തിരുവനന്തപുരം: സി.പി.എമ്മിന്റെ ചാക്കിൽ കയറുന്നവരല്ല യു.ഡി.എഫിലെ ഘടകകക്ഷികളെന്ന പ്രസ്താവനയുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എൽ.ഡി.എഫ് വിപുലീകരണമെന്ന ആശയം പരാജയഭീതി കൊണ്ടാണെന്നും എൽ.ഡി.എഫ് ദുർബലമായ മുന്നണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുമുന്നണിയിലും സി.പി.എമ്മിലും വല്ലാത്ത അന്തർസംഘർഷമുണ്ട്.
അതേസമയം, സമവായമാണ് യു.ഡി.എഫിന്റെ നയം. എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ട് പോകും. മുല്ലപ്പള്ളി പറഞ്ഞു. ഓൺലൈൻ പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ വിദ്യാർത്ഥികളെ വഞ്ചിച്ചതിൽ പ്രതിഷേധിച്ച് ഡി.പി.ഐ ഓഫീസിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുല്ലപ്പള്ളി.
വിദ്യാഭ്യാസ രംഗത്ത് തുല്യത ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഓണ്‍ലൈൻ പാഠ്യപദ്ധതിയെ കോൺഗ്രസ് സ്വാഗതം ചെയുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്താൻ ഈ സർക്കാരിനു കഴിഞ്ഞില്ല. ദേവികയുടെ മരണത്തിന് സർക്കാരാണ് ഉത്തരവാദിഎന്നും രാജ്യത്തെ ഡിജിറ്റൽ യുഗത്തിലേക്ക് നയിച്ചതു കോണ്‍ഗ്രസാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു