കൊച്ചി: കൊവിഡ് വൈറസ് പ്രതിസന്ധി കാലഘട്ടത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി എത്തിയിരിക്കുകയാണ് ഓണ്‍ലൈന്‍ ധനകാര്യ സേവന പ്ലാറ്റ്‌ഫോമായ പേടിഎം. 225 രൂപയുടെ കുറഞ്ഞ പ്രീമിയത്തില്‍ കൊവിഡ് വൈറസ് കവറേജുള്ള രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയാണ് പേടിഎം നല്‍കുന്നത്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് പേടിഎം പോളിസി അവതരിപ്പിക്കുന്നത്.
കൊവിഡ് വൈസ് പരിശോധന ഫലം പോസറ്റീവ് ആയാല്‍ 14 ദിവസത്തെ ക്വാറന്റൈന്‍ ചെലവിനുള്‍പ്പടെ കവറേജ് ലഭിക്കും. മിതമായ നിരക്കിലുള്ള പ്ലാനില്‍ ഇന്‍ഷുറൻസ് തുകയുടെ 100 ശതമാനവും ഉപഭോക്താവിന് ലഭിക്കുന്നു. സാമ്പത്തിക സഹായത്തിനായി രോഗം പൂര്‍ണമായും ഭേദമാകും വരെ രോഗിക്ക് ഈ പോളിസി വഴി കാത്തിരിക്കേണ്ടി വരില്ല. മൂന്നു മാസം മുതല്‍ 60 വയസുവരെയുള്ളവര്‍ക്ക് പോളിസി പരിരക്ഷ ലഭിക്കും.
25,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപവരെയാണ് ഉറപ്പു നല്‍കുന്ന ഇന്‍ഷുറന്‍സ് തുകയെന്നും പേടിഎം അറിയിച്ചു. പോളിസി ആരംഭിച്ച തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചവരെ കവറേജില്‍ ഉള്‍പ്പെടുത്തില്ല. ക്ലെയിമിനായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.