ന്യൂഡൽഹി:- ഒന്നാമത് മോദി സർക്കാർ വന്നതോടെ പാർട്ടി അദ്ധ്യക്ഷനായി അവരോധിതനായതാണ് അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ. ഒന്നാം മോദി സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുടെയും വലിയ പങ്കാണുണ്ടായത്. പിന്നീട് 2019ൽ പാർട്ടിയുടെ മുതിർന്ന നേതാവായ എൽ.കെ. അദ്വാനി പ്രതിനിധീകരിക്കുന്ന ഗാന്ധിനഗർ ലോക്സഭാ സീറ്റ് ഏറ്റെടുത്ത് ലോക്സഭയിൽ എത്തിയ ഷാ രണ്ടാം മോദി സർക്കാരിൽ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു.
പിന്നീടായിരുന്നു സുപ്രധാനവും വിവാദവുമായ പല തീരുമാനങ്ങളും. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളയുകയും പൗരത്വഭേദഗതി ആക്ട് നടപ്പാക്കുവാൻ ഒരുങ്ങുകയും ചെയ്തതാണ് അതിൽ ആദ്യം. മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നു എന്ന പേരിൽ അത് വലിയ ബഹളമാണ് സൃഷ്ടിച്ചത്. തുടർന്ന് കാശ്മീരിൽ ലോക്ഡൗൺ കൊണ്ടുവരികയും ഇന്റർനെറ്ര് ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ ബഹളങ്ങളൊന്നും ബാധിക്കുന്ന ആളല്ല അമിത് ഷാ എന്നതാണ് ശ്രദ്ധിക്കേണ്ട വശം. പരമ്പരാഗത ഇന്ത്യൻ രാഷ്ട്രീയ നേതാക്കളെപ്പോലെ മാദ്ധ്യമങ്ങളോടും മറ്റും മൃദുവായി സംസാരിക്കുകയും ശേഷം മോശമായി പെരുമാറുകയുമല്ല അദ്ദേഹത്തിന്റെ രീതി. സംഘപരിവാറിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് പൊതുപ്രവർത്തനം തുടങ്ങിയ ഷായ്ക്ക് അതിന്റെ ആവശ്യമില്ല. പ്രസിദ്ധിയാർജ്ജിക്കാനായി പ്രവർത്തിക്കുകയല്ല അദ്ദേഹം ചെയ്യുക പകരം പ്രതിപക്ഷപാർട്ടികളുടെ എതിർപ്പിന് മുകളിലൂടെ പ്രവർത്തിക്കുക എന്നതാണ് ഷായുടെ രീതി എന്നാണ് മുതിർന്ന ബിജെപി നേതാക്കൾ വരെ പറയുന്നത്. ഈയിടെ അമിത് ഷായ്ക്ക് കാൻസർ രോഗമാണെന്ന അഭ്യൂഹത്തോട് അദ്ദേഹം പ്രതികരിച്ച രീതി തന്നെ ഇതിന് ഉദാഹരണമാണ്. യാതൊരു അസുഖവും തനിക്കില്ലെന്ന് പ്രതികരിച്ച ഷാ രൂക്ഷമായ ഭാഷയിൽ പ്രതിപക്ഷത്തിനെ ആക്രമിച്ചു.
ഷായെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തന്നെ പറഞ്ഞിരിക്കുന്നത് കുശാഗ്രബുദ്ധിയോടെ മുഴുവൻ സമയവും തന്റെ പ്രവർത്തികളിൽ പൂർണ്ണ ബോധ്യത്തോടെ പെരുമാറുന്ന ആളാണെന്നാണ്. പ്രധാനമന്ത്രിയുമായി ഏറ്റവും കാലം നീണ്ടുനിൽക്കുന്ന സൗഹൃദത്തിന് ഉടമ കൂടിയാണ് അമിത് ഷാ. ഗുജറാത്ത് സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടുന്ന അന്നുമുതൽ ആരംഭിച്ചതാണത്. അന്നുമിന്നും നരേന്ദ്രമോദിയുടെ ഉറ്റ സഹപ്രവർത്തകൻ തന്നെ ഷാ. അന്താരാഷ്ട്ര തലത്തിൽ ശക്തനായി നരേന്ദ്രമോദി വളരുമ്പോൾ ഷാ ദേശീയ രാഷ്ട്രീയത്തിൽ അതികായനാകുകയാണ്. കൊവിഡ് രോഗബാധ കൈകാര്യം ചെയ്തതിലും പൗരത്വ പ്രശ്നത്തിലും പ്രതിപക്ഷ പാർട്ടികളുടെ രൂക്ഷവിമർശനമേൽക്കുമ്പോഴും തന്റെ ശൈലി മാറ്റാതെ അടുത്തുവരുന്ന ബീഹാർ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മുന്നേറുക തന്നെയാണ് അമിത്ഷാ.