covid

ബ്രസീലിയ: ലോകത്താകെ രോഗികൾ 71 ലക്ഷമായി. മരണം 4.06 ലക്ഷം കടന്നു. ബ്രസീലും അമേരിക്കയും കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനാവാതെ ഉഴറുകയാണ്. ബ്രസീലിൽ രോഗികൾ ഏഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണസംഖ്യയിൽ അമേരിക്കയും ബ്രിട്ടനും മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്. ദിനംപ്രതി ആയിരത്തിലധികം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. ആകെ മരണം - 37,312. അമേരിക്കയിൽ രോഗികൾ 20 ലക്ഷമായി. മരണം ഒരു ലക്ഷം കടന്നു. റഷ്യയിൽ ഇന്നലെയും 8000ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണം 120ലും താഴെയാണ്. രോഗികൾ നാല് ലക്ഷത്തിലധികം. മരണം 5,971.

 കൂടുതൽ ഇളവുകളുമായി രാജ്യങ്ങൾ

രോഗവ്യാപനം ശമിച്ചപ്പോഴാണ് യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയത്. എന്നാൽ രോഗവ്യാപനം തുടരുമ്പോൾ തന്നെ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കുകയാണ് ഏഷ്യൻ രാജ്യങ്ങൾ. ഇന്തോനേഷ്യയിൽ ഇന്നലെ മുതൽ ഓഫീസുകളും റസ്റ്റോറന്റുകളും ആരാധനാലയങ്ങളും തുറന്നു. 50 ശതമാനം യാത്രാക്കാരെ മാത്രം കയറ്റിക്കൊണ്ട് പൊതുഗതാഗതവും ആരംഭിച്ചു. ഷോപ്പിംഗ് സെന്ററുകൾ അടുത്തയാഴ്‍ച തുറന്നേക്കും. ന്യൂയോർക്കിലും നിയന്ത്രണങ്ങളിൽ ഇളവുകൾ ഇന്നലെ മുതൽ നിലവിൽ വന്നു.

 മുൻ പാക് പ്രധാനമന്ത്രി ഷാഹിദ് ഘഖ്വാൻ അബ്ബാസിയ്ക്ക് കൊവിഡ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു.

 ഹോണ്ടുറാസിൽ ജൂൺ 14 വരെ കർഫ്യൂ.

 ക്യൂബയിൽ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

 ചൈനയിൽ ഇന്ന് നാല് പുതിയ കേസുകൾ.