ബീജിംഗ്: കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തുമെന്ന് ചൈനീസ് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി വാംഗ് ഷിഗാഗ് പറഞ്ഞു. വാക്സിൻ വികസിപ്പിക്കുന്നതുപോലെ തന്നെ വാക്സിന്റെ ക്ലിനിക്കൽ ട്രയൽ നടത്തുന്നതിനും രാജ്യാന്തര തലത്തിൽ സഹായം ആവശ്യമാണെന്നും വാക്സിൻ വിജയിച്ചാൽ ലോകനൻമയ്ക്കായി ഉപയോഗപ്പെടുത്തുമെന്നും ഫലപ്രദമായ വാക്സിൻ വികസിപ്പിക്കുകയെന്നത് വളരെ ശ്രമകരമാണെന്നും സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന വികസിപ്പിക്കുന്ന വാക്സിനുകൾ ഉപയോഗിക്കാൻ സാധിക്കുന്ന നിലയിലാകുമ്പോൾ ലോകനൻമയ്ക്കായി ലഭ്യമാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ലോകാരോഗ്യ അസംബ്ലിയിൽ പറഞ്ഞതിന് തുടർച്ചയായാണ് വാംഗിന്റെ പ്രസ്താവന.
അഞ്ച് ഘട്ടങ്ങളിലായാണ് ചൈനയുടെ വാക്സിൻ പരീക്ഷണം. അഞ്ചാം ഘട്ടത്തിൽ മനുഷ്യരിൽ വാക്സിൻ പരീക്ഷിക്കാൻ ആരംഭിച്ചതായും വാർത്തകൾ ഉണ്ടായിരുന്നു.