ഹൈദരാബാദ്: തെലങ്കാനയിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പരീക്ഷ വേണ്ടെന്ന് വച്ച് സർക്കാർ. പരീക്ഷ ഇല്ലാതെ തന്നെ വിദ്യാർത്ഥികളെ ജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം.
ഇന്ന് മുതൽ ജൂലായ് അഞ്ച് വരെയായിരുന്നു പത്താംക്ലാസ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് വിദ്യാർത്ഥികൾ രജിസ്ട്രേഷനും പൂർത്തിയാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ ഇന്റേണൽ അസെയ്ൻമെന്റുകളിൽ ലഭിച്ച മാർക്കുകളുടെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ നൽകി ജയിപ്പിക്കാനാണ് തീരുമാനമെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ സർക്കാർ അറിയിച്ചു.
തെലങ്കാനയിൽ ഈ വർഷം 5.35 ലക്ഷം പത്താം ക്ലാസ് വിദ്യാർത്ഥികളാണുള്ളത്. ബിരുദ, ബിരുദാനന്തര തലങ്ങളിലെ പരീക്ഷയുടെ കാര്യം വരുംദിവസങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.