kerala

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 91 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 73 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 15 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. തൃശൂർ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ. 27 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗബാധ ഉണ്ടായിരിക്കുന്നത്. രോഗം ബാധിച്ചവരിൽ രണ്ട് പേർ തൃശൂർ ജില്ലയിലെ ആരോഗ്യ പ്രവർത്തകരാണ്. ഇവർക്കും തൃശൂരിലെ തന്നെ മറ്റൊരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം വന്നത്.

മലപ്പുറത്ത് 14 പേർക്കും, കോഴിക്കോട്ട് 13 പേർക്കും, കാസർകോട്ട് എട്ട് പേർക്കും, കൊല്ലം ആലപ്പുഴ ജില്ലകളിൽ അഞ്ച് പേർക്ക് വീതവും, കണ്ണൂരിൽ നാല് പേർക്കും തിരുവനന്തപുരം, കോട്ടയം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും, വയനാട്‌ ജില്ലയിൽ നിന്നുമുള്ള രണ്ട് പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുമുള്ള ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം 11 പേർ ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. ചാലക്കുടി സ്വദേശിയായ ഡിന്നി ചാക്കോ( 43) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനേഴായി. മെയ് 16ന് മാലിദ്വീപിൽ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു.

സംസ്ഥാനത്ത് നിലവിൽ 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 814 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,97,078 പേർ ഇപ്പോ‌ൾ കൊവി‌‌ഡ് നിരീക്ഷണത്തിലാണ്. ഇവരിൽ 1,95,307 പേര്‍ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും 1771 പേ‌ർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 211 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.