വിരലിലെണ്ണാവുന്ന ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളു. എന്നാൽ മലയാള സിനിമാ പ്രേക്ഷകരെല്ലാം അർജുൻ അശോകന്റെ ആരാധകരായി മാറി കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയതിന്റെ രഹസ്യം അർജുൻവെളിപ്പെടുത്തുന്നു........
അഭിനയത്തിലും ജീവിതത്തിലും അച്ഛൻ ഹരിശ്രീ അശോകന്റെ സ്വാധീനം എത്രത്തോളമുണ്ട്?
കുട്ടിക്കാലത്ത് സിനിമ കാണുമ്പോൾ സ്ക്രീനിൽ ആരൊക്കെ ഉണ്ടെങ്കിലും അച്ഛനെയാണ് ഞാൻ ആദ്യം നോക്കുന്നത്. അച്ഛൻ എന്നതിലുപരി വീട്ടിൽ എപ്പോഴും കാണുന്ന ഒരാളെ വലിയ സ്ക്രീനിൽ കാണുന്നത് ശരിക്കും ഒരു വിസ്മയമായിരുന്നു. കുട്ടിക്കാലത്ത് അച്ഛനോടൊപ്പം ഒരുപാട് സിനിമാ ലൊക്കേഷനുകളിൽ പോയിട്ടുണ്ട്. പാണ്ടിപ്പട, പറക്കും തളിക, വൃദ്ധന്മാരെ സൂക്ഷിക്കുക,പട്ടാഭിഷേകം തുടങ്ങിയ ലൊക്കേഷനുകളിലൊക്കെ പോയത് ഇന്നും ഗൃഹാതുരമായ ഓർമ്മകളാണ്. വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഖുശ്ബു എന്നെ ഒക്കത്തു എടുത്തിരിക്കുന്ന ഫോട്ടോ ഇപ്പോഴും വീട്ടിലുണ്ട്. വളരെ ചെറുതിലെ തന്നെ സിനിമയോട് ഒരു പ്രത്യേക ആവേശമായിരുന്നു.
അഭിനയിക്കാൻ പോകുമ്പോൾ അച്ഛന്റെ ഉപദേശങ്ങൾ എന്തൊക്കെയായിരുന്നു ?
ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ മാത്രം ചെയ്യുക.അതാണ് അച്ഛൻ പ്രധാനമായും പറഞ്ഞത് .
എങ്ങനെയാണ് സിനിമയിലേക്ക് വരുന്നത് ?
പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ആദ്യത്തെ സിനിമയിൽ അഭിനയിക്കുന്നത്. ഓർക്കൂട്ട് ഒരു ഓർമ്മ കൂട്ട് എന്നായിരുന്നു ചിത്രത്തിന്റെ പേര്. എന്താണ് സിനിമയെന്നും ലൊക്കേഷനെന്നുമൊക്കെ പഠിച്ചത് ആ ചിത്രത്തിലൂടെയാണ്.അതിനു ശേഷം ഞാനും സൈനുദ്ദീൻ അങ്കിളിന്റെ മകനും കൂടി അഭിനയിച്ച ചിത്രമാണ് ടു ലെറ്റ് അമ്പാടി ടാക്കീസ് . പിന്നീടാണ് സൗബിനിക്കയുമായുള്ള (സൗബിൻ ഷാഹിർ) ബന്ധം തുടങ്ങുന്നത്. സൗബിനിക്കയുമായി നേരത്തെ പരിചയമുണ്ടായിരുന്നു. ഇക്കയുടെ സിനിമകൾ ഇറങ്ങുമ്പോഴെല്ലാം ഞാൻ ഫേസ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും മെസേജ് അയക്കും. അങ്ങനെ അത്യാവശ്യം നല്ല പരിചയമായി. ഞാൻ അഭിനയിച്ച ആദ്യ രണ്ട് സിനിമകളും നന്നായി പോകാത്തതുകൊണ്ട് തന്നെ സംവിധാനം പഠിക്കാൻ ആഗ്രഹം തോന്നി. അപ്പോഴാണ് പറവയുടെ ഓഡിഷൻ കാൾ കാണുന്നത്. എനിക്ക് സൗബിൻ ഇക്കയുടെ കൂടെ നിന്ന് സംവിധാനം പഠിക്കാൻ ആഗ്രഹമുണ്ടെന്ന് അച്ഛനോട് പറഞ്ഞു. അച്ഛൻ സൗബിനിക്കയെ വിളിച്ചു എന്റെ ആഗ്രഹം അറിയിച്ചു. അപ്പോൾ സൗബിനിക്ക അച്ഛനോട് എന്റെ നമ്പർ ചോദിച്ചു. പിന്നീട് സൗബിനിക്കയുടെ വീട്ടിൽ പോയി പറവയുടെ കഥ കേട്ടു. സൗബിനിക്ക കഥ പറഞ്ഞിട്ട് എന്നോട് പറഞ്ഞു കുറച്ചേ ഉള്ളടാ ...ചെറിയൊരു പരിപാടിയാണ്. ദുൽഖറിന്റെ ഫ്രണ്ടായിട്ടാണ് നീ അഭിനയിക്കുന്നത്. സത്യത്തിൽ എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
എങ്ങനെ ആയിരുന്നു ദുൽഖറുമായുള്ള എക്സ്പീരിയൻസ്?
ശരിക്കും ത്രില്ലടിപ്പിക്കുന്ന അനുഭവമായിരുന്നു. ഞാൻ ആദ്യമായി അദ്ദേഹത്തെ നേരിൽ കാണുന്നത് തന്നെ പറവയുടെ ലൊക്കേഷനിലാണ്. ഒന്നാമത് ഞാൻ മമ്മൂക്കയുടെ കടുത്ത ആരാധകനാണ്. ദുൽഖർ കാറിൽ നിന്നിറങ്ങിയപ്പോൾ തന്നെ ഞാൻ ശരിക്കും സിനിമയിലെ നായകൻ വരുന്നതുപോലെ സ്ലോ മോഷനിൽ സങ്കല്പിച്ചു. അടുത്തെത്തിയപ്പോൾ ചിരിച്ചുകൊണ്ട് ഷേക്ക് ഹാൻഡ് തന്നു. ശരിക്കും ഞാനപ്പോൾ ഒരു ഫാന്റസി ലോകത്തായിരുന്നു. ദുൽഖർ വളരെ ഫ്രണ്ട്ലിയാണ്.
അഭിഭാഷകനാവാൻ ആഗ്രഹിച്ചിരുന്നോ?
പഠനകാര്യങ്ങളിലൊക്കെ വളരെ മോശമായിരുന്നു. ഫൈനൽ പരീക്ഷയ്ക്ക് മാത്രം അത്യാവശ്യം കുഴപ്പമില്ലാത്ത മാർക്ക് വാങ്ങും. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ നിന്ന സമയത്താണ് നിയമ ഉപദേഷ്ടാവായാലോയെന്ന് ചിന്തിച്ചത്. അങ്ങനെയാണ് ഞാൻ എൽ.എൽ.ബിയുടെ എൻട്രൻസ് പരീക്ഷ എഴുതുന്നത്. എൻട്രൻസ് പരീക്ഷയിൽ അത്യാവശ്യം നല്ല റാങ്ക് ഉണ്ടായിരുന്നു. അങ്ങനെ കുസാറ്റിൽ നിന്ന് ഇന്റർവ്യൂ കാർഡ് വന്നു. പക്ഷേ ഇന്റർവ്യൂ ദിവസം രാവിലെ ഞാൻ ഉറക്കം എഴുന്നേൽക്കാൻ താമസിച്ചു. സംഭവം വീട്ടിലറിഞ്ഞ് ആകെ സീനായി. അതിന് ശേഷമാണ് ബി.കോമിനു ജോയിൻ ചെയ്യുന്നത്.
ഇതുവരെ അഭിനയിച്ചതിൽ ഏറ്റവും നല്ല അഭിപ്രായം നേടിയ ചിത്രം ?
ഞാൻ വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമല്ലേ അഭിനയിച്ചിട്ടുള്ളൂ . ദൈവം സഹായിച്ചു അഭിനയിച്ച എല്ലാ ചിത്രങ്ങളിലും സാമാന്യം നല്ല കഥാപാത്രങ്ങളാണ് ലഭിച്ചത്. ജൂണിലെയും ഉണ്ടയിലെയും കഥാപാത്രങ്ങളെക്കുറിച്ചു നല്ല അഭിപ്രായം ഉണ്ടായിരുന്നു. വരത്തനിലെ നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രം കുറെ പേർക്ക് ഇഷ്ടമായി. ഒരുപാട് നല്ല സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. അമൽ നീരദ്, അൻവർ റഷീദ് , രാജീവ് രവി തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കുകയെന്നത് എന്റെ സ്വപ്നമായിരുന്നു. രാജീവ് രവി സാറിന്റെ തുറമുഖം എന്ന ചിത്രത്തിലെ അഭിനയം വേറിട്ട അനുഭവമായിരുന്നു. എനിക്ക് വളരെ പേടിയായിരുന്നു രാജീവേട്ടനെ . എന്നാൽ സെറ്റിൽ ഇത്രയും സിമ്പിളായ മനുഷ്യൻ വേറെയില്ല.
മറക്കാൻ കഴിയാത്ത ഷൂട്ടിംഗ് അനുഭവങ്ങൾ?
പറവയും ബി.ടെക്കും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് തന്നത് . പറവയിൽ വളരെ കുറച്ചേ അഭിനയിക്കാൻ ഉണ്ടായിരുന്നുള്ളു.എന്നാൽ പോസ്റ്റ് പ്രൊഡക് ഷൻ , പ്രീ പ്രൊഡക് ഷൻ സമയത്തെല്ലാം ഞാൻ ആ ടീമിനോടൊപ്പം ഉണ്ടായിരുന്നു. പറവയിലെ അനുഭവം ശരിക്കും ഒരു യൂണിവേഴ് സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയ പോലെ ആയിരുന്നു.
ഒഴിവു സമയങ്ങൾ എങ്ങനെയാണ് വിനിയോഗിക്കുക?
ഷൂട്ട് ഇല്ലാത്ത സമയങ്ങളിൽ ഫാമിലിയുമായി എങ്ങോട്ടെങ്കിലും യാത്രപോകുന്നതാണ് പ്രധാന പരിപാടി. പിന്നെ പാർട്ണർഷിപ്പിൽ ചെറിയ ബിസിനസ് സംരംഭങ്ങളുണ്ട്. കാർ വാഷിംഗ് സെന്റർ, കൺസ്ട്രക്ഷൻ കമ്പനി, പാക്കറ്റ് ഫുഡ് ഫാക്ടറി തുടങ്ങിയ ബിസിനസ് സംരംഭങ്ങൾ നന്നായി പോകുന്നു. ഇപ്പോൾ അത്യാവശ്യം നല്ല തിരക്കായി വരുന്നു.
അർജുന്റേത് പ്രണയവിവാഹമായിരുന്നല്ലോ?
അതെ . ഭാര്യയുടെ പേര് നിഖിത.ഞങ്ങൾ ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത്. പതിനൊന്നാം ക്ലാസ് മുതൽ തുടങ്ങിയ പ്രണയമായിരുന്നു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് രണ്ടുപേരുടെയും വീട്ടുകാർക്ക് നേരത്തെ അറിയാമായിരുന്നു. നിഖിതയുടെ വീട്ടിൽ ആദ്യം ചെറിയ പ്രശ്നമൊക്കെ ഉണ്ടായെങ്കിലും പിന്നീട് എല്ലാം തണുത്തു. ബി.ടെക് സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് ഞങ്ങളുടെ വിവാഹത്തിന് രണ്ടു വീട്ടുകാരും പച്ചക്കൊടി കാണിച്ചത്.
സിനിമയിൽ വന്നശേഷമുള്ള മാറ്റം?
ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സംഭവിച്ചത്. പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയുന്നത് സന്തോഷമുള്ള കാര്യമാണ്. അതോടൊപ്പം സ്വകാര്യതയെയും ചെറുതായി ബാധിച്ചു തുടങ്ങിയെന്ന് പറയാം.ഭാര്യയോടൊപ്പം ഡിന്നർ കഴിക്കാനൊക്കെ പോകുമ്പോൾ പലരും അടുത്തേക്ക് വരും. എന്റെ സിനിമകൾ നന്നായെന്നു പറയുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ചിലർ മറ്റൊന്നും നോക്കാതെ സത്യം മുഖത്ത് നോക്കിത്തന്നെ പറയും. അപ്പോൾ ചെറിയ വിഷമമൊക്കെ തോന്നുമെങ്കിലും പിന്നീട് അതെല്ലാം മാറും.