കൊല്ലം: ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി സൂരജ് ബാങ്കിൽ ചെന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും. ഇന്ന് ക്രൈംബ്രാഞ്ച് സംഘം അടൂരിലെ ബാങ്കിലെത്തിയാണ് ദൃശ്യങ്ങൾ പരിശോധിക്കുക. ഇതിന്റെ കോപ്പികൾ അന്വേഷണ റിപ്പോർട്ടിനൊപ്പം ഉൾപ്പെടുത്തും. ബാങ്കിലെ ലോക്കറിൽ നിന്നും സൂരജ് എന്നാണ് സ്വർണം എടുത്തതെന്നും എത്ര തവണ ബാങ്കിൽ ചെന്നിട്ടുണ്ടെന്നതുമടക്കമാണ് അന്വേഷണ സംഘം കണ്ടെത്തുന്നത്.
നേരത്തെ സൂരജുമായെത്തി ഇതെല്ലാം ബോദ്ധ്യപ്പെട്ടെങ്കിലും കോടതിയിൽ സമർപ്പിക്കുമ്പോൾ വീഡിയോ ദൃശ്യങ്ങൾ അനിവാര്യമാണ്. കൊലപാതകം നടന്ന് ഒരു മാസം പിന്നിടുമ്പോഴേക്കും കേസിന്റെ നിർണായക തെളിവുകളെല്ലാം അന്വേഷണ സംഘം ശേഖരിച്ചുകഴിഞ്ഞു. അന്വേഷണ സംഘത്തിന്റെ അംഗബലം വിപുലപ്പെടുത്തിയിട്ടുണ്ട്. പരമാവധി തെളിവുകൾ കണ്ടെത്തുകയും ശാസ്ത്രീയ വിവരങ്ങൾ ഉൾപ്പെടുത്തുകയും വേണമെന്നാണ് അന്വേഷണ സംഘത്തോട് റൂറൽ എസ്.പി ഹരിശങ്കർ നിർദേശം നൽകിയിട്ടുള്ളത്. അന്വേഷണം തുടങ്ങി എൺപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് നേരത്തെതന്നെ എസ്.പി വ്യക്തമാക്കിയിരുന്നു.