ടെസ്റ്റ് കമന്റേറ്ററായി കരുത്തരായ പുരുഷന്മാർ മാത്രം മതിയെന്ന് ജെഫ് ബോയ്ക്കോട്ട്
ബോയ്ക്കോട്ടിനെ കടുത്തഭാഷയിൽ വിമർശിച്ച് മുൻ ഒാസീസ് വനിതാതാരം ലിസ സ്റ്റലേക്കർ
മെൽബൺ : അന്താരാഷ്ട്ര തലത്തിൽ ടെസ്റ്റ് ക്രിക്കറ്റ് കളിച്ച് പരിചയമുള്ള പുരുഷ താരങ്ങളെ മാത്രമേ രാജ്യാന്തര ടെസ്റ്റ് മത്സരങ്ങളുടെ വിശകലനത്തിന് കമന്റേറ്ററായി അനുവദിക്കാവൂ എന്ന മുൻ ഇംഗ്ലണ്ട് താരവും പ്രശസ്ത കമന്റേറ്ററുമായ ജെഫ് ബോയ്ക്കോട്ടിന്റെ നിർദ്ദേശത്തെ പുച്ഛിച്ച് തള്ളി മുൻ ഓസീസ് വനിതാ താരവും കമന്റേറ്ററുമായ ലിസ സ്റ്റലേക്കർ.
ലണ്ടൻ ടെലഗ്രാഫിലെഴുതിയ കോളത്തിലാണ് ടെസ്റ്റിൽ കളിച്ച പുരുഷ താരങ്ങളെ മാത്രമേ മത്സരങ്ങളുടെ വിശകലനത്തിന് നിയോഗിക്കാവൂ എന്ന് ബോയ്ക്കോട്ട് ആവശ്യപ്പെട്ടത്. ഇത്തരക്കാർക്കു മാത്രമേ ക്രിക്കറ്റ് കമന്ററിയിൽ വിജയിക്കാനാകൂ എന്നായിരുന്നു ബോയ്ക്കോട്ടിന്റെ വാദം.
ക്രിക്കറ്റ് മത്സരങ്ങളുടെ സമ്മർദ്ദവും വികാരവും സാങ്കേതികതയും പുസ്തകം വായിച്ചതുകൊണ്ടോ രണ്ടാം നിര ടീമുകളിലോ ക്ലബ് ക്രിക്കറ്റിലോ, വനിതാ ക്രിക്കറ്റിലോ കളിച്ചതുകൊണ്ടോ അറിയാനാവില്ലെന്നും ക്രിക്കറ്റിൽ വനിതകളും മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ടെങ്കിലും പുരുഷ ക്രിക്കറ്റിന്റെ കരുത്തോ വേഗതയോ അതിനില്ലെന്നും ബോയ്ക്കോട്ട് എഴുതിയിരുന്നു
എന്നാൽ കമന്ററിക്ക് മേൽപ്പറഞ്ഞ കരുത്തുമായോ വേഗതയുമായോ യാതൊരു ബന്ധവുമില്ലെന്ന് കമന്റേറ്റർ കൂടിയായ സ്റ്റലേക്കർ ചൂണ്ടിക്കാട്ടി. കരുത്തുമായി കമന്ററിക്ക് ഒരു ബന്ധവുമില്ല. വേഗതയിലും കാര്യമില്ല. ഇതെല്ലാം പുരുഷ ക്രിക്കറ്റിന്റെ പ്രത്യേകതകളായിരിക്കാം. നിലവിൽ വനിതാ ക്രിക്കറ്റ് ശാന്തവും സുന്ദരവുമാണ്. വനിതാ ക്രിക്കറ്റിനെ പുരുഷ ക്രിക്കറ്റുമായി താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല. രണ്ടും രണ്ടാണെന്ന് സ്റ്റലേക്കർ ചൂണ്ടിക്കാട്ടി.
പുരുഷ ക്രിക്കറ്റിന്റെ കരുത്തോ വേഗതയോ വനിതാക്രിക്കറ്റിനില്ല.ക്രിക്കറ്റ് മത്സരങ്ങളുടെ സമ്മർദ്ദവും വികാരവും സാങ്കേതികതയും പുസ്തകം വായിച്ചതുകൊണ്ടോ രണ്ടാം നിര ടീമുകളിലോ ക്ലബ് ക്രിക്കറ്റിലോ, വനിതാ ക്രിക്കറ്റിലോ കളിച്ചതുകൊണ്ടോ അറിയാനാവില്ല
ജെഫ് ബോയ്ക്കോട്ട്
ടെസ്റ്റിൽ കളിച്ചിരുന്ന കാലത്ത് ബോയ്ക്കോട്ടിന്റെ പ്രകടനത്തിൽ അദ്ദേഹം പറയുന്ന ‘കരുത്തൊ’ന്നും കാണാൻ കഴിഞ്ഞിട്ടില്ല. ബോയ്ക്കോട്ടിന്റെ സ്ട്രൈക്ക് റേറ്റ് ഒന്നെടുത്തു നോക്കൂ. അക്കാലത്തെ ചില വനിതാ താരങ്ങളുടെ അത്ര പോലും വരില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹം എല്ലാം അവസാനിപ്പിച്ച് വിശ്രമിക്കേണ്ട സമയമായി. ഒരു തലമുറയുടെ മാത്രം മികച്ച ക്രിക്കറ്റ് താരമെന്ന നിലയിൽ നമുക്ക് അദ്ദേഹത്തെ എന്നും ഓർക്കാം.
ലിസ സ്റ്റലേക്കർ
ലിസ സ്റ്റലേക്കർ
ആസ്ട്രേലിയയ്ക്കായി എട്ട് ടെസ്റ്റുകളും 125 ഏകദിനങ്ങളും 54 ട്വന്റി20 മത്സരങ്ങളും കളിച്ചു.
ടെസ്റ്റിൽ 416, ഏകദിനത്തിൽ 2728, ട്വന്റി20യിൽ 769 റൺസ് എന്നിങ്ങനെയാണ് സമ്പാദ്യം.
ജെഫ് ബോയ്ക്കോട്ട്
1964–1982 കാലഘട്ടത്തിൽ ഇംഗ്ലണ്ടിനായി കളിച്ചു.
108 ടെസ്റ്റുകളിൽനിന്ന് 8114 റൺസ് നേടിയിട്ടുണ്ട്.