gomathi

ഏഷ്യൻ മെഡൽ നഷ്ടമാകും

മോസ്കോ : ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ അത്‌ലറ്ര് ഗോമതി മാരിമുത്തുവിന് നാല് വർഷത്തെ വിലക്ക്. ഏഷ്യൻ അത്‌ലറ്രിക് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ നേടിയ സ്വർണവും ഗോമതിക്ക് നഷ്ടമാകും. ഗോമതിയുടെ സാമ്പിളിൽ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് അത്‌ലറ്രിക് ഇന്റഗ്രിറ്രി യൂണിറ്റ് നാല് വർഷത്തെ വിലക്കേർപ്പെടുത്തിയത്. ഒരു ലക്ഷം രൂപ പിഴയുമടയ്ക്കണം. മുൻകാല പ്രാബല്യത്തോടെ 2019 മെയ് 17 മുതൽ 2023 മെയ് 16 വരെയാണ് വിലക്ക്. കഴിഞ്ഞ വർഷം മാർച്ച് 18 മുതൽ മേയ് 17വരെയുള്ള ഗോമതിയുടെ മത്സരഫലങ്ങളെല്ലാം റദ്ദാക്കിയതിനൊപ്പം, റാങ്കിംഗ് പോയന്റ്, പ്രൈസ് മണിയെല്ലാം നഷ്ടമാകും. കഴിഞ്ഞ വർഷം മാർച്ച് 18ന് പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിനിടെ ശേഖരിച്ച ഗോമതിയുടെ രണ്ട് മൂത്ര സാംപിളിലും ഏപ്രിലിൽ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ട്രയൽസിനിടെ ശേഖരിച്ച രണ്ട് മൂത്ര സാംപിളിലും നിരോധിത മരുന്നായ ആൻഡ്രോസ്‌റ്രിറോണിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.