child

ലോകം ഒരു അഗ്നിപർവതവിസ്ഫോടനത്തിന്റെ ലാവാ പ്രവാഹത്തിൽ ഉരുകി ഒലിച്ചു കൊണ്ടിരിക്കുമ്പോൾ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന, അനവധാനതയോടെ സമീപിക്കുന്ന ഒന്നാണ് കുട്ടികളിലെയും യുവാക്കളിലെയും കൊവിഡ്19. കൊവിഡ് വാർത്തകളുടെ അതിപ്രസരം ഉള്ള ഈ കാലത്ത് മുതിർന്നവരിൽ നിന്നും രോഗ ഭയവും അമിത ആകാംക്ഷയും കുട്ടികളിലേക്കും പടരാം. തന്റെ കൂട്ടുകാരിൽ നിന്നും വിട്ടുനിൽക്കേണ്ടി വരികയും വീടിന്റെ നാലു ചുമരുകൾക്കിടയിൽ തളച്ചിടപ്പെടുകയും ചെയ്യുമ്പോൾ മാനസിക വിഷമം കുട്ടികളിൽ ഉണ്ടാകുക സാധാരണമാണ്. പക്ഷെ അത് ഒരു രോഗവസ്ഥയുടെ നിലയിൽ എത്തുകയും മാനസികരോഗം പോലെ ആകുകയും ചെയ്യാം.

അങ്ങനെഒരു സ്ഫോടനാത്മക നിലയിലേക്ക് കാര്യങ്ങൾ പോകാതെ നോക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. അതിനാൽ മാനസികസംഘർഷ ലക്ഷണങ്ങൾ കുട്ടികളിൽ ഉണ്ടോ എന്ന് നിരീക്ഷിക്കണം. ഉണ്ടെങ്കിൽ പ്രതിവിധി തേടണം. മാനസികരോഗ നിലയിലേക്ക് എത്താതിരിക്കാനുള്ള മുൻ കരുതൽ എടുക്കുകയും വേണം. കൊവിഡ് പോലെയുള്ള ദുരന്തങ്ങൾ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നത് വളരെ സങ്കീർണമായ കാര്യമാണ്. ദുരന്ത മുഖത്ത് കുട്ടികൾ എങ്ങിനെ പ്രതികരിക്കുന്ന എന്നും അത് ഒരു മാനസിക സംഘർഷത്തിലെക്കു വളരാതിരിക്കാൻ എന്തൊക്കെ ചെയ്യണം എന്നും നമുക്കൊന്നു നോക്കാം.

ആശങ്കകൾ മറികടക്കാൻ ശാസ്ത്രീയ സമീപനം അനിവാര്യം. പഴകിയ ചിന്തകളിലൂടെയും വ്യക്തതയില്ലാത്ത വിവരങ്ങളിലൂടെയും ഇന്ന് യുവതയെ നിയന്ത്രിക്കാനോ നന്നാക്കാനോ സാധിക്കില്ല. കാലത്തിനനുസരിച്ച് രക്ഷിതാക്കളും
കോലം മാറേണ്ടതുണ്ട്. എന്തു കൊണ്ട്? ദുരന്തങ്ങളും രോഗഭീതിയും എന്തു കൊണ്ടാണ് കൂട്ടികളെ കൂടുതൽ
സംഘർഷഭരിതരാക്കുന്നത്. കുട്ടികൾ മുതിർന്നവരെക്കാൾ വൈകാരികമായി പ്രതികരിക്കാനുള്ള കാരണങ്ങൾ ഇവയാണ്.

1.ദുരത്തെ കുറിച്ചും രോഗത്തെ കുറിച്ചും ശരിയായി മനസിലാക്കാനുള്ള
കഴിവില്ലായ്മ
2. സംഭവങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ.
3. സംഘർഷഭരിതമായ സംഭവങ്ങൾ നേരിട്ട പരിചയമില്ലായ്മ.
4. ഭയവും ആകാംക്ഷയും മറ്റുള്ളവരുമായി പങ്കുവക്കാനുള്ള കഴിവില്ലായ്മ. കൂടാതെ മുൻപ് ഭുരന്തങ്ങൾ ഏറെറടുക്കേണ്ടിവന്നിട്ടുള്ളവരും മാനസിക, വൈകാരിക, ബുദ്ധിപരമായ അസുഖങ്ങളുള്ളവരും കൂടുതൻ പ്രശ്നബാധിതരാകാൻ സാധ്യതയുള്ളവരാണ്.

കുട്ടികളിലെ മാസസിക സംഘർഷ ലക്ഷണങ്ങൾ

പ്രായഭേദത്തിനനുസരിച്ച് ലക്ഷണങ്ങൾ വ്യത്യസ്ഥമാകാം. സാമാന്യത്തിൽ കൂടിയ വിഷമം വിഷാദം, വിശപ്പില്ലായ്മ അമിതാഹാരം ഉറക്കമില്ലായ്മ ആശ്രദ്ധ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ആവശ്യമില്ലാതെയുള്ള കരച്ചിൽ നിർബന്ധം പിടിക്കൽ എന്നിവയാണ് ശിശുക്കളിലെ ലക്ഷണങ്ങളെങ്കിൽ , പ്രീസ്കൂൾ കുട്ടികളിൽ അവർ നേടിയ നല്ല ശീലങ്ങൾ നഷ്ടമാകുന്നതാണ് കാണാറുള്ളത്. ഉദാഹരണത്തിനു മലമൂത്രവിസർജനത്തിനു നേടിയ നിയന്ത്രണം നഷ്ടമാകൽ. അനുസരയില്ലായ്മ, രക്ഷിതാക്കളെ നഷ്ടപ്പെടുമെന്ന ഭീതി, കളികളിലെ താൽപര്യ കുറവ് എന്നിവയും ലക്ഷണങ്ങളായി കാണാറുണ്ട് കൗമാരക്കാരിൽ എതിർപ്പ്, നിയന്ത്രണമില്ലാത്ത ചുറ്റിക്കറക്കം ലഹരി ഉപയോഗം അക്രമവാസന ശാരീരിക വേദന, ഇല്ലാത്ത അസുഖം ഭാവിക്കൽ, മുൻപ് ഇഷ്ടപ്പെട്ടു ചെയ്തിരുന്ന കാര്യങ്ങളിൽ താൽപ്പര്യം കാണാതിരിക്കൽ എന്നിവയും കാണാം. ചില കുട്ടികളിലെ ആകാംക്ഷ അസുഖതലത്തിലേക്ക് എത്താം.

അസുഖതലത്തിലെത്തിയ ആകാംക്ഷ

സാധാരണ പ്രായത്തിൽ മാറേണ്ട പേടിയും ഭയവും വളരുന്നതിനനുസരിച്ച് മാറുന്നില്ലെങ്കിലോ, അല്ലെങ്കിൽ അവ ദിനചര്യകളെ ബാധിക്കുന്ന രീതിയിലും ആയാൽ അസുഖരിതിയിലുള്ള ആകാംക്ഷ എന്നു പറയാം. ചില പ്രത്യേക വസ്തുവിനെയോ സ്ഥലത്തെയോ ഭയപ്പെടുക, ഭാവിയെ കുറിച്ചു വ്യാകൂലപ്പെടുക പെട്ടെന്നുണ്ടാകുന്ന അപ്രതീക്ഷിത ടെൻഷൻ, പേടി , ചങ്കിടിപ്പ് ശ്വാസതടസം, തലകറക്കം, അമിത വിയർപ്പ് മുതലായ അററാക്കുകളും അമിത ആകാക്ഷയുടെ ലക്ഷണങ്ങളാകാം. പേടിയോ ആധിയോ ആയി ഉണ്ടാകുന്നതു പോലെ ദേഷ്യം അധിക അസ്വസ്ഥത എന്നീ ലക്ഷണത്തോടെയും അസുഖതലത്തിലുള്ള ആകാംക്ഷയുണ്ടാകാം.

വിഷാദരോഗ ലക്ഷണങ്ങൾ
വല്ലപ്പോഴുമൊക്കെ കുട്ടികൾ വിഷാദചിത്തരാകുന്നത് അസാധാരണമല്ല. എന്നാൽ ഒരു കാര്യത്തിലും താൽപ്പര്യമില്ലാതെ എപ്പോഴും വിഷമിച്ചിരിക്കുന്നെങ്കിൽ തീർച്ചയായും വിഷാദ രോഗമാണെന്ന് വിചാരിക്കണം. കുട്ടികളിലെ ചില വിഷാദരോഗ ലക്ഷണങ്ങൾ പ്രതീക്ഷ നഷ്ടപ്പെട്ട പോലത്തെ പ്രവൃത്തി, ജീവിതത്തിലെ രസങ്ങൾ ആഘോഷിക്കാനുള്ള വൈമുഖ്യം, ഉറക്ക വ്യതിയാനങ്ങൾ, എപ്പോഴും ക്ഷീണിതനായിരിക്കുക, ശ്രദ്ധക്കുറവ് സ്വയം മുറിവേൽപ്പിക്കാനുള്ള വാസന കൂടുതൽ കുട്ടികളും തങ്ങളുടെ വിഷമം പ്രകടിപ്പുക്കുകയോ പറയുകയോ ചെയ്യില്ല. അതുകൊണ്ട് അവരെ മടിയന്മാരോ, കുഴപ്പമുണ്ടാക്കുന്നവരോ ആയിട്ടായിരിക്കും വീട്ടുകാർ മനസിലാക്കുക.

പരിഹാര മാർഗങ്ങൾ

മാനസിക സംഘർഷം ദുരന്താനുഭവത്തിന്റെ ഭാഗമാകുന്നത് അത്തരത്തിലും മാനസിക രോഗതലത്തിലെത്തുന്നതിനെ അത്തരത്തിലും പ്രതിരോധിക്കയും ചികിത്സിക്കുകയും ചെയ്യണം. ശാരീരിക അകലം പാലിക്കുന്നതിന്റെയും ഐസൊലേഷന്റെയും ഭാഗമായി കുട്ടികൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം മുൻകൂട്ടി പ്രതിരോധിക്കണം. കുട്ടി ശാരീരിക അകലത്തിലാണെങ്കിലും മാനസിക അടുപ്പത്തിനുള്ള മാർഗങ്ങൾ കണ്ടെത്തണം.

മുതിർന്നവരുടെ മേൽനോട്ടത്തിൽ സോഷ്യൽ മീഡിയയിൽ കൂടി കൂട്ടുകാരോട് ബന്ധപ്പെടാൻ സഹായിക്കാവുന്നതാണ്. പക്ഷെ സോഷ്യൽ മീഡിയയുടെ ഉപയോഗം രക്ഷിതാക്കൾ നിരന്തരം നിരീക്ഷിക്കുകയും വേണം. ശരിരമാദ്യം ഖലൂധർമസാദനം എന്ന ആപ്ത വാക്യം പറയുന്നതു പോലെ ശരീരത്തെ ആദ്യം തന്നെ സംരക്ഷിക്കേണ്ടതാണ്. അവധിയും വിശ്രമവുമാണെങ്കിലും ദിനചര്യകൾക്കും കളികൾക്കും പഠനത്തിനും വ്യായാമത്തിനും ഒരു ദിനചര്യ ഉണ്ടാക്കണം. ഉറങ്ങാനും ഉണരാനും ചിട്ടയുണ്ടാകണം. ഉണരുന്നതിന് നിത്യേന അരമണിക്കൂറിൽ കൂടുതൽ വ്യതിയാനം വരാതെ നോക്കണം.

ദിനചര്യകളിൽ ആവശ്യത്തിന് ഇടവേളകളും ഉല്ലാസ പ്രവത്തനങ്ങളും വ്യായാമവും ഉൾപ്പെടുത്തണം. വിനോദത്തിലുടെ പഠനത്തിനുള്ള മാർഗങ്ങളും കണ്ടെത്തണം. ഓരോ കൂട്ടിയുടെയും പ്രായത്തിനനുസരിച്ചു വേണം കളികളും വിനോദത്തിലൂടെയുള്ള പഠനവും സോഷ്യൽ മീഡിയയും ക്രമീകരിക്കേണ്ടത്. ചില ഉദാഹരണങ്ങൾ ഇംഗ്ലീഷും ഗ്രാമറും നന്നാക്കാൻ കുടുംബാങ്ങൾക്ക് കത്തെഴുതാൻ പ്രേരിപ്പിക്കാം. നുറുങ്ങു കവിതകളും കഥകളും എഴുതാം.

മാസികകളിലേക്ക് ഇമെയിലായി അയച്ചു കൊടുക്കാം. വീട്ടിൽ തന്നെ ഒരു കയ്യെഴുത്തു മാസിക
തുടങ്ങാം. ബന്ധു വീടുകളുമായി ഒരു സൂം മീറ്റിംഗ് തന്നെ നടത്താം. മലയാള ഭാഷാ ജ്‌ഞാനം കൂട്ടാൻ ഈ സമയം ഉപയോഗപ്പെടുത്താം. അധികമായി ഒരു ഭാഷകൂടിപഠിക്കുന്നത് അത്മാഭിമാനം വളർത്താൻ സഹായിക്കും. ദുരന്ത സന്ദർഭങ്ങളെ കുറിച്ച് കുട്ടികൾക്ക് എന്തൊക്കെ അറിവുകൾ നൽകണം എന്ന് ശാസ്ത്രീയമായിമനസിലാക്കണം. ഇക്കാലത്ത് പലകാര്യങ്ങളും പലസ്ഥലത്തു നിന്നും ലഭിക്കുമെങ്കിലും തെറ്റും ശരിയും കുട്ടികൾക്ക് വേർതിരിച്ചുനൽകേണ്ടത് നമ്മളാണ്ശാന്തമായും സാന്ത്വന രൂപത്തിലുമാകണം വിവരങ്ങൾ നൽകേണ്ടത്.

ടി.വിയിലുംമറ്റു മിഡിയകളിലും അവർ എന്തു കാണുന്നു എന്ന് ശ്രദ്ധിക്കണം. ആവശ്യത്തിൽ കൂടുതൽ വാർത്തകൾ കാണുന്നത് ആകാംക്ഷ കൂട്ടാൻ ഇടയാക്കും. ലളിതമായും പ്രായതലമനുസരിച്ചും രോഗ കാര്യങ്ങളും പ്രതിരോധ
നടപടികളും പറഞ്ഞു മനസിലാക്കണം. അരോഗാവസ്ഥ മാത്രമല്ല ആരോഗ്യം. സമ്പൂർണ ശാരീരിക, മാനസിക സാമൂഹിക സുസ്ഥിതി കൂടിയാണ്. അതിനാൽ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക സാമൂഹിക സൂസ്ഥിതിയും സുരക്ഷിതമാക്കുന്ന രീതിയിലാകണം ജീവിത ക്രമം.

രോഗാവസ്ഥയായ ആകാംക്ഷയുടെയയും വിഷാദത്തിന്റെയും ചികിത്സ.

ആകാംക്ഷയും വിഷാദവും രോഗാവസ്ഥയിൽ എത്തിയിട്ടുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ സഹായം തേടണം. കുട്ടികളുടെ ന്യൂറോളജിസ്റ്റ്, ശിശുരോഗ വിദഗ്ദൻ, സൈക്കിയാട്രിസ്റ്റ്, എന്നിവരുടെ സഹായം തേടണം. അസുഖലക്ഷണങ്ങൾ മററസുഖങ്ങളിൽ നിന്നും വേർതിരിച്ച് അറിയേണ്ടതുണ്ട്. മരുന്നു ചികിൽസയും മാനസിക ആരോഗ്യ ഉപദേശവും വേണ്ടി വരും. ബിഹേവിയർ തെറാപ്പി (സ്വഭാവരൂപീകരണ ചികിത്സ) യിൽ കുട്ടിയേയും കുടുംബത്തേയും ഉൾപ്പെടുത്തിയുള്ള തെറാപ്പി ക്രമങ്ങൾ വേണ്ടി വരും.

അദ്ധ്യാപകരെയും ഈ ചികിത്സാ രീതിയിൽ ഉൾപ്പെടുത്തണം. ആകാംക്ഷഉണർത്തുന്ന സന്ദർഭങ്ങളെ സമീപിക്കുന്നതോടൊപ്പം പടി പടിയായി അങ്ങനെയുള്ളവയിലേക്കു് സമീപിക്കാൻ കുട്ടികളെ
ശീലിപ്പിക്കുകയും വേണം. അസുഖ ലക്ഷണങ്ങൾ നേരിടുന്നതിനു ചിട്ടയായ ജീവിതക്രമം വേണമെന്നതു പോലെ തന്നെയാണ് ശരിയായ ആഹാര ശീലങ്ങളും. ഒരു മണിക്കൂറെങ്കിലുമുള്ള വ്യായാമ മുറകൾ ആവശ്യത്തിനുള്ള ഉറക്കം മനസിനെ റിലാക്സ് ചെയ്യുന്നതിനുള്ള വ്യായാമങ്ങൾ എന്നിവയെല്ലാം ദിനേന ഉൾപ്പെടുത്തണം.

ദുരന്തമുഖത്ത് എങ്ങിനെ?

ഭുരന്താവസ്ഥയെ നല്ല രീതിയിൽ സമീപിക്കുന്നതിന് നാം സജ്ജരാണ് എന്ന്
കുട്ടിയെ മനസിലാക്കണം. മുൻകൂട്ടി തന്നെ കുട്ടികളോട് അവരെ എങ്ങനെയൊക്കെ ഒരു ദുരന്തമുണ്ടായാൽ സംരക്ഷിക്കുമെന്ന് മനസിലാക്കിയിരിക്കണം. നമുക്ക് ഒരു മുൻകൂർ പ്ലാൻ ഉണ്ടെന്നും അത് നമ്മുടെ നിർദ്ദേശാനൂസരണം നടപ്പാക്കപ്പെടുമെന്നും മനസിലാക്കുക. ദുരന്താവസ്ഥയോ രോഗാവസ്ഥയോ ഉണ്ടാകുമ്പോൾ ശാന്തമായും ഉറപ്പോടും നേരിടുക.

എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് കുട്ടിയുടെ പ്രായം അനുസരിച്ചു ലളിതമായി പറഞ്ഞു കൊടുക്കുക. അവർക്കും സംസാരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും അവസരം കൊടുക്കുക. ദുരന്തമൂഖത്താണെങ്കിൽ അവരുടെതായ രീതിയിൽ സഹായം ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാക്കുക.

ഒമ്പത് വരെ ഒന്നിച്ച് പഠിച്ചു. സോഷ്യൽ മീഡിയയിൽ കളിയാക്കി എന്ന പേരിൽ അഖിൽ എന്ന വിദ്യാർത്ഥിയെ രണ്ട് സഹപാഠികൾ വെട്ടിക്കൊന്ന് കുഴിച് മൂടി. നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത് ഈ കോ വിഡ് 19ന്റെ കാലത്താണ്.) തന്നെ സഹായിച്ചവൃദ്ധ ദമ്പതികളെ അതിദാരുണമായി വധിച്ചത് ചെറുപ്പത്തിലെ മുതൽ അധിക വികൃതി യും സ്വഭാവവൈകല്യവും ഉള്ള ആളായിരുന്നു. പല രീതിയിലുള്ള ബോധവൽക്കരണങ്ങൾ നടക്കുന്നുണ്ടെങ്കിലും അവ ഉദ്ദേശിച്ച രീതിയിൽ ഫലപ്രാപ്തിയിലെത്തുന്നുണ്ടോ എന്ന് കുട്ടികളുടെ അക്രമ വാസനകളിൽ നിന്നും സോഷ്യൽ മീഡിയയിലെ കുട്ടികളുടെ പെരുമാറ്റത്തിൽ നിന്നും പലപ്പോഴും സംശയം തോന്നാറുണ്ട്. സാമൂഹ്യ ബോധമുള്ളവരായി കുട്ടികൾ
വളരുന്നില്ല എന്നത് മുതിർന്നവരുടെ പരാജയം തന്നെയാണ്.

കാമക്രോധ മദമാത്സര്യ അസൂയ ഈർഷ്യ തുടങ്ങിയ ദോഷങ്ങൾ ദൂരികരിക്കാൻ പ്രാപ്തമായ ധാർമിക ശിക്ഷണം വരും തലമുറക്ക് നൽകണം. നല്ല ശീലങ്ങളും നല്ല ചിന്തകളുമായി നമ്മുടെ കൂട്ടികൾ വളരട്ടെ. മുള്ളിന്റെ മൂട്ടിൽ മുള്ളെ
മുളക്കൂ. കാഞ്ഞിരക്കുരു വിതച്ചിട്ട് മധുരമുള്ള പഴം പറിക്കാമെന്ന് വ്യാമോഹിക്കരുത്. ഏതായാലും മുതിർന്നവർ കുട്ടികൾക്ക് ഒരു റോൾ മോഡൽ ആവുക. ശരിയായ ആരോഗ്യ ശീലം ഉള്ളവരും മററുള്ളവരെ കരുതുന്നവരും ആയി നമ്മുടെ യുവജനതയെ സജ്ജരാക്കാം. ഏതു ദുരന്തവും ഒരു നല്ല ജീവിത രീതിക്കു് നമ്മെ പ്രാപ്തരാക്കട്ടെ. ഇരുട്ടിലും നമുക്ക് വെളിച്ചം കണ്ടെത്താം

പ്രൊഫസർ . ഡോ. പി.എ. മുഹമ്മദ്‌ കുഞ്ഞ്
സീനിയർ കൺസൾട്ടന്റ് പിഡിയാട്രിക് ന്യൂറോളജി

കിംസ് ഹോസ്പിറ്റൽ
തിരുവനന്തപുരം