george

വാ​ഷിംഗ്​​ട​ൺ: ആഫ്രോ-അമേരിക്കൻ വം​ശജ​നാ​യ ജോ​ർ​ജ്​ ഫ്ലോ​യ്​​ഡിനെ പൊലീസുകാരൻ കഴുത്തിൽ കാൽമുട്ട് അമർത്തി കൊന്നതിനെതിരായ പ്രക്ഷോഭം 13-ാം ദിവസവും​ അ​മേ​രി​ക്കയിൽ തുടരുന്നതിനിടെ,​ ബ്രിട്ടനിലും ശക്തമായ പ്രതിഷേധം ഉയരുന്നു.

ലണ്ടനിലെ പല തെരുവുകളിലും പ്രതിഷേധറാലി നടന്നു. പലയിടത്തും സംഘർഷമുണ്ടായി. പ്രതിഷേധക്കാർ കുപ്രസിദ്ധ ബ്രിട്ടീഷ് അടിമക്കച്ചവടക്കാരനായ എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ ഇളക്കിയെടുത്ത് തുറമുഖത്ത് വലിച്ചെറിഞ്ഞു. കയറുപയോഗിച്ച് പ്രതിമയുടെ തലയിൽ കെട്ടിവലിച്ച് താഴെ ഇടുകയായിരുന്നു. ബ്രിട്ടനിൽ രണ്ടുദിവസത്തിനിടെ 29ഓളം പേരെ അറസ്റ്റ് ചെയ്തു. വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അപലപിച്ചു.

ഫ്ളോയി​ഡി​ന്റെ മൃതദേഹം ഇന്ന് ഹൂസ്​റ്റണിലെ പേൾ ലാൻഡിൽ​ സംസ്​കരിക്കും. ജോർജിന്റെ മരണത്തിന് കാരണക്കാരായ മിനിയപൊളിസ് പൊലീസ് സേനയെ പിരിച്ചുവിടണമെന്ന പ്രതിഷേധകരുടെ പ്രധാന ആവശ്യം മിനിയപൊളിസ് സിറ്റി കൗൺസിൽ അംഗീകരിച്ചു. സമൂഹത്തെ സംരക്ഷിച്ച് കൊണ്ടുപോകാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് വ്യക്തമായിരിക്കുകയാണെന്ന് കൗൺസിൽ പ്രസിഡന്റ് ലിസ ബെൻഡർ പറഞ്ഞു.