taj-hotel-tvm-inside

തിരുവനന്തപുരം: സംസ്ഥാനത്ത് റസ്റ്റോറന്റുകളും ഹോട്ടലുകളും മാളുകളും ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും. മലബാർ മേഖലയിൽ റസ്റ്റോറന്റുകൾ തുറക്കില്ല,​ കൊവിഡ് ബാധ കൂടിയ സാഹചര്യത്തിൽ നിലവിലുള്ള പാഴ്സൽ സംവിധാനം തുടരാമെന്നാണ് അതാത് ജില്ലാ കളക്ടർമാർ വിളിച്ച യോഗത്തിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചത്. കോഴിക്കോട്,​ മലപ്പുറം,​ കണ്ണൂർ ജില്ലകളിൽ പൂർണമായും റസ്റ്റോറന്റുകൾ നിലവിലെ രീതി തുടരും. വയനാട്,​ കാസർകോട് ജില്ലകളിൽ ഭാഗികമായി റസ്റ്റോറന്റുകൾ തുറക്കും. അതേസമയം മറ്റ് ജില്ലകളിലെന്ന പോലെ ഇവിടങ്ങളിൽ താമസസൗകര്യം ഒരുക്കുന്ന ഹോട്ടലുകൾ ഇന്നു മുതൽ തുറക്കും. തുറക്കുന്ന ഹോട്ടലുകളിലും മാളുകളിലുമെല്ലാം ഇന്നലെ അണുനശീകരണ പ്രവർത്തനങ്ങൾ നടന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുവേണം പ്രവർത്തിക്കാൻ. മാളുകളിൽ തീയേറ്ററുകൾ,​ കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ പ്രവർത്തിക്കില്ല. കൊച്ചിയിലെ ഏറ്റവും വലിയ വ്യാപാരകേന്ദ്രമായ ലുലുമാൾ ഉൾപ്പെടെ ഇന്നു തുറക്കും. ഇവിടെ കർശന സുരക്ഷാ മുൻകരുതലുകൾ ഏർപെടുത്തിയതായി മാനേജ്‌മെന്റ് അറിയിച്ചു.

ഭായിമാരില്ലാത്തത് ബാധിക്കും

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ജീവനക്കാരായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാൻ സാദ്ധ്യതയുണ്ട്. ആദ്യഘട്ടത്തിൽ നാമമാത്രമായ തൊഴിലാളികളുമായിട്ടായിരിക്കും ഹോട്ടലുകൾ പ്രവർത്തിക്കുക.

''സമൂഹത്തിന്റെ സുരക്ഷയാണ് പ്രധാനം. മലബാറിൽ സ്ഥിതിഗതി രൂക്ഷമായതിനാൽ ഹോട്ടലുകളും റസ്റ്റോറന്റുകളും പാഴ്സൽ സംവിധാനം മാത്രമായി പ്രവർത്തിച്ചാൽ മതിയെന്ന് തീരുമാനിച്ചത്''

- മൊയ്തീൻകുട്ടി ഹാജി,​ പ്രസിഡന്റ്,​ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

ലോക്ക് ഡൗൺ നഷ്ടം 10,000 കോടി

സംസ്ഥാനത്ത് രണ്ടു മാസത്തിലേറെ അടഞ്ഞു കിടന്നപ്പോൾ ഹോട്ടൽ മേഖലയ്ക്ക നഷ്ടം പതിനായിരം കോടിയിലേറെ. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ ഹോട്ടലുകളുടെ ആകെ വരുമാനം 45,​000 കോടി രൂപയായിരുന്നു. ഓരോ വർഷം കഴിയുമ്പോഴും വരുമാനത്തിൽ 20 മുതൽ 24 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകാറുണ്ട്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള മാർച്ചിലെ ദിനങ്ങളും ഈ മാസം ഇന്നലെ വരെയുള്ള ദിനങ്ങളും കൂട്ടുമ്പോൾ നഷ്ടം പതിനായിരം കോടി കവിയും.