virat-williamson

വെല്ലിംഗ്ടൺ: കൃത്യമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും കൂടുതൽ മെച്ചപ്പെടണമെന്ന അതിയായ ആഗ്രഹവും കഠിനാധ്വാനവുമാണ് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയെ ഇത്രയും മികച്ച ക്രിക്കറ്ററും ബൗളർമാരുടെ പേടിസ്വപ്നവും ആക്കിയതെന്ന് ന്യൂസിലൻഡ് ക്യാപ്ടൻ കെയ്ൻ വില്യംസൺ.സ്റ്രാർ സ്പോർട്സ് ഷോയായ ക്രിക്കറ്ര് കണക്‌റ്റഡിലാണ് വില്യംസണിന്റെ അഭിപ്രായ പ്രകടനം.

വളരെ ചെറുപ്പത്തിൽ തന്നെ കൊഹ്‌ലിയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഇത്രയും നീണ്ട കാലയളവിൽ ഒന്നിച്ച് പരസ്പരം മത്സരിക്കാനും ഭാഗ്യമുണ്ടായി. കൊഹ്‌ലിയുടെ വളർച്ചയും നേട്ടങ്ങളും അടുത്ത് നിന്ന് കാണാൻ കഴിഞ്ഞു. ജന്മസിദ്ധമായി കിട്ടിയ കഴിവുകൾ മാത്രമല്ല കൂടുതൽ മെച്ചപ്പെടണമെന്ന അതിയായ ആഗ്രഹവും ഓരോ ദിവസവും മികവ് വർദ്ധിപ്പിക്കാനുള്ള കഠിന ശ്രമങ്ങളും അദ്ദേഹത്തിന്റെ വളർച്ചയുടെ ചാലകശക്തിയായി. കുറച്ച് നാളായി ക്രിക്കറ്രിനെ കുറിച്ച് ഞങ്ങൾ സജീവമായി ചർച്ച ചെയ്യാറുണ്ട്. ക്രിക്കറ്രിൽ വന്ന മാറ്രങ്ങളും ഇന്നത്തെ ശൈലികളുമൊക്കെ വിഷയമാകാറുണ്ട്. പലകാര്യങ്ങളിലും ഒരേ അഭിപ്രായമാണ് ഞങ്ങൾക്ക്. - വില്യംസൺ പറഞ്ഞു. അണ്ടർ 19 തലം മുതൽ കൊഹ്‌ലിയും വില്യംസണും സുഹൃത്തുക്കളാണ്. ഇന്ത്യയുടെ കഴിഞ്ഞ ന്യൂസിലൻഡ് പര്യടനത്തിൽ ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെ ബൗണ്ടറി ലൈനരികിലെ പരസ്യബോർഡിൽ ചാരിയിരുന്നു വർത്തമാനം പറയുന്ന കൊഹ്‌ലിയുടെയും വില്യംസണിന്റെയും വീഡിയോയും ചിത്രങ്ങളും ഏറെ വൈറലായിരുന്നു.

ആസ്ട്രേലിയയിൽ നടന്ന ടെസ്റ്ര് പരമ്പരയിൽ കിവീസ് സമ്പൂർണ തോൽവി ഏറ്രുവാങ്ങിയ സമയത്ത് വില്യംസണ് പിന്തുണയുമായി കൊഹ്‌ലി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം വില്യംസണോടൊപ്പം സംസാരിച്ചുകൊണ്ട് നടന്നു പോകുന്ന ചിത്രം കൊഹ്‌ലി തന്റെ ഇൻസ്റ്രഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.