ജനീവ: കൊവിഡ് വ്യാപനം ആഗോള തലത്തിൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. ലോകമെമ്പാടും 1,36,000 കേസുകൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ ഒരു ദിവസം റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കൊവിഡ് വ്യാപനം ആരംഭിച്ചിട്ട് ആറുമാസത്തോളമായെങ്കിലും രാജ്യങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഗ്വാട്ടിമാല ഉൾപ്പെടെയുള്ള മധ്യ അമേരിക്കൻ രാജ്യങ്ങളിൽ അണുബാധ ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ചില രാജ്യങ്ങളിൽ രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് അപൂർവമാണെന്ന് ലോകാരോഗ്യ സംഘടന പകർച്ചവ്യാധി വിദഗ്ദ്ധനായ വാൻ കോർകോവ് പറഞ്ഞു.അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 71.93 ലക്ഷം പിന്നിട്ടു. മരണ സംഖ്യ 4.08 ആയി ഉയർന്നു. അമേരിക്കയിൽ മാത്രം 20 ലക്ഷത്തിൽ കൂടുതലാളുകൾക്കാണ് രോഗം ബാധിച്ചത്.