newsland

വെല്ലിംഗ്ടൺ: കൊവിഡ് മൂലം വലയുന്ന ലോകരാജ്യങ്ങൾക്ക് പ്രതീക്ഷയുടെ പൊൻകിരണങ്ങളേകി ന്യൂസിലാൻഡിൽ നിന്ന് ആ ശുഭ വാർത്തയെത്തി. രാജ്യത്ത് അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു. രാജ്യം കൊവിഡ് മുക്തമായതറിഞ്ഞ് സ്വീകരണമുറിയിൽ നൃത്തമാടിയാണ് പ്രധാനമന്ത്രി ജസിന്ത ആർഡേൻ സന്തോഷം പ്രകടിപ്പിച്ചത്. “ഞാൻ എന്റെ കുഞ്ഞു മകളെയുമെടുത്ത് കുറച്ച് നേരം നൃത്തം ചെയ്തു,”.“ഞാൻ എന്തിനാണ് നൃത്തം ചെയ്യുന്നതെന്ന് അവൾക്ക് മനസിലായില്ല. അവൾ അത്ഭുതപ്പെട്ടു. പിന്നീട് എന്നോടൊപ്പം നൃത്തം ചെയ്തു. ” - ജസിന്ത പറഞ്ഞു. ഏഴ് ആഴ്ചയോളം നീണ്ടു നിന്ന ലോക്ക് ഡൗണിനോട് സഹകരിച്ച രാജ്യത്തെ ജനങ്ങളുടെ ത്യാഗ മനോഭാവമാണ് രോഗികളുടെ എണ്ണം കുറയ്ക്കാൻ സഹായിച്ചത്. കർശനമായ അതിർത്തി നിയന്ത്രണങ്ങൾ നിലനിൽക്കുമെങ്കിലും സാമൂഹിക അകലം പാലിക്കൽ, പൊതുസമ്മേളനങ്ങളുടെ പരിധി എന്നിവ ഇനി ആവശ്യമില്ല. രാജ്യത്തെ കൊവിഡ് വ്യാപനം തടയാൻ സാധിച്ചെന്ന് ഞങ്ങൾക്കിപ്പോൾ ആത്മവിശ്വാസമുണ്ട്. വൈറസിനെതിരായ പോരാട്ടത്തിൽ ജനങ്ങൾ ഒന്നിച്ചു നിന്നു. - ജസിന്ത കൂട്ടിച്ചേർത്തു.

ന്യൂസിലാൻഡിൽ 1154 കേസുകളും 22 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 17 ദിവസമായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. മെയ് 22 നാണ് അവസാന കേസ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനം ആരംഭിച്ചപ്പോൾ തന്നെ ഏർപ്പെടുത്തിയ കർശനമായ നിയന്ത്രണങ്ങളും ലോക്ക് ഡൗണും രാജ്യത്തിന് ഏറെ സഹായകമായി.