വർഷങ്ങളിത്ര കഴിഞ്ഞിട്ടും മഷിയുണങ്ങാത്ത ഒരു കൈയൊപ്പ് ‘കേരളകൗമുദി’യിൽ ഞാൻ കാണുന്നു. കേരളകൗമുദിയുടെ ആത്മാവായി പ്രവർത്തിച്ച എൻ. രാമചന്ദ്രൻ സാറിന്റെ കൈയൊപ്പ്. ഇനിയും വർഷങ്ങളോളം ആ ഒപ്പ് അവിടെ തുടിച്ചു നിൽക്കും. കാരണം, അത്ര വലുതാണ് അദ്ദേഹം അവിടെ നീക്കിയിരിപ്പായി വച്ചിട്ടുപോയ പത്രാധിപ പൈതൃകം.
മുപ്പതോ മുപ്പത്തഞ്ചോ വർഷമാകും ഒരാൾക്ക് ഒരു പത്രം ഓഫിസിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുക. എന്നാൽ രാമചന്ദ്രൻ കേരള കൗമുദിയിൽ 62 വർഷം പ്രവർത്തിച്ചു. കേരളത്തിലെ മറ്റൊരു പത്രപ്രവർത്തകനും ഇല്ലാത്ത റെക്കോർഡ്.
കേരളത്തിൽ ഏറ്റവും കൂടുതൽ മുഖപ്രസംഗങ്ങൾ എഴുതിയിട്ടുള്ളതും രാമചന്ദ്രനാവണം. സി.വി. കുഞ്ഞുരാമൻ, കെ.സി. മാമ്മൻ മാപ്പിള, സി.എച്ച്. കുഞ്ഞപ്പ എന്നീ പേരുകൾ ഓർത്തു നോക്കിയെങ്കിലും അവരുടെ പത്രങ്ങളൊന്നും ആദ്യം ദിനപത്രങ്ങളായിരുന്നില്ലല്ലോ. വി. കരുണാകരൻ നമ്പ്യാരെ ഇതിൽ കൂട്ടാനും വയ്യ. അദ്ദേഹം എന്നും മുഖപ്രസംഗത്തിന്റെ ആദ്യപാതി മാത്രമാണല്ലോ എഴുതിയിരുന്നത്. ബാക്കി പൂരിപ്പിക്കുന്നതു കേൾക്കാനും സംസാരിക്കാനും കഴിവില്ലാതിരുന്ന ടി.വി. അച്യുതവാരിയരായിരുന്നല്ലോ.
പലരും രാമചന്ദ്രനെ ഓർത്തിരിക്കുക ചില മുഖപ്രസംഗങ്ങളുടെയും പംക്തികളുടെയും പേരിലായിരിക്കുമെങ്കിലും എന്റെ മനസ്സിലേക്ക് ആദ്യം വരുന്നത് അറുപത്തിയൊന്നു വർഷം മുമ്പ് അദ്ദേഹവും കെ. ബാലകൃഷ്ണനും കൂടി പങ്കുചേർന്നെഴുതിയ ഒരു റിപ്പോർട്ടാണ്: എണ്ണം പറഞ്ഞ ഒരു സ്കൂപ്.
കമ്യൂണിസ്റ്റ് പാർട്ടി ജനാധിപത്യ രീതിയിലുള്ള വോട്ടെടുപ്പിലൂടെ ആദ്യമായി അധികാരത്തിൽ വരുന്നതു കേരളത്തിലല്ലെന്ന് ആ ഗവൺമെന്റിനെ നയിച്ച ഇ.എം.എസ്. നമ്പൂതിരിപ്പാടു തന്നെ പറഞ്ഞിട്ടുണ്ട്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുന്നതിനു നാലു വർഷം മുമ്പ്, 1953ൽ ദക്ഷിണ അമേരിക്കയിൽ അറ്റ്ലാന്റിക് തീരത്തെ ഗയാനയിൽ തിരഞ്ഞെടുപ്പിലൂടെ ഇന്ത്യൻ വംശജനായ ഡോ. ഛെഡ്ഡി ജഗാൻ എന്ന കമ്യൂണിസ്റ്റ് പ്രധാനമന്ത്രി അധികാരത്തിൽ വന്നിരുന്നു. അതിനു മുമ്പ് 1945ൽ ഇറ്റലിക്കടുത്തു സാൻമാറിനോയിൽ ഒരു കമ്യൂണിസ്റ്റ് കൂട്ടുകക്ഷി ഗവൺമെന്റും.
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ മുഖപത്രമായ ‘ഗ്രന്ഥാലോക’ത്തിൽ രാമചന്ദ്രൻ 2004ൽ എഴുതിയ ഒരു ലേഖനമാണ് സ്കൂപ്പിന്റെ കഥയിലേക്ക് എന്നെ എത്തിച്ചത്. പക്ഷേ, ഇഎംഎസ് മന്ത്രിസഭയിലെ ചില അംഗങ്ങളുടെ പേരുകൾ സ്കൂപ്പായി കിട്ടി എന്നൊരു വാചകം മാത്രമാണ് അതിലുണ്ടായിരുന്നത്.
ചില മന്ത്രിമാരുടെ പേരുകൾ ഒരു സ്കൂപ് ആകുന്നതെങ്ങനെയാണ്? ഇഎംഎസ്, ടി.വി. തോമസ്, സി. അച്യുതമേനോൻ തുടങ്ങിയ പേരുകൾ ഏതു പൊട്ടക്കണ്ണനും പറയാവുന്നതായിരുന്നില്ലേ എന്നു ലേഖനം വായിച്ച ഞാൻ രാമചന്ദ്രനോടു ചോദിച്ചു.
‘‘അല്ല, മുഴുവൻ പേരുകളും ഞങ്ങൾക്കു കിട്ടിയിരുന്നു. ഗ്രന്ഥാലോകത്തിലേക്കുള്ള ലേഖനത്തിൽ അങ്ങനെ തന്നെയാണ് ഞാൻ എഴുതിയിരുന്നതും. പക്ഷേ, അവിടെ ആ ലേഖനം കൈകാര്യം ചെയ്ത സബ് എഡിറ്റർക്ക് അതത്ര വിശ്വാസമായില്ല. എല്ലാ മന്ത്രിമാരുടെയും പേരുകൾ ചോർത്തിക്കിട്ടാൻ സാധ്യതയില്ലെന്ന് അയാൾ കരുതിക്കാണണം. ‘എല്ലാ’ എന്നതു വെട്ടി അയാൾ ‘ചില’ എന്നാക്കി’’– രാമചന്ദ്രൻ പറഞ്ഞു.
എന്നിട്ടു രാമചന്ദ്രൻ ആ സ്കൂപ്പിന്റെ കഥ പറഞ്ഞു.
മന്ത്രിമാരെ തിരഞ്ഞെടുക്കാൻ പാർട്ടി നേതാക്കൾ സമ്മേളിച്ചതു കൊച്ചിയിലാണ്. കായലിന് അഭിമുഖമെങ്കിലും ‘സീവ്യൂ’ എന്നു പേരിട്ടിരുന്ന ഹോട്ടലിലായിരുന്നു നേതാക്കളിൽ പലരും താമസിച്ചിരുന്നത്. ഇന്നത്തെ ‘സീലോർഡ്’ ഹോട്ടലിന് അടുത്തുണ്ടായിരുന്ന ഈ ഹോട്ടൽ ആർഎസ്പി നേതാവ് പ്രാക്കുളം ഭാസിയുടെ വകയായിരുന്നു.
മന്ത്രിമാരുടെ പേരുകൾ ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പു ചോർത്തിയെടുക്കാൻ മിടുക്കരായ രണ്ടു പത്രപ്രവർത്തകരും അന്നു ‘സീവ്യൂ’വിൽ തമ്പടിച്ചിരുന്നു. കേരള കൗമുദിയിലെ കെ. ബാലകൃഷ്ണനും എൻ. രാമചന്ദ്രനും.
പക്ഷേ, പേരുകൾ ഇരുമ്പുമറയ്ക്കിപ്പുറം വന്നില്ല. നിരാശരായ ബാലകൃഷ്ണനും രാമചന്ദ്രനും മടങ്ങിപ്പോകാൻ തീരുമാനിച്ചു. മുറിയൊഴിഞ്ഞു വണ്ടിക്കായി കാത്തു നിൽക്കുമ്പോൾ ബാലന്റെ തോളത്ത് ഒരു കരസ്പർശം. പന്തളം പി.ആർ. ആണ്. ആലോചനാ യോഗത്തിൽ പങ്കെടുത്ത ശേഷം തിരിച്ചു പോവുകയാണദ്ദേഹം.
‘‘നിങ്ങൾ തിരുവനന്തപുരത്തേക്കാണെങ്കിൽ ഞാനും കൂടി കയറട്ടെ. എന്നെ ആലപ്പുഴയിൽ ഇറക്കിയാൽ മതി.’’
ബാഗ് എടുക്കാനായി നേതാവു പോയപ്പോൾ രാമചന്ദ്രൻ ബാലനോട് അടക്കം പറഞ്ഞു: പിആറിനെ മുൻസീറ്റിലിരുത്തിയാൽ മതി. പിന്നിലിരുന്നു നമുക്കു മന്ത്രിമാരുടെ പേരിനെച്ചൊല്ലി തർക്കിക്കാം.
വണ്ടി നീങ്ങവേ ആദ്യത്തെ തർക്കവിഷയം. ആരാവും മുഖ്യമന്ത്രി, ഇഎംഎസോ ടി.വി. തോമസോ? ബാലനും രാമചന്ദ്രനും ഓരോ നേതാക്കളുടെ പക്ഷംചേർന്നു വാക്പയറ്റ്. തർക്കം മൂത്ത് അടി ആവണ്ട എന്നു കരുതിയാകണം പിആർ ഇടപെട്ടു:
‘‘മുഖ്യമന്ത്രിയുടെ കാര്യം പറഞ്ഞു നിങ്ങളിങ്ങനെ വെറുതെ തർക്കിക്കേണ്ട. അതു പിന്നെ ഇഎം അല്ലാതെ മറ്റാരാണ്?’’
ബാലനും രാമചന്ദ്രനും പി.ആർ. കാണാതെ കൈകൊടുത്തു. പന്തളം പി.ആർ. കഠിനഹൃദയനല്ലെന്നു തെളിഞ്ഞതിനാൽ ഇനിയിങ്ങനെ തർക്കവുമായി മുന്നോട്ടു പോകാം. മുഖ്യമന്ത്രിസ്ഥാനം ഇഎംഎസിനു പോയ സ്ഥിതിക്കു ടി.വി. തോമസിനു മന്ത്രിസ്ഥാനം കിട്ടുമെന്ന് ഉറപ്പ്. ടി.വി.യും ഗൗരിഅമ്മയും തമ്മിലുള്ള പ്രണയകാലമായിരുന്നു അത്. ഗൗരിഅമ്മ മന്ത്രിയാവുമോ?
ഗൗരിഅമ്മക്ക് അനുകൂലമായും പ്രതികൂലമായും പിൻസീറ്റിൽ വാദങ്ങൾ പതഞ്ഞപ്പോൾ മുൻസീറ്റിൽ നിന്നുള്ള ഇടപെടൽ: ‘‘മന്ത്രിയാവാൻ ഗൗരിഅമ്മ എന്തുകൊണ്ടും യോഗ്യയാണല്ലോ.’’
മലബാറിൽ നിന്ന് ആരാവും മന്ത്രി? നമ്മുടെ രണ്ടു പത്ര സിംഹങ്ങൾക്ക് അത്ര പിടിപാടില്ലാത്ത മേഖലയാണത്. കെ.പി.ആർ. ഗോപാലനുണ്ടാകുമോ എന്ന് അവർ ഉറക്കെ ചിന്തിച്ചപ്പോൾ മുൻ സീറ്റിൽനിന്ന്: കെപിആറിന്റെ സ്വഭാവം വച്ചു മന്ത്രിയാക്കാൻ പറ്റില്ല.
അദ്ദേഹം മന്ത്രിയായില്ലെങ്കിൽ ഞങ്ങൾക്കെന്താ ചേതം എന്നു മനസ്സിൽ പറഞ്ഞ് അവർ ആ പേരു വെട്ടി. അപ്പോഴതാ മുൻസീറ്റിൽ നിന്നുള്ള അശരീരി: ‘‘കണ്ണൂരിൽ നിന്നു തന്നെയുള്ള കെ.പി. ഗോപാലൻ നല്ല ആളാണ്.’’
പോരട്ടെ, ബാക്കി പേരുകൾകൂടി. അങ്ങനെ, ആലപ്പുഴയിലെത്തും മുമ്പ് പേരുകളെല്ലാം കിട്ടി: ഇഎംഎസ്, സി. അച്യുതമേനോൻ, ടി.വി. തോമസ്, കെ.സി. ജോർജ്, കെ.പി. ഗോപാലൻ, ടി.എ. മജീദ്, പി.കെ. ചാത്തൻ മാസ്റ്റർ, ജോസഫ് മുണ്ടശേരി, കെ.ആർ.ഗൗരിഅമ്മ , വി.ആർ. കൃഷ്ണയ്യർ, ഡോ. എ.ആർ. മേനോൻ.
തിരുവനന്തപുരത്തെത്തി മന്ത്രിമാരുടെ ലിസ്റ്റ് കൊടുക്കാമെന്നു വച്ചാൽ കേരള കൗമുദിയുടെ അച്ചടി അപ്പോഴേക്കു പകുതി കഴിഞ്ഞിരിക്കും. അതുകൊണ്ടു കൊല്ലത്തെ ആനന്ദഭവൻ ഹോട്ടലിൽ നിന്നു ഫോണിലാണ് പറഞ്ഞു കൊടുത്തത്.
കേരളം രൂപം കൊണ്ടതിനു ശേഷമുള്ള ആദ്യത്തെ സ്കൂപ്. എന്തൊരു മിടുക്ക്!