wangchuck

ലഡാക്ക്:- ചൈനീസ് സോഫ്റ്റ് വെയറുകളെ ഒരാഴ്ചയ്ക്കകവും ഹാർഡ് വെയറുകളെ ഒരു വർഷവും കൊണ്ടും ഉപേക്ഷിച്ച് ചൈനയെ ബഹിഷ്കരിക്കണം എന്ന 'ബോയ്ക്കോട്ട് ചൈന' ക്യാമ്പെയിൻ ലക്ഷ്യം കാണുന്നുണ്ടെന്ന് ക്യാമ്പെയ്ൻ ആരംഭിച്ച ലഡാക്കിലെ വിദ്യാഭ്യാസവിദഗ്ധനും പ്രമുഖ പര്യവേക്ഷകനുമായ സോനം വാങ് ചുക്. ക്യാമ്പെയിനെ പിൻതുണച്ചുള്ള അമുലിന്റെ കാർ‌ട്ടൂണിനെ തുടർന്ന് അമുലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് സസ്പെൻഷൻ വന്നതും ആന്റി ചൈന ആപ്പുകളെ ഗൂഗിൾ പ്ളേസ്റ്രോറിൽ നിന്ന് പുറത്താക്കിയതുമെല്ലാം ഇതിന്റെ ശുഭ ലക്ഷണമാണെന്ന് വാങ് ചുക് പറഞ്ഞു.

"ജനങ്ങൾ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനും അവ അൺ ഇൻസ്റ്റാൾ ചെയ്യാനും തുടങ്ങിയതോടെ അവർക്ക് ഗൂഗിളിനെയും ട്വിറ്ററിനെയുമെല്ലാം വിരട്ടി അത് പിൻവലിപ്പിക്കേണ്ടി വരികയാണ്. ഇന്ത്യക്കാർക്ക് ചൈനീസ് ഉൽപന്നങ്ങൾ വാങ്ങിക്കാതിരിക്കാൻ കഴിയില്ല എന്ന ചൈനീസ് സർക്കാർ നടത്തുന്ന 'ഗ്ളോബൽ ടൈംസ്' പത്രത്തിൽ വന്ന വാർത്ത ചൈനയിൽ എത്രത്തോളം സമ്മർദ്ദമാണ് നമ്മുടെ ക്യാമ്പെയ്ൻ മൂലമുണ്ടായതെന്ന് സൂചിപ്പിക്കുന്നുണ്ട്." അഭിമാനത്തോടെ വാങ് ചുക് പറയുന്നു. ഈ വഴി തന്നെ തുടർന്നും പിൻതുടരണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇന്ത്യ-ചൈന സേനകൾ തമ്മിൽ ലഡാക്കിലുണ്ടായ സംഘർഷത്തെ തുടർന്നാണ് സോനം വാങ് ചുക് ജനങ്ങളോട് ചൈനീസ് ബഹിഷ്കരണം ആവശ്യപ്പെട്ടത്. അമിർഖാൻ നായകനായ ബോളിവുഡ് ചിത്രം '3 ഇഡിയറ്റ്സ്' , വിജയ് നായകനായ തമിഴ് ചിത്രം 'നൻപൻ' എന്നിവയിലെ നായക കഥാപാത്രങ്ങൾക്ക് പ്രചോദനമായ ആളാണ് സോനം വാങ് ചുക്.