ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളിലും ഏതാനും സ്വകാര്യ ആശുപത്രികളിലും ഡൽഹി നിവാസികൾക്ക് മാത്രം ചികിത്സ നൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ തീരുമാനത്തിന് തിരിച്ചടി. ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലാണ് ഡൽഹി സർക്കാരിന്റെ ഈ തീരുമാനത്തെ ഇപ്പോൾ റദ്ധാക്കിയിരിക്കുന്നത്. ഡൽഹിയിൽ എല്ലാവർക്കും ചികിത്സ നൽകുമെന്നും ഡൽഹി നിവാസിയല്ല എന്ന കാരണത്താൻ ഒരാൾക്കും ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും ഗവർണർ നിർദേശിച്ചിട്ടുമുണ്ട്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയുംവേണ്ട ചികിത്സ ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഡൽഹിയിലെ ആം ആദ്മി സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത്. അതിർത്തി സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ കുത്തൊഴുക്ക് തടയുന്നതിനാണിതെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഈ തീരുമാനത്തെ ന്യയീകരിച്ചിരുന്നത്. അതേസമയം, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിൽ നിയന്ത്രണങ്ങളില്ല.
തീരുമാനമെടുക്കും മുൻപ് ഡൽഹി മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പൊതുജനാഭിപ്രായം തേടിയിരുന്നു. 90 ശതമാനം പേരും ചികിത്സ ഡൽഹിക്കാർക്ക്മാത്രമായി ചുരുക്കണമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. തുടർന്ന് ഡോക്ടർമാരുൾപ്പെടെയുള്ള അഞ്ചംഗ വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണു അന്തിമതീരുമാനമെടുത്തത്.കേജ്രിവാളിന്റെ തീരുമാനം മലയാളികളുൾപ്പടെ ഇതര സംസ്ഥാനക്കാരെ ആശങ്കപ്പെടുത്തിയിരുന്നു.