bullockcart

ഇൻഡോർ:- സാധാരണ വലിയ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമകളും ലക്ഷങ്ങൾ ശമ്പളമുള്ള ഉദ്യോഗസ്ഥരും ബിഎംഡബ്ളു, ഔഡി പോലെയുള്ള മുന്തിയയിനം വാഹനങ്ങളിലാണ് സ്വന്തം സ്ഥാപനങ്ങളിലെത്തുക. എന്നാൽ മധ്യപ്രദേശിലെ ഇൻഡോറിലെ പാൽഡ വ്യവസായ മേഖലയിൽ കഴിഞ്ഞ ദിവസം ബിസിനസ് സ്ഥാപന ഉടമകൾ തീർത്തും വ്യത്യസ്തമായ തരത്തിലാണ് ഓഫീസിലെത്തിയത്. കാളവണ്ടിയിൽ. തോളിൽ ലാപ്ടോപ് ബാഗും കൈയിൽ മുന്തിയ ഐഫോണുമേന്തി അവർ ചെളി നിറഞ്ഞ വഴിയിലൂടെ കാളവണ്ടിയിൽ മെല്ലെ ഓഫീസിലെത്തി.

വ്യവസായ മേഖല ആണെങ്കിലും വർഷങ്ങളായി ഇവിടെ റോഡുകൾ തകർന്ന് തരിപ്പണമായ അവസ്ഥയിലാണ്. ചെറിയ മഴയിൽ പോലും ചെളി നിറഞ്ഞ് റോഡ് സഞ്ചാരയോഗ്യമല്ലാതെയാകും. ഇതിനെതിരെ ജനപ്രതിനിധികളെ അറിയിക്കാനായിരുന്നു പാൽഡ വ്യവസായ ഓർഗനേസേഷൻ പ്രസിഡന്റ് പ്രമോദ് ജെയിൻ, സെക്രട്ടറി ഹരീഷ് നഗർ മുതലായവരുടെ നേതൃത്വത്തിലുള്ള വ്യത്യസ്തമായ ഈ യാത്ര. സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ കോൺഗ്രസ് വിമർശനവുമായെത്തി.