തിരുവനന്തപുരം: ടിവി ഇല്ലാത്തതിനാൽ വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികളുടെ പഠന സഹായത്തിനായി കേരള സ്‌കൂൾ ടീചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ടെലിവിഷൻ വിതരണം ചെയ്തു. ഒന്നാം ഘട്ടമായി രണ്ടുകോടി രൂപ ചെലവഴിച്ച് 2500 ടിവിയാണ് കുട്ടികൾക്കു നൽകുന്നത്. കെ.എസ്.ടി.എ ജില്ലാകമ്മിറ്റി നൽകുന്ന 500 ടിവിയുടെ വിതരണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഗാന്ധിപുരത്തു നടന്ന ചടങ്ങിൽ കെ.എസ്.ടി.എ ജില്ലാപ്രസിഡന്റ് സിജോവ് സത്യൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ, സംസ്ഥാന നേതാക്കളായ എൻ.ടി. ശിവരാജൻ, പി.വി. രാജേഷ്, എ.നജീബ്, എൻ. രത്നകുമാർ, ജില്ലാസെക്രട്ടറി വി. അജയകുമാർ എന്നിവർ സംസാരിച്ചു.