local

തിരൂർ: കെെലാസ സ്വാമി ലോട്ടറി വിൽപ്പന തുടങ്ങിയിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു. 78 വയസുകാരനായ ഇദ്ദേഹം ലോട്ടറി വിൽപ്പന തൊഴിലാക്കിയതിനു പിന്നിൽ ഒരു കാരണംകൂടിയുണ്ട്. തൊഴിലിലൂടെ തിരയുന്നത് സ്വന്തം മകനെത്തന്നെയാണ്. ലോട്ടറി വിൽപ്പന നടത്തുമ്പോൾ സ്വന്തം മകനെയും അദ്ദേഹം ആളുകൾക്കിടയിൽ തിരയും.

15ാം വയസിലാണ് മകൻ സബ്രഹ്മണ്യം വീടുവിട്ടു പോകുന്നത്. സ്വന്തം മകൻ തങ്ങളെ ഉപേക്ഷിച്ചു പോയതെന്തിനെന്നുള്ള കാരണം സ്വമിക്ക് ഇപ്പോഴും അറിയില്ല. പാലക്കാട്ട് ഉണ്ടാകുമെന്ന് കരുതി ആദ്യം അവിടെ കുറെ തിരഞ്ഞു. തിരച്ചിലിനു പറ്റിയ തൊഴിലായി ലോട്ടറി വിൽപനയും തുടങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അലഞ്ഞ ശേഷമാണ് തിരൂരിൽ എത്തിയത്.

ഇപ്പോൾ തൃപ്രങ്ങോട് ക്ഷേത്രത്തിന് സമീപം വാടകമുറിയിൽ താമസിക്കുന്ന സ്വാമി അതിരാവിലെ അഞ്ചിന് എഴുന്നേറ്റ് നടപ്പുതുടങ്ങും. അടുത്തെവിടെനിന്നെങ്കിലും ലോട്ടറി വാങ്ങി തിരൂർ, തിരുനാവായ, കൊടക്കൽ, എടക്കുളം. പയ്യനങ്ങാടി എന്നിവിടങ്ങൾ പിന്നിട്ട് രാത്രി തിരിച്ചെത്തുമ്പോഴേക്കും കിലോമീറ്ററുകൾ നടന്നുകഴിഞ്ഞിരിക്കും.

ഓരോ ദിവസവും പല വഴിക്കാണ് സഞ്ചാരം. മകനെ കണ്ടെത്തുമെന്ന പ്രതീക്ഷയുമായി നടത്തം. 2003ൽ സ്വാമി പാലക്കാട്ടു വിറ്റ ടിക്കറ്റിന് 20 ലക്ഷത്തിന്റെ സമ്മാനം ലഭിച്ചിരുന്നു. മകനെക്കാണാതായി അഞ്ചു വർഷം കഴിഞ്ഞപ്പോൾ ഭാര്യയും സ്വാമിയെ വിട്ടുപോയി. ഒരു മകളുളളത് ഭർത്താവിനൊപ്പം തിരുനെൽവേലിയിൽ താമസിക്കുന്നു.