ഇന്ത്യയെ സാമ്പത്തിക ഘടനയ്ക്കും രാജ്യത്തിനും മോശമായി ഭാവിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് സവിശേഷതകൾ വിശദീകരിച്ച് ചരിത്രകാരനും സാമ്പത്തിക വിദഗ്ദ്ധനുമായ രാമചന്ദ്ര ഗുഹ. ദേശീയ മാദ്ധ്യമായ എൻ.ഡി.ടി.വിയുടെ ഓൺലൈൻ പതിപ്പിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. രാജ്യം കൊവിഡ് പ്രതിസന്ധിക്ക് മുൻപുതന്നെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന രാമചന്ദ്ര ഗുഹ, അതിന് കാരണമായത് മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ പെട്ടെന്നുള്ള വിയോഗമാണെന്ന മാദ്ധ്യമപ്രവർത്തക തവ്‌ലീൻ സിംഗിന്റെ നിരീക്ഷണത്തെ കുറിച്ചും പരാമർശിക്കുന്നുണ്ട്.
അരുൺ ജെയ്റ്റ്‌ലിയുടെ മരണത്തോടെ കേന്ദ്ര സർക്കാരിന്റെ താത്പര്യങ്ങളും പ്രതിച്ഛായയും പെട്ടെന്നുള്ള മാറ്റത്തിന് വിധേയമായി എന്ന് ഒരു ദേശീയ മാദ്ധ്യമത്തിൽ വന്ന ലേഖനത്തിലൂടെ തവ്‌ലീൻ സിംഗ് വിശദീകരിച്ചിരുന്നു. പ്രധാനമായും മോദിയുടെ വ്യക്തിത്വത്തിന്റെ മൂന്ന് സവിശേഷതകളാണ് രാജ്യത്തെ ദോഷകരമായി ബാധിച്ചതായി രാമചന്ദ്ര ഗുഹ പറയുന്നത്. ഒന്നാമതായി ഉപദേശകരുടെയും വിദഗ്ദരുടെയും കാര്യത്തിൽ അദ്ദേഹം വച്ചുപുലർത്തുന്ന വിശ്വാസമില്ലായ്മയാണ്. മോദിയെപ്പോലെ സ്വന്തം അദ്ധ്വാനം കൊണ്ട് രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരെ എത്തിയ ഒരാൾക്ക് മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കാൻ വിമുഖതയുണ്ടണ്ടാകുമെന്ന് രാമചന്ദ്ര ഗുഹ നിരീക്ഷിക്കുന്നു.
അതുകൊണ്ടാണ് മുൻ റിസർവ് ബാങ്ക് ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജനെ പോലെയൊരാളുടെ നിർദ്ദേശം ചെവിക്കൊള്ളാതെ മോദി നോട്ടുനിരോധനം പോലെ സാമ്പത്തിക മേഖലയ്ക്ക് അങ്ങേയറ്റം വിനാശകരമായ ഒരു തീരുമാനം നടപ്പാക്കിടയതെന്നും അദ്ദേഹം പറയുന്നു. തന്നോട് വിധേയരായി മാത്രം നിൽക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെയും സാമ്പത്തിക വിദഗ്ദരെയും മാത്രമാണ് മോദി എപ്പോഴും ഒപ്പം കൂട്ടുകയെന്നും ഇവരിൽ കൂടുതൽ പേരും ഗുജറാത്തിൽ നിന്നും വരുന്നവരാണെന്നും രാമചന്ദ്ര ഗുഹ തന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം മുൻപ് കേന്ദ്രത്തിൽ അധികാരം കൈയ്യാളിയിരുന്ന കോൺഗ്രസ് സർക്കാരിന് കീഴിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരോട് അദ്ദേഹം അകൽച്ചയും പുച്ഛവും വച്ചുപുലർത്തുന്നുണ്ടെന്നും ലേഖനത്തിലുണ്ട്.
രണ്ടാമതായി, മോദിക്ക് ചുറ്റും രൂപപ്പെട്ടിട്ടുള്ള വ്യക്തിപ്രഭാവം രാജ്യത്തിന് ദോഷം ചെയ്യുന്നുവെന്നും രാമചന്ദ്ര ഗുഹ പറയുന്നു. ഇന്ത്യയെ പോലെ ഒരു സങ്കീർണ്ണവും വിവിധ വ്യത്യസ്തതകൾ ഉൾക്കൊള്ളുന്നതുമായ ഒരു ജനസമൂഹത്തെ മോദിയെ പോലെ ഒറ്റയൊരാളുടെ നിശ്ചയദാർട്യം കൊണ്ടുമാത്രം മുന്നോട്ട് കൊണ്ടുപോകാനാവില്ല. 'മോദിക്ക് മാത്രമാണ് തീവ്രവാദത്തെ ഇല്ലാതാക്കാൻ സാധിക്കുക...പാകിസ്ഥാനെയും ചൈനയെയും നാണംകെടുത്താൻ മോദിക്കേ സാധിക്കുകയുള്ളൂ...തുടങ്ങിയ പ്രസ്താവനകൾ അടിസ്ഥാനമില്ലാത്തതാണ്' അദ്ദേഹം പറയുന്നു. ഉദ്യോഗസ്ഥവൃന്ദവുമായും സാമ്പത്തിക/ആരോഗ്യ വിദഗ്ദരുമായും സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ മാത്രമേ മോദിക്ക് രാജ്യത്തെ മുൻപോട്ട് നയിക്കാൻ സാധിക്കുകയുള്ളൂ എന്നും രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിവ് അനുസരിച്ചില്ല, തന്നോടുള്ള വിധേയത്വം കണക്കാക്കിയാണ് മോദി ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്. മാത്രമല്ല തന്റെ അധികാരം ആരെങ്കിലും ചോദ്യം ചെയ്യുമോ എന്നുള്ള അരക്ഷിതാവസ്ഥയും അദ്ദേഹം നേരിടുന്നുണ്ട്. രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന് ദോഷം വരുത്തുന്ന മൂന്നാമത്തെ കാര്യം ഇന്ത്യയിലെ മുസ്ലിം സമൂഹത്തോട് മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും വച്ചുപുലർത്തുന്ന വിരോധവും അവഗണനയുമാണെന്നും രാമചന്ദ്ര ഗുഹ പറയുന്നു. അതോടൊപ്പം അദ്ദേഹം പിന്തുടരുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രവും രാജ്യത്തെ പിന്നോട്ടടിക്കുന്നുണ്ട്.
'കോൺഗ്രസിന്റെ അഴിമതിയും സ്വജന പക്ഷപാതത്തോടെയുള്ള നയങ്ങൾ വെറുതെ ജനങ്ങൾ, മോദി രാജ്യത്തിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കരുതിയാണ് അദ്ദേഹത്തിന് വോട്ട് ചെയ്യുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചുകൊണ്ട് മുസ്ലീങ്ങൾക്ക് നേരെ വിരോധം വച്ചുപുലർത്തുന്നത് കൊണ്ടാണ് അദ്ദേഹം തന്റെ പാർട്ടിക്കാർ നടത്തുന്ന അങ്ങേയറ്റം വിദ്വേഷകരമായ പരാമർശങ്ങളെ അവഗണിക്കുന്നത്. തബ്‌ലീഗി ജമാഅത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കൊവിഡ് പരത്തിയത് മുസ്ലീങ്ങളാണ് എന്ന തരത്തിൽ വ്യാപക പ്രചാരണം വന്നപ്പോഴും അദ്ദേഹം ഒന്നും മിണ്ടിയില്ല.' രാമചന്ദ്ര ഗുഹ പറയുന്നു. ഈ നടപടികൾക്ക് ചരിത്രം അദ്ദേഹത്തെ നിർദ്ദയം വിധിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.