ചെങ്ങന്നൂർ: കൊവിഡ് ബാധ രൂക്ഷമായ റഷ്യയിൽ മലയാളികളായ 181 മെഡിക്കൽ വിദ്യാർത്ഥികൾ നാട്ടിലെത്താൻ സഹായം തേടുന്നു. മർഡോമിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സറാൻസക് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളായ ഇവർ, മാർച്ച് 16 മുതൽ മെഡിക്കൽ കോളേജിൽ ക്വാറന്റൈനിലാണ് . വന്ദേഭാരത് മിഷനിൽ 113 പേർ രജിസ്‌റ്റർ ചെയ്തെങ്കിലും 17 പേർക്ക് മാത്രമാണ് യാത്രാനുമതി ലഭിച്ചത്.
ഇവർ താമസിക്കുന്ന മെഡിക്കൽ കോളേജിന്റെ സമീപ പ്രദേശങ്ങളിൽ നൂറിലധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ വാട്സ് ആപ് മെസേജുകളിലൂടെയും വീഡിയോകളിലൂടെയും തങ്ങളുടെ ദൈന്യത നാട്ടിലെ ബന്ധുക്കളെയും ജനപ്രതിനിധികളെയും അറിയിച്ചിരുന്നു.
ഹോസ്റ്റലുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൊതുവായ ശുചിമുറികളേയുള്ളു. ആർക്കെങ്കിലും രോഗം പിടിപെട്ടാൽ വ്യാപനം ഉറപ്പ്. ഭക്ഷണത്തിന്റെ ലഭ്യതക്കുറവും ആശങ്കയുയർത്തുന്നു.
വിമാനമില്ല, ഉള്ളതിന്
അമിത ചാർജും
റഷ്യയിൽ നിന്ന് കൊച്ചിയിലെത്തുന്നതിനും മടങ്ങിപ്പോകുന്നതിനും 35,000 രൂപയാണ് വിമാനക്കൂലി. ഇപ്പോൾ നാട്ടിലേക്കുള്ള യാത്രയ്ക്ക് 56,000 രൂപയാണ് ഇൗടാക്കുന്നത്. ജൂൺ 15ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ എത്ര പേർക്ക് കയറാൻ കഴിയുമെന്നുറപ്പില്ല. വിമാനത്തിന്റെ എണ്ണം വർദ്ധിപ്പിക്കുകയോ, ചാർട്ടർ വിമാനം ഏർപ്പെടുത്തുകയോ ചെയ്താലെ രക്ഷയുള്ളൂ. ചാർട്ടർ വിമാനത്തിൽ ഒരാൾക്ക് 1.5 ലക്ഷം രൂപയാണ് ചാർജ്
".ജൂൺ 16ന് ഹോസ്റ്റൽ പൂട്ടുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതോടെ താമസവും ഭക്ഷണവും ഇല്ലാതാവും. തെരുവിലായാൽ പിന്നെ, നാട്ടിലെത്താനാവില്ല . സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് ഞങ്ങളെ രക്ഷിക്കണം."
- പ്രതീക്ഷ പി.എസ്,
പരിയാരത്തുമണ്ണിൽ
( സംഘത്തിലെ
പത്തനംതിട്ട സ്വദേശി)