kaumudy-news-headlines

1. കോഴിക്കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി ബീരാന്‍ കോയയാണ് മരിച്ചത്. ബംഗളൂരുവില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുക ആയിരുന്നു. അതിനിടെ, കൊവിഡ് സ്രവ പരിശോധനയ്ക്ക് എത്തിച്ച പ്രതികള്‍ പൊലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആണ് സംഭവം. മലപ്പുറം വാഴക്കാട് പോക്‌സോ കേസിലെ പ്രതി മെഹബൂബ്, ബൈക്ക് മോഷണ കേസ് പ്രതി റംഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കൊവിഡ് സ്രവ പരിശോധനയ്ക്ക് വേണ്ടിയാണ് ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പൊലീസിനെ കബളിപ്പിച്ച് ആണ് ഇരുവരും രക്ഷപ്പെട്ടത്. ഊര്‍ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്


2. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നത് ആയി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ രോഗവ്യാപന നിരക്ക് ഉയരുന്ന സാഹചര്യം ഇതുവരെയും ഉണ്ടായിട്ടില്ല. സമ്പര്‍ക്കം വഴിയുള്ള രോഗബാധ 10 മുതല്‍ 12 ശതമാനം മാത്രമാണ്. വിദേശത്ത് നിന്ന് നാട്ടില്‍ എത്തുന്നവരില്‍ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഒരുക്കും. അതാണ് പ്രായോഗികം ആയി നടപ്പാക്കാന്‍ പറ്റുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ മരണ നിരക്ക് കുറയ്ക്കാം. റാപ്പിഡ് ആന്റിബോഡി പരിശോധന സംസ്ഥാനത്ത് ഇന്ന് മുതല്‍ തുടങ്ങും. സമൂഹ വ്യാപനം ഉണ്ടോ എന്ന് അറിയാനാണ് ആന്റിബോഡ് പരിശോധന.
3. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 10,000 കിറ്റുകള്‍ എത്തി. 50,000 കിറ്റിന് മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വഴി ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഉറവിടം വ്യക്തമാകാത്ത രോഗിയുടെ സമീപ പ്രദേശങ്ങളിലെ ആളുകള്‍ക്കും പരിശോധന ഉറപ്പാക്കും. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിവരുടെ സാമ്പിളുകളും എടുക്കും. തൃശൂരില്‍ മരിച്ചയാളുടെ പരിശോധന ഫലം നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി. ബ്രേക്ക് ദ ചെയ്ന്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മാസ്‌ക് ധരിക്കണം. രോഗം ആര്‍ക്ക് വേണമെങ്കിലും വരാമെന്നും ജാഗ്രത ആവശ്യണ്. പ്രായമായവര്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവരും പ്രത്യേകം ശ്രദ്ധിക്കണം എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
4. മൂവാറ്റുപുഴയില്‍ കാമുകിയുടെ സഹോദരനില്‍ നിന്ന് വെട്ടേറ്റ യുവാവ് അപകടനില തരണം ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം വാര്‍ഡിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി ഗുരുതരം ആയതിനെ തുടര്‍ന്ന് അഖിലിനെ ആദ്യം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ആണ് എത്തിച്ചത്. അതിനിടെ, യുവാവിനെ വെട്ടിയ കേസില്‍ കറുകടം സ്വദേശി പതിനേഴുകാരന്‍ കസ്റ്റഡിയില്‍. ബൈക്ക് ഓടിച്ചിരുന്ന ബേസിലിന്റെ സുഹൃത്താണ് പിടിയില്‍ ആയത്. മൂവാറ്റുപുഴ സ്വദേശി അഖിലിന് ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. കറുകടം സ്വദേശി ബേസില്‍ എല്‍ദോസാണ് അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബേസിലിന്റെ സഹോദരിയെ അഖില്‍ പ്രണയിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
5. അഖിലിന്റെ കഴുത്തിലും കയ്യിലും വെട്ടേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിട്ടുണ്ട്. ബേസിലിനായി തിരച്ചില്‍ ഊര്‍ജിതമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വെകിട്ടാണ് മൂവാറ്റുപുഴയിലെ മെഡിക്കല്‍ സ്റ്റോറിലെത്തിയ അഖിലിനെയും സഹോദരനെയും മറ്റൊരു ബൈക്കിലെത്തിയ ബേസില്‍ വെട്ടിയത്. ബേസില്‍ വടിവാളുമായി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സഹോദരി അഖിലിനെ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ ടൗണില്‍ വച്ച് ഇത്തരത്തിലൊരു കൊലപാതക ശ്രമം നടക്കുമെന്ന് അഖിലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് വിവരം
6. കെ.എസ്.ആര്‍.ടി.സി എം.ഡി എം.പി ദിനേശ് രാജിവച്ചതില്‍ വിശദീകരണവും ആയി മന്ത്രി എ.കെ ശശീന്ദ്രന്‍. താനുമായുള്ള ഭിന്നതയെ തുടര്‍ന്നല്ല രാജി. കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഉടനുണ്ടാകില്ല. സ്വകാര്യ ബസുടമകള്‍ എത്ര സമ്മര്‍ദ്ധം ഉണ്ടാക്കിയാലും ബസ് ചാര്‍ജ് കൂട്ടില്ലെന്നും ഗതാഗതമന്ത്രി കോഴിക്കോട് പറഞ്ഞു. യൂണിയനുകളും ആയി കലഹിച്ച് പുറത്തായ ടോമിന്‍ ജെ.തച്ചങ്കരിയുള്‍പ്പെടെ തന്നോട് നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്.
7. നിലവിലെ ആരോഗ്യ അന്തരീക്ഷം മെച്ചപ്പെട്ടാല്‍ സംസ്ഥാനത്തെ ദീര്‍ഘദൂര സര്‍വീസുകള്‍ പുനസ്ഥാപിക്കും. സ്വകാര്യ ബസുടമകള്‍ സമരത്തിന് ഇറങ്ങിയാലും സര്‍ക്കാര്‍ നിലപാട് മാറ്റില്ല. ദിവസേന കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം അഞ്ചേകാല്‍ കോടിയെന്ന കണക്ക് കഴിഞ്ഞദിവസം ഏഴേകാല്‍ കോടി പിന്നിട്ടെന്നും ഗതാഗതമന്ത്രി അറിയിച്ചു
8. കൊവിഡ് മഹാമാരിയില്‍ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ആകെ 2,56,611 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് എന്ന് ആരോഗ്യ മന്ത്രാലയം. കൊവിഡില്‍ ആകെ മരണം 7,135 ആയി. 24 മണിക്കൂറിനിടെ 206 പേരാണ് മരിച്ചത്. 9,983 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1,24,094 പേര്‍ക്ക് കൊവിഡ് ഭേദമായി. 1,25,381 പേര്‍ ചികിത്സയിലുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെ മറികടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 3,007 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തോടെ ആകെ രോഗ ബാധിതരുടെ എണ്ണം 85,975 ആയി.
9. ചൈനയില്‍ 83,036 പേരാണ് രോഗബാധിതര്‍ ആയത്. 91 പേരാണ് 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,060 ല്‍ എത്തി. 43,591 പേരാണ് നിലവില്‍ മഹാരാഷ്ട്രയില്‍ ചികിത്സയില്‍ ഉള്ളത്. അതിനിടെ, ഡല്‍ഹിക്കാര്‍ക്ക് മാത്രമായി കൊവിഡ് ചികിത്സ പരിമിതിപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കി. ഡല്‍ഹിയില്‍ സ്ഥിരതാമസക്കാര്‍ അല്ലാത്ത മലയാളികളെ അടക്കം ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കും. എന്നാല്‍ ഡല്‍ഹി അതിര്‍ത്തികള്‍ തുറന്നിട്ടുണ്ട്.