തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ ഇന്നുമുതൽ തുറക്കാനും ഭക്തജനങ്ങളെ പ്രവേശിപ്പിക്കാനും സർക്കാർ അനുമതി നൽകിയെങ്കിലും നല്ലാെരു വിഭാഗവും അതിന് ഒരുക്കമല്ല. അതേസമയം, തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വങ്ങളിലെ മുഴുവൻ ക്ഷേത്രങ്ങളിലും ഭക്തജനങ്ങളെ പ്രവേശിപ്പിക്കും. ശബരിമല മാസപൂജയ്ക്കായി ജൂൺ 14ന് നട തുറക്കും.
ഐ.എ.എസ് ഉദ്യോഗസ്ഥൻ എക്സിക്യൂട്ടീവ് ഓഫീസറായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഈ മാസം 30വരെ തുറക്കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. ആറ്റുകാൽ ക്ഷേത്രവും തുറക്കില്ല.
സിറോ മലബാർ സഭയും യാക്കോബായ സഭയും പള്ളികൾ തുറക്കേണ്ടതില്ലെന്ന നിലപാടിലാണ്. മാർത്തോമ സഭയുടെ പള്ളികൾ തുറക്കില്ലെന്ന് മെത്രാപ്പൊലീത്ത ജോസഫ് മാർത്തോമ അറിയിച്ചു.
എറണാകുളം, അങ്കമാലി അതിരൂപതയും പള്ളികൾ തുറക്കില്ല.
സർക്കാർ ഉപാധികൾ പാലിക്കാൻ കഴിയുന്ന പള്ളികൾ മാത്രമേ തുറക്കാവൂ എന്നു കാത്തലിക് ബിഷപ് കോൺഫറൻസ് ഒഫ് ഇന്ത്യ നിർദേശം നൽകിയിട്ടുണ്ട്.
മലങ്കര സഭയുടെ പള്ളികൾ തുറക്കും.
ലത്തീൻ,വരാപ്പുഴ അതിരൂപതകളിലെ പള്ളികൾ തുറക്കുമെങ്കിലും തീർത്ഥാടന കേന്ദ്രങ്ങൾ തുറക്കില്ല.
ഗ്രാമങ്ങളിലെ ഓരോ മഹല്ലിലും വരുന്നവരെ അറിയുകയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്താൽ പള്ളികൾ തുറക്കാമെന്ന് മുസ്ലിം മത നേതൃത്വം പറയുന്നു.
നഗരങ്ങളിലെ മുസ്ലിം പള്ളികൾ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എ.പി.സുന്നിവിഭാഗം, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവയുടെ നിയന്ത്രണത്തിലുള്ള ഭൂരിപക്ഷം പള്ളികളും അടഞ്ഞുകിടക്കും.
ക്ഷേത്രങ്ങളെ ചൊല്ലി വിവാദം
ക്ഷേത്രങ്ങൾ തുറക്കാനുളള തീരുമാനത്തിനെതിരെ ചില സംഘടനകൾ രംഗത്തു വന്നു. വിശ്വാസികളുടെ പണം തട്ടാനാണിതെന്ന് ക്ഷേത്ര സംരക്ഷണസമിതിയും ബി.ജെ.പിയും ആരോപിച്ചു. ഇവർ മലക്കം മറിയുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. തിരക്കിട്ട് സർക്കാർ മുൻഗണന നൽകേണ്ടത് അന്തിത്തിരി കത്തിക്കാൻ വകയില്ലാത്ത ക്ഷേത്രങ്ങളെ സഹായിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
ഗുരുവായൂർ ദർശനം
രാവിലെ 9.30 മുതൽ
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നു രാവിലെ 9.30മുതൽ 1.30വരെ ദർശനം അനുവദിക്കും. ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്കാണ് അവസരം. 300 പേർക്കാണ് ഇന്ന് അനുമതി. നിവേദ്യം,തീർത്ഥം,ചന്ദനം, പ്രസാദം നൽകില്ല. ഭക്തർക്ക് ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കാം.
എൻ.എസ്.എസ് ക്ഷേത്രങ്ങൾ ദർശനം അനുവദിക്കില്ല :
നായർ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ദിവസപൂജകൾ തുടരുമെന്നും വിശ്വാസികൾക്ക് ദർശനം അനുവദിക്കില്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.
ോസുകുമാരൻ നായർ
യോഗത്തിന്റെ ക്ഷേത്രങ്ങൾ
തുറക്കും: വെള്ളാപ്പള്ളി
എസ്.എൻ.ഡി.പി യോഗത്തിനു കീഴിലുള്ള ക്ഷേത്രങ്ങൾ ഇന്നു തുറക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. രണ്ടായിരത്തോളം ക്ഷേത്രങ്ങളും ഗുരു ക്ഷേത്രങ്ങളുമുണ്ട്. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ പാലിച്ച് തീർത്ഥാടകർക്ക് പ്രവേശനം നൽകും.
തലസ്ഥാനത്ത്
ബീമാ പള്ളിയും കരിക്കകം ക്ഷേത്രവും ഇന്നു തുറക്കും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും ആറ്റുകാൽ ക്ഷത്രവും പാളയം സെന്റ് ജോസഫ്സ് പള്ളിയും മുസ്ലിം പള്ളിയും തുറക്കില്ല.
ശുചീകരണം നടത്തി
ഇന്നു തുറക്കുന്ന പള്ളികളിലും ക്ഷേത്രങ്ങളിലും ഇന്നലെ ശുചീകരണവും അണുനാശിനി പ്രയോഗവും നടത്തി.