noose

മാൻസ: ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതിനാൽ രാജ്യത്ത് വീണ്ടും ആത്മഹത്യ. തനിക്ക് സ്മാർട്ട് ഫോണില്ലാത്തതിനാലാണ് പഞ്ചാബില്‍ പതിനൊന്നാം ക്‌ളാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. സംസ്ഥാനത്തെ മാൻസ ജില്ലയിലെ പതിനേഴ് വയസുകാരിയാണ് ആത്മഹത്യ ചെയ്തത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മാതാപിതാക്കളോട് പെൺകുട്ടി ഫോണ്‍ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കർഷക തൊഴിലാളികളായ മാതാപിതാക്കൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പെൺകുട്ടിക്ക് ഫോൺ വാങ്ങി നൽകാൻ സാധിച്ചില്ല. തുടർന്ന് മാനസിക വിഷമം താങ്ങാനാകാതെ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പഞ്ചാബ് പൊലീസ് പറയുന്നു.

കൊറോണ വൈറസ് കാരണം സ്മാർട്ട് ഫോൺ നൽകുന്ന പദ്ധതി തനിക്ക് പൂർത്തിയാക്കാന്‍ സാധിച്ചില്ലെന്ന് നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു. അടുത്തിടെ, ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്തതിനാൽ കേരളത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലെ ദേവികയാണ് ഇക്കാരണത്താൽ ജീവനൊടുക്കിയത്.