money

ന്യൂഡൽഹി:- കൊവിഡ് രോഗം സൃഷ്ടിച്ച പ്രതിസന്ധിയും ലോക്ഡൗണും മൂലം ലോക സമ്പദ് വ്യവസ്ഥയും സഞ്ചാര നിരക്കും വളരെയധികം കുറഞ്ഞതോടെ ഇന്ത്യക്കാർ വിദേശത്തേക്ക് അയച്ച പണം 499 മില്യൺ ഡോളറായി ചുരുങ്ങി. കഴിഞ്ഞ 50 മാസത്തെ കണക്കെടുത്താൽ ഏറ്റവും കുറവാണിത്. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരം അയച്ചതാണ് ഈ തുക. ഒരു സാമ്പത്തിക വർഷത്തിൽ അനുവദനീയമായ കറന്റ് അല്ലെങ്കിൽ ക്യാപിറ്റൽ അക്കൗണ്ട് വഴിയോ രണ്ടും ചേർന്നോ ഇന്ത്യയിൽ താമസിക്കുന്ന ആളിന് അതിൽ കുട്ടികൾക്കും ആകാം, വർഷം രണ്ടരലക്ഷം ഡോളർ വരെ വിദേശത്തേക്ക് അയക്കാവുന്ന സ്കീമാണിത്.

2016 ഫെബ്രുവരിയിലാണ് ഇതിനുമുൻപ് ഇത്ര കുറവ് വന്നത് 449.28 മില്യൺ മാത്രമായിരുന്നു അന്ന്. കഴിഞ്ഞ മാർച്ച് മാസത്തിലും വിദേശത്തേക്ക് പണം അയക്കുന്ന നിരക്ക് കുറവായിരുന്നു. അത് തന്നെ ഏപ്രിൽ മാസത്തിലും തുടർന്നു. 2019 ഏപ്രിലിൽ അതേസമയം 1287.91 മില്യൺ ഡോളറായിരുന്നു ഈ നിരക്ക്.

യാത്രകൾക്കായി മുടക്കുന്ന തുകയിലും വൻ ഇടിവാണുണ്ടായിരിക്കുന്നത് 71.81% കുറഞ്ഞ് 121.13 മില്യൺ ഡോളർ മാത്രമാണത്. 20 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഓരോ മാസവും വിദേശത്തേക്ക് സഞ്ചരിക്കാറെന്നാണ് കണക്ക്. വിദേശത്ത് പഠിക്കുന്ന കുട്ടികൾക്കായി അയക്കുന്ന പണത്തിന്റെ നിരക്കും കുറഞ്ഞു. 68.85% കുറഞ്ഞ് 78.76 മില്യൺ ഡോളറാണ് അതിന്റെ കണക്ക്. 7 ലക്ഷത്തോളം വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുന്നുണ്ടെന്നാണ് 2018ൽ ശേഖരിച്ച കണക്കിലുള്ളത്. ഈ സ്കീം പ്രകാരം അടുത്ത ബന്ധുക്കളുടെ ക്ഷേമത്തിന് അയക്കുന്ന തുകയിലും കുറവുണ്ട്. 296.14 മില്യൺ ഡോളറായിരുന്നു കഴിഞ്ഞ വർഷം ഏപ്രിലിൽ. ഇത് 148.25 മില്യൺ ഡോളറായി കുറഞ്ഞു. ഏകദേശം 50 ശതമാനം കുറവ്.

ആരോഗ്യമേഖല, സമ്മാനങ്ങൾ, കടം പോലെയുള്ള മറ്റ് വിഭാഗങ്ങളിലും പണം അയച്ചതിൽ വളരെ കുറവുണ്ട്. സമ്മാനങ്ങൾ നൽകുന്ന വിഭാഗത്തിൽ 66 ശതമാനവും ചികിത്സാ വിഭാഗത്തിൽ 45.85% ആണ് കുറവ്. ഇന്ത്യയിൽ താമസിക്കുന്ന പൗരന്മാർ 18.75 ബില്യൺ ഡോളറാണ് ഏപ്രിൽ മാസത്തിൽ അടച്ച തുക.