jk

ലണ്ടൻ: ട്രാൻസ്ജെൻഡർ വിരുദ്ധ പരമാർശം നടത്തിയെന്ന പേരിൽ ലോകപ്രശസ്ത എഴുത്തുകാരി ജെ.കെ റൗളിംഗിന് സാമൂഹ്യമാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം. ‘പീപ്പിൾ ഹൂ മെൻസ്ട്രുവേറ്റ്’ (ആർത്തവമുള്ള ആളുകൾ) എന്ന പ്രയോഗത്തിനു പകരം സ്ത്രീകൾ എന്നു പറഞ്ഞാൽ പോരേയെന്നു പരിഹാസത്തോടെ ചോദിച്ചുള്ള നോവലിസ്റ്റിന്റെ ട്വീറ്റിനു വിമർശനവുമായി ആരാധകരുൾപ്പെടെ രംഗത്തെത്തി. ആർത്തവശുചിത്വം സംബന്ധിച്ച് ഒരു മാഗസിനിൽവന്ന ലേഖനത്തിന്റെ തലക്കെട്ടിനെയാണ് ട്വിറ്ററിലൂടെ റൗളിംഗ് പരിഹസിച്ചത്. വിമർശനം ഉയർന്നപ്പോൾ സ്വയംന്യായീകരിക്കാൻ ശ്രമിച്ചതും റൗളിംഗിന് തിരിച്ചടിയായി.

സ്ത്രീകൾക്കു മാത്രമല്ല, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും ആർത്തവമുണ്ടാകുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. വിട്ടുകൊടുക്കാതെ എഴുത്തുകാരിയും വാദിച്ചതോടെ ലിംഗവിവേചനം സംബന്ധിച്ച സംവാദമായി മാറുകയായിരുന്നു. "ഓരോ ട്രാൻസ്ജെൻഡർ വ്യക്തിയ്ക്കും ആർജവത്തോടെ ജീവിക്കാനുള്ള അവകാശത്തെ ഞാൻ മാനിക്കുന്നു. ട്രാൻസ് ആണെന്ന പേരിൽ നിങ്ങൾ വിവേചനം അനുഭവിച്ചിട്ടുണ്ടെങ്കിൽ, ഞാൻ നിങ്ങൾക്കൊപ്പം സമരം ചെയ്യും. എന്നാൽ, എന്റെ ജീവിതം രൂപപ്പെട്ടത് സ്ത്രീയായി ജീവിക്കാനാണ്. അങ്ങനെ പറയുന്നതിൽ ഞാൻ തെറ്റുകാണുന്നില്ല" എന്നായിരുന്നു തന്റെ പരാമർശത്തെ ന്യായീകരിക്കാനായി റൗളിംഗ് പിന്നീട് വിശദീകരിച്ചത്. എന്നാൽ, ഇതും വലിയ പ്രതിഷേധത്തിന് കാരണമാകുകയായിരുന്നു.