.
നിലവിൽ 85,975 പേർക്കാണ് ഇതുവരെ മഹാരാഷ്ട്രയിൽ കൊവിഡ് പോസീറ്റീവായത്. എന്നാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുന്ന ഭാഗമായി മഹാരാഷ്ട്ര സർക്കാർ 'മിഷൻ ബിഗിൻ എഗെയിൻ' എന്ന പേരിൽ വ്യായാമത്തിന് ഇളവ് അനുവദിച്ചിരുന്നു. പ്രഭാതനടത്തവും ഓട്ടവും ജോഗിങ്ങും സൈക്കിൾ സവാരിയും പോലുള്ള ഉല്ലാസ നടത്തം പൊതു സ്ഥലങ്ങളായ ബീച്ചുകളിലും ഉദ്യാനങ്ങളിലുമെല്ലാം അനുവദിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങൾ കൂട്ടമായി പൊതു ഇടങ്ങളിൽ ഇറങ്ങി തുടങ്ങിയിട്ടുണ്ട്.ഇന്ന് മുതൽ മുംബയിൽ സ്വകാര്യ ഓഫീസുകൾക്കും ആവശ്യത്തിനനുസരിച്ച് 10 ശതമാനം വരെ ജീവനക്കാരുമായി പ്രവർത്തനം തുടങ്ങാം. മറ്റുള്ള ജീവനക്കാർ വീട്ടിലിരുന്നുള്ള ജോലി മതിയാകും.