കൊച്ചി: മൂവാറ്റുപുഴയിൽ പ്രണയ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അക്രമിയുടെ സുഹൃത്ത് പൊലീസ് പിടിയിലായതായി സൂചന. അഖിലിനെ ആക്രമിക്കുന്ന സമയത്ത് പ്രതി ബേസിൽ എൽദോസിനൊപ്പമുണ്ടായിരുന്ന സുഹൃത്താണ് പിടിയിലായത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇയാളിൽ നിന്ന് എൽദോസിന്റെ ഒളിത്താവളത്തെപ്പറ്റിയുള്ള സൂചനകൾ മനസിലാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചുവരികയാണെങ്കിലും എൽദോസ് എവിടെയുണ്ടെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. അതേസമയം, അഖിലിനെ വെട്ടിയത് കൊലപ്പെടുത്താൻ വേണ്ടിയായിരുന്നെന്ന് അഖിലിന്റ സുഹൃത്ത് അരുൺ പറഞ്ഞു. തടയാൻ ശ്രമിച്ച അരുണിനും വെട്ടേറ്റിരുന്നു.
ദുരഭിമാനമാണ് കൊലപാത ശ്രമത്തിന് കാരണമെന്ന് അരുൺ വെളിപ്പെടുത്തി. സംഭവത്തിന് ദൃക്സാക്ഷിയായ അരുണിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമണത്തെ കുറിച്ച് അരുൺ പൊലീസിന് നൽകിയ മൊഴി ഇപ്രകാരമാണ്: ‘ലോക്ക് ഡൗൺ ദിവസമായ ഇന്നലെ വൈകുന്നേരം അഞ്ച് മണി കഴിഞ്ഞിരുന്നുവെന്ന് തോന്നുന്നു.സമയം കൃത്യമായി ഓർമ്മയില്ല. ഫുഡ് വാങ്ങാൻ അവനെ വിളിച്ചുകൊണ്ട് പോയതാണ്. മാസ്‌ക് ഇല്ലാതിരുന്നതിനാൽ മെഡിക്കൽ സ്‌റ്റോറിൽ മാസ്‌ക് വാങ്ങാൻ ബൈക്ക് നിർത്തി. ഈ സമയം ഇങ്ങുവന്നേടാ എന്ന് പറഞ്ഞാണ് എൽദോസ് അഖിലിനെ അവന് സമീപത്തേക്ക് വിളിച്ചത്. കൂട്ടുകാരാണെന്നാണ് ഞാൻ വിചാരിച്ചത്. എൽദോസിന് അടുത്തേക്ക് പോകാൻ വിസമ്മതിച്ച അഖിലിനെ അവർ റോഡ് ക്രോസ് ചെയ്ത് വന്ന് തലയ്ക്ക് വെട്ടി. തടയാൻ ശ്രമിച്ചപ്പോൾ കയ്യിലും വെട്ടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അവനെ പിന്തുടർന്ന സംഘം പുറത്തും വെട്ടി.
രണ്ട് കയ്യിലും വാളുമായാണ് അവരെത്തിയത്. ഞാൻ ചെന്നപ്പോഴേക്കും അവർ കുറച്ചൊക്കെ മാറിയിരുന്നു. എന്റെ കയ്യിൽ ഹെൽമെറ്റ് ഉണ്ടായിരുന്നതുകൊണ്ട് കുറച്ച് വെട്ടൊക്കെ തടഞ്ഞു.ഓടിമാറുകയേ വഴിയുണ്ടായിരുന്നുള്ളു. എന്റെ കയ്യിലും വെട്ടേറ്റു. അക്രമികൾ പോയശേഷം ഞാനാണ് അഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെട്ടിയ ആളെ നേരത്തെ കണ്ടിട്ടില്ല. ഇവരുമായി നേരത്തെ പ്രശ്‌നമുണ്ടെന്ന് അഖിൽ പറഞ്ഞിരുന്നു'- സുഹൃത്ത് പറഞ്ഞു.
ലോക്ക് ഡൗൺ ആയിരുന്നതുകൊണ്ട് സമീപത്ത് ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും അരുൺ വെളിപ്പെടുത്തി. 19 വയസുകാരനായ അഖിൽ, ബേസിലിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്നു. അഖിലിന്റെ കഴുത്തിനും കയ്യിലുമാണ് ബേസിൽ വടിവാളു കൊണ്ട് വെട്ടിയത്.
ബേസിൽ വടിവാളുമായി ആക്രമിക്കാൻ വരുന്നുണ്ടെന്ന വിവരം കാമുകി അഖിലിനെ അറിയിച്ചിരുന്നു. എന്നാൽ, അത്തരത്തിൽ ഒരു ആക്രമണം ഉണ്ടാവുമെന്ന് അഖിൽ കരുതിയിരുന്നില്ല. മറ്റൊരു മതത്തിൽ പെട്ടയാൾ സഹോദരിയെ പ്രണയിക്കുന്നു എന്ന കാരണം കൊണ്ടാണ് ബേസിൽ അഖിലിനെ വെട്ടിയതെന്ന് പൊലീസ് പറയുന്നു. കൊലപ്പെടുത്തുക എന്നത് തന്നെയായിരുന്നു ബേസിലിന്റെ ലക്ഷ്യം. ദുരഭിമാന വധശ്രമമായിരുന്നു. മുൻപ് ബേസിൽ പലതവണ അഖിലിനെ ഭീഷണിപ്പെടുത്തിയതായ വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്.