രണ്ടുപേരും വിക്കറ്റ് കീപ്പർമാർ, വെടിക്കെട്ട് ബാറ്റ്സ്മന്മാർ. ധോണിയുടെ പിൻഗാമിയെത്തേടി ഇന്ത്യൻ സെലക്ടർമാർ ശ്രദ്ധ കേന്ദീകരിച്ചത് ഇരുവരിലുമായിരുന്നു. ഇവരിൽ ഒരാൾക്ക് ഒരുപാട് അവസരങ്ങൾ നൽകി. എന്നിട്ടും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. മറ്റൊരാളെ ഏറെക്കാലം പുറത്തുനിറുത്തി വിഷമിപ്പിച്ചു. പിന്നെ അകത്തുകയറ്റി പ്ളേയിംഗ് ഇലവനിൽ ഇടംകൊടുക്കാതെ സങ്കടപ്പെടുത്തി.ഒടുവിൽ കിട്ടിയ ഒന്നുരണ്ട് അവസരങ്ങളിൽ തിളങ്ങാനുമായില്ല. ഏതായാലും ധോണിയുടെ വിരമിക്കൽ പോലെ പിൻഗാമിയാരെന്ന ചോദ്യവും ഉത്തരമില്ലാതെ അവശേഷിക്കുന്നു.
ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമാണ് ഇൗ രണ്ടുപേർ. സാധാരണഗതിയിൽ ദേശീയ ടീമിലെ തന്റെ സ്ഥാനത്തിനുള്ള എതിരാളിയെന്ന നലയിൽ ഇരുവരും തമ്മിലൊരു മത്സരം ഉണ്ടാകേണ്ടതാണ്. എന്നാൽ ഋഷഭിനോട് അങ്ങനെയൊരു മത്സരബുദ്ധി തോന്നിയിട്ടേയില്ലെന്ന് പറയുകയാണ് സഞ്ജു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു പന്തിനെക്കുറിച്ച് പറഞ്ഞത്.
സഞ്ജുവിന്റെ വാക്കുകൾ
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിക്കുന്നതിന് ഋഷഭ് പന്തുമായി ഒരു മത്സരവുമില്ല. സത്യത്തിൽ പന്തിനൊപ്പം ടീമിൽ ഒരുമിച്ചു കളിക്കുന്നതിനെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. ഡൽഹി ഡെയർഡെവിൾസിൽ ഒരുമിച്ചു കളിച്ചിരുന്ന കാലംതൊട്ടേ പന്ത് അടുത്ത സുഹൃത്താണ്.
ടീമിലെ സ്ഥാനം എപ്പോഴും ടീം കോമ്പിനേഷനുമായി ബന്ധപ്പെട്ടതാണ്. അത് തീരുമാനിക്കുന്നത് നമ്മളുമല്ല. ക്രിക്കറ്റ് താരമെന്ന നിലയിൽ മറ്റൊരു താരത്തിൻമേൽ കണ്ണുവച്ചുകൊണ്ടല്ല മുന്നോട്ടു പോകേണ്ടത്.
ഡെയർഡെവിൾസിൽ ഒരുമിച്ചു കളിച്ചു തുടങ്ങിയവരാണ് ഞങ്ങൾ. ആ കാലഘട്ടം വളരെ രസകരമായിരുന്നു. ഞങ്ങൾ പെട്ടെന്നാണ് അടുത്ത സുഹൃത്തുക്കളായത്. പന്ത് വളരെ പ്രതിഭാധനനായ താരമാണ്. ഒരുമിച്ചുള്ള മത്സരങ്ങൾ ഞങ്ങൾ വളരെയധികം ആസ്വദിച്ചിരുന്നു. പന്തിനൊപ്പം ഒട്ടേറെ ഇന്നിംഗ്സുകളിൽ ഞാൻ ഒപ്പം കളിച്ചിട്ടുണ്ട്
2017ലെ ഐ.പി.എല്ലിലെ ഗുജറാത്ത് ലയൺസിനെതിരായ ആ മത്സരം ഇപ്പോഴും ഓർമയിലുണ്ട്. മൈതാനത്തിന്റെ നാലുപാടും സിക്സറുകൾ പറത്തിയാണ് 200നു മുകളിലുള്ള വിജയലക്ഷ്യം അടിച്ചെടുത്തത്. അന്ന് ഞാൻ 31 പന്തിൽ 61 റൺസും പന്ത് 43 പന്തിൽ പുറത്താകാതെ 97 റൺസുമാണ് നേടിയാണ് 209 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്നത്.
ഒരുമിച്ചു കളിക്കുമ്പോൾ തമാശകളൊക്കെ പറഞ്ഞ് റിലാക്സായി കളിക്കാൻ സ്കോർ ചെയ്യാനാകുംണ അതുകൊണ്ട് ദേശീയ ടീമിൽ ഒരുമിച്ചു കളിക്കുന്നതിനെക്കുറിച്ചാണ് എന്റെ ചിന്ത.
കഴിഞ്ഞ വർഷം ബംഗ്ലദേശിനെതിരായ പരമ്പരയ്ക്കുള്ള ട്വന്റി20 ടീമിൽ സഞ്ജുവിനെ സെലക്ടർമാർ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒന്നാം നമ്പർ വിക്കറ്റ് കീപ്പറെന്ന നിലയിൽ ഋഷഭ് പന്തിനാണ് കളത്തിലിറങ്ങാൻ അവസരം ലഭിച്ചത്.
പിന്നീട് വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽനിന്ന് സഞ്ജുവിനെ സെലക്ടർമാർ തഴഞ്ഞപ്പോൾ, പന്ത് സ്ഥാനം നിലനിർത്തി. പിന്നീട് ഓപ്പണർ ശിഖർ ധവാന് പരുക്കേറ്റതോടെയാണ് സഞ്ജു ടീമിലെത്തിയത്. കളിക്കാൻ അവസരം ലഭിച്ചതുമില്ല.
തൊട്ടടുത്ത പരമ്പരയിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് സഞ്ജുവിന് ആദ്യമായി അവസരം ലഭിക്കുന്നത്. പൂനെയിൽ നടന്ന മത്സരത്തിൽ ഒരു സിക്സ് സഹിതം ആറു റൺസെടുത്ത് പുറത്താകുകയും ചെയ്തു.
പിന്നീട് ന്യൂസിലാൻഡ് പര്യടനത്തിൽ രണ്ട് മത്സരങ്ങളിൽ അവസരം ലഭിച്ചെങ്കിലും 2, 8 എന്നിങ്ങനെയേ സ്കോർ ചെയ്യാനായുള്ളൂ.