ഗുവാഹത്തി:- അസമിലെ ഗുവാഹത്തിയുടെ അതിർത്തി പ്രദേശത്ത് ജനവാസമേഖലയിൽ ഇറങ്ങിയ പുള്ളിപ്പുലിയെ നാട്ടുകാരിൽ ചിലർ ചേർന്ന് തല്ലിക്കൊന്നു. ആരോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിവരം പുറം ലോകമറിഞ്ഞത്. പുലിയുടെ ജഡവുമായി ജനങ്ങൾ ആഹ്ളാദപ്രകടനവും നടത്തി.
ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പുലി കെണിയിൽ വീണെന്ന വിവരമറിഞ്ഞ് വനം വകുപ്പ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും പുലി രക്ഷപ്പെട്ടിരുന്നു. പുലിയുടെ പിന്നാലെ വനത്തിലേക്ക് പോയ ചില നാട്ടുകാർ അവിടെ റിസർവ് വന മേഖലയിൽ വച്ച് പുലിയെ പിടികൂടി കൊലപ്പെടുത്തുകയായിരുന്നു.
പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന ആറുപേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത മറ്റുള്ളവർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ കൃത്യസമയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്വാഭാവിക വാസസ്ഥലം നഷ്ടമാകുന്നതോടെ ജനവാസ മേഖലകളിൽ വന്യമൃഗങ്ങളിറങ്ങി നാശം വിതക്കുന്നത് രാജ്യത്ത് തുടർകഥയാകുകയാണ്.