സാൻഫ്രാൻസിസ്കോ: അമേരിക്കയിലെ സിയാറ്റിൽ വടക്കുകിഴക്കൻ സിറ്റിയിൽ ജോർജ് ഫ്ലോയിഡിന് നീതി തേടി നടന്ന പ്രതിഷേധത്തിനിടെ ഒരാൾക്ക് വെടിയേറ്റു. ആയുധധാരിയായ ഒരാൾ ആൾക്കൂട്ടത്തിൽ കടന്നുകയറി അക്രമം നടത്തുകയായിരുന്നു. സിയാറ്റിൻ പൊലീസ് സ്റ്റേഷന് സമീപം കാർ നിറുത്തി ഇയാൾ കാറിൽനിന്ന് പിസ്റ്റളുമായി ഇറങ്ങുന്നതും വെടിയുതിർക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാൾ പിന്നീട് ആൾക്കൂട്ടത്തിനിടയിലേക്ക് മറയുകയായിരുന്നു. അതേസമയം, കുറ്റവാളിയെന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്തതായും ആയുധം കണ്ടെടുത്തതായും പൊലീസ് ട്വീറ്റ് ചെയ്തു. വെടിയേറ്റ 20കാരൻ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. അതേസമയം, സിയാറ്റിൽ ഉൾപ്പടെ നിരവധിയിടങ്ങളിൽ പ്രതിഷേധത്തിനിടെ അക്രമം നടക്കുന്നുണ്ട്.
♦ ബ്രിട്ടനിലും വലിയ തോതിലുള്ള പ്രതിഷേധങ്ങൾ നടക്കുന്നു. പ്രതിഷേധക്കാർ കുപ്രസിദ്ധ ബ്രിട്ടീഷ് അടിമക്കച്ചവടക്കാരനായ എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ ഇളക്കിയെടുത്ത് തുറമുഖത്ത് വലിച്ചെറിഞ്ഞു. കയറുപയോഗിച്ച് പ്രതിമയുടെ തലയിൽ കെട്ടിവലിച്ച് താഴെയിടുകയായിരുന്നു.
♦ ബ്രിട്ടനിൽ രണ്ടുദിവസത്തെ പ്രതിഷേധത്തിനിടെ 29ഓളം പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
♦വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അപലപിച്ചു. എന്നാൽ, പ്രതിമ തകർത്ത സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.