തിരുവനന്തപുരം: പാലക്കാട്ട് ഗർഭിണിയായ ആന ചെരിഞ്ഞ സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയും അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്ത ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ.
ആനയുടെ ദാരുണാന്ത്യം രാജ്യത്താകെ വലിയ പ്രതിഷേധത്തിനിടവരുത്തി. എന്നാൽ ദൗർഭാഗ്യവശാൽ സംഭവത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ടവർക്കെതിരെ ഒരു വിഭാഗം ദുഷ്പ്രചാരണങ്ങൾ നടത്തിയെന്ന് വി.മുരളീധരൻ ആരോപിച്ചു. അവരുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ നടന്നു. സംഭവം നടന്ന സ്ഥലത്തിന്റെ പേര് പറഞ്ഞപ്പോൾ സംഭവിച്ച ഒരു ചെറിയ തെറ്റ് ഉയർത്തിക്കാട്ടി വിഷയത്തിൽ നിന്ന് ശ്രദ്ധതിരിച്ച് വിടാൻ ബോധപൂർവമായ നീക്കമുണ്ടായി. ഇത്തരം അനാവശ്യ വാക്പോരുക( അവസാനിപ്പിച്ച് മൃഗങ്ങൾക്കെതിരായ ക്രൂരതകൾ അവസാനിപ്പിക്കാനുള്ള മാർഗം തേടേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ട് പാലക്കാട്ട് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയും യഥാര്‍ഥ വസ്തുതകള്‍ അന്വേഷിക്കുന്നതിന് സമിതിയെ നിയോഗിക്കുകയും ചെയ്ത ബഹു. ദേശീയ ഹരിത ട്രൈബ്യൂണല്‍ നടപടിയെ സ്വാഗതം ചെയ്യുന്നു. സമിതി റിപ്പോര്‍ട്ടിന് ഒരുമാസമാണ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയും ഈ അന്വേഷണസമിതി സമര്‍പ്പിക്കേണ്ടതുണ്ട്.
വനം പരിസ്ഥിതി മന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി ശ്രീ സഞ്ജയ് കുമാറിന്‍റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗം ആന ചെരിഞ്ഞ സംഭവത്തിലെടുത്ത തുടര്‍ നടപടികള്‍ വിലയിരുത്തിയിരുന്നു. സൈലന്‍റ് വാലി ദേശീയോദ്യാനത്തിലെ ആനയുടെ ദാരുണാന്ത്യം രാജ്യത്താകെ വലിയ പ്രതിഷേധത്തിനിടവരുത്തി. മിണ്ടാപ്രാണിയുടെ ദയനീയ അന്ത്യം നമ്മെ എല്ലാവരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സംഭവത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ടവര്‍ക്കെതിരെ ഒരു വിഭാഗം ദുഷ്പ്രചാരണങ്ങള്‍ നടത്തി. അവരുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ നടന്നു.സംഭവം നടന്ന സ്ഥലത്തിന്റെ പേര് പറഞ്ഞപ്പോള്‍ സംഭവിച്ച ഒരു ചെറിയ തെറ്റ് ഉയര്‍ത്തിക്കാട്ടി വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാന്‍ ബോധപൂര്‍വമായ നീക്കമുണ്ടായി. ഇത്തരം അനാവശ്യ വാക്പോരുകള്‍ അവസാനിപ്പിച്ച് മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ അവസാനിപ്പിക്കാനുള്ള മാര്‍ഗം തേടേണ്ട സമയമാണിത്. ട്രൈബ്യൂണല്‍ ഉത്തരവോടെ മൃഗങ്ങള്‍ക്കെതിരായ അതിക്രമം വീണ്ടും സജീവചര്‍ച്ചാവിഷയമാവുകയാണ്. മൃഗങ്ങള്‍ക്ക് മേല്‍ നടത്തുന്ന ഏത് ആക്രമണവും ഭൂമിക്കുമേലുള്ള അതിക്രമമാണെന്ന് നാം മറന്നുകൂട. പൊതുസമൂഹവും വന്യജീവി സംരക്ഷകരും അത്തരം സംഭവങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗം കണ്ടെത്തണം. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നാം ഒന്നിച്ചു നില്‍ക്കണം. ആന ചെരിഞ്ഞസംഭവം വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള നമ്മുടെ മനോഭാവത്തില്‍ പുനര്‍വിചിന്തനത്തിനും അവയുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ തേടാനുമുള്ള അവസരമാണ് തുറന്നിട്ടിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചാലെ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനാകൂ. വന്യജീവികളുടെ സുസ്ഥിര ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ സംരക്ഷിക്കണം. അവയിലുള്ള മനുഷ്യന്‍റെ കടന്നുകയറ്റം അവസാനിപ്പിച്ചേ മതിയാകൂ.. ജനവാസമേഖലയിലെത്തുന്ന മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ വനാതിര്‍ത്തി ഗ്രാമങ്ങളിലെ താമസക്കാര്‍ വിവേകം കാട്ടണം. വനം ഉദ്യോഗസ്ഥരും ഗ്രാമവാസികളും തമ്മിലുള്ള കൃത്യമായ ആശയവിനിമയവും ഇതിന് അനിവാര്യമാണ്. ദൈനംദിനമുള്ള നിരീക്ഷണം ഇക്കാര്യത്തില്‍ ഉണ്ടാവണം. ദേശീയ ഹരിത ട്രൈബ്യൂണല്‍ നടപടികളെ ഗൗരവമായി കാണുകയും സഹകരിക്കുകയും ചെയ്യണമെന്ന് ഞാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. വന്യജീവിസംരക്ഷണത്തിനും മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനും നമുക്ക് കൂട്ടായി പ്രയത്നിക്കാം.