മുല്ലശേരി തറവാട്ടിലെ ഇളമുറക്കാരിയായ നിരഞ്ജന അനൂപ് മലയാളി പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ കുട്ടിയാണ്. കുറുമ്പും കുസൃതിയുമായി നിരഞ്ജന പ്രേക്ഷകരുടെ ഹൃദയത്തിലാണ് ഇടം പിടിച്ചത്. ചെറുതും വലുതുമായ പല വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറസാന്നിദ്ധ്യമാവുകയാണ് നിരഞ്ജന.
ദേവാസുരം മുത്തച്ഛന്റെ കഥയാണ്
ദേവാസുരം റിലീസായി ആറു വർഷം കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത്. പിന്നെയും ഒരു ആറു വർഷം കൂടി കഴിഞ്ഞാവും ആ സിനിമ കാണുന്നത്. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കഥയാണെന്ന് അപ്പോൾ അറിഞ്ഞില്ല. മംഗലശേരി നീലകണ്ഠന്റെയും ഭാനുമതിയുടെയും രൂപ ഭാവം മുത്തച്ഛനും മുത്തശ്ശിയുമാണെന്ന് പിന്നീട് അറിഞ്ഞു. എനിക്ക് കിട്ടിയ ഭാഗ്യം എന്താന്ന് വച്ചാൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പ്രണയം നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും അത് സിനിമയിലൂടെ അറിയാൻ സാധിച്ചു. എനിക്ക് മൂന്നു വയസുള്ളപ്പോഴാണ് മുത്തച്ഛൻ മരിക്കുന്നത്. മുത്തച്ഛനെക്കുറിച്ച് നേരിയ ഒാർമ്മയെയുള്ളൂ. ഞാൻ ഒരു കലാകാരിയാകുമെന്ന് മുത്തച്ഛൻ കരുതിയിട്ടുണ്ടാവില്ല. അച്ഛന്റെ വീട്ടിൽ കലയുമായി ബന്ധമുള്ള ആരുമില്ലായിരുന്നു.
പ്രിയപ്പെട്ട രഞ്ജിമാമ
ചെറുപ്പം മുതൽ എന്നെ രഞ്ജിമാമ എവിടെ പോയാലും കൊണ്ടുപോകുമായിരുന്നു. ഷൂട്ടിംഗും ഡബ്ബിംഗും അവാർഡ് ചടങ്ങും കുറെ കണ്ടു. ഞാൻ മിക്കപ്പോഴും രഞ്ജിമാമയുടെ കൂടെയുണ്ടാവും. പുറത്തു പോകാൻ എനിക്കുമിഷ്ടമാണ്. എനിക്ക് സിനിമാ മോഹമേയുണ്ടാകില്ലെന്ന് പ്രതീക്ഷിച്ചാണ് രഞ്ജിമാമ എല്ലായിടത്തും കൊണ്ടുപോയത്. പക്ഷേ എപ്പോഴോ സിനിമ മനസിൽ കയറിക്കൂടി. രഞ്ജി മാമയുടെ ലോഹത്തിലൂടെ സിനിമയിൽ എത്തി. ഷോട്ട് വയ്ക്കുന്നതും ഡബ്ബിംഗ് സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും രഞ്ജിമാമ എന്നെ പഠിപ്പിച്ചു. ഞാനറിയാതെ സിനിമയുടെ ഇടയിൽ വളരുകയായിരുന്നു. രഞ്ജിമാമയും ജയരാജ് (സംവിധായകൻ) മാമയും എന്റെ അമ്മയ്ക്ക് സഹോദരതുല്യസ്ഥാനത്താണ്. വീട്ടിലെത്തിയാൽ അമ്മയുടെ ഇരുവശത്തും ഇരിക്കുന്ന പ്രിയ സഹോദരന്മാർ. ഏറെ ആഴമുള്ള അവരുടെ സഹോദര സ്നേഹ ബന്ധം കണ്ട് ഞാൻ നോക്കിനിന്നിട്ടുണ്ട്. വീട്ടിൽ പുതിയ വിഭവം ഉണ്ടാക്കിയാൽ പോലും ഒരു പങ്ക് രഞ്ജിമാമയ്ക്കും ജയരാജ് മാമയ്ക്കുമുണ്ട്. പണ്ട് മുതലേ അങ്ങനെയാണ്. അവരുകൂടി പങ്കുച്ചേരുന്നതാണ് മുല്ലശേരിയിലെ എല്ലാ ആഘോഷവും.
ചോദിച്ച് വാങ്ങിയ വേഷം
കുട്ടിക്കാലം മുതൽ രേവതി അമ്മായിയെ കാണുന്നതാണ്. അമ്മായിയുടെ കൂടെ പുറത്തു പോകുമ്പോൾ ആളുകൾ വന്നു സംസാരിക്കുകയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്യുന്നത് ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്. വീട്ടിൽ വന്ന് അമ്മയോട് പറയുമ്പോൾ രേവതി സെലിബ്രിറ്റിയല്ലേയെന്നാകും മറുപടി. എനിക്കും അതുപോലെയാകണമെന്ന് ആഗ്രഹിച്ചു. സിനിമയോട് ഇഷ്ടം തോന്നുന്നത് അങ്ങനെയാണ്. സിനിമയിലഭിനയിച്ചാൽ കൊള്ളാമെന്ന് രഞ്ജിമാമയോടാണ് ആദ്യം പറയുന്നത്. മൂപ്പര് പക്ഷേ ഒന്നും പറഞ്ഞില്ല. എന്റെ ആഗ്രഹം സീരിയസാണെന്നറിഞ്ഞപ്പോൾ വീട്ടിൽ പ്രശ്നമായി. പഠിക്കുന്ന സമയത്ത് എന്ത് സിനിമയെന്ന് ചോദ്യം വന്നു. ഞാൻ വിടാതെ പിന്നാലെ നടന്ന് കെഞ്ചിയിട്ടാണ് രഞ്ജിമാമ ലോഹത്തിൽ അഭിനയിപ്പിച്ചത്. ലോഹത്തിൽ ലാൽ അങ്കിളായിരുന്നു നായകൻ. ഒപ്പം ആൻഡ്രിയ ജെറീമിയ ഉൾപ്പെടെ വലിയ താരനിര. ലാൽ അങ്കിളിന്റെ കൂടെയായിരുന്നു എന്റെ ആദ്യ ഷോട്ട്. ലോഹം കഴിഞ്ഞപ്പോൾ എല്ലാവരും തിരിച്ചറിയുമെന്ന് കരുതി. പക്ഷേ പ്രതീക്ഷിച്ച പോലൊന്നും സംഭവിച്ചില്ല. പുറത്തു പോകുമ്പോൾ ആളുകൾ എന്നോട് എന്ത് ചെയ്യുന്നെന്ന് ചോദിക്കുമ്പോൾ ഞാൻ പറയും - പഠിക്കുന്നുണ്ട്, ഡാൻസ് ചെയ്യുന്നുണ്ട്, സിനിമയിലഭിനയിക്കുന്നുമുണ്ടെന്നൊക്കെ. അപ്പോൾ ഉടനേ വരും അടുത്ത ചോദ്യം: ''ഏത് സിനിമയിലാണ് അഭിനയിച്ചത്?"" ലോഹത്തിലെന്ന് ഞാൻ . ഏത് കഥാപാത്രമെന്ന് അടുത്ത ചോദ്യം. ഒടുവിൽ സിനിമയുടെ മുഴുവൻ കഥയും പറയേണ്ടിവരും.
തിരിച്ചറിയാൻ ഏറെ വൈകി
സൈറാബാനുവും ഗൂഢാലോചനയും കഴിഞ്ഞ് ബി.ടെക്കും ഇരയും വരേണ്ടി വന്നു ശരിക്കുമൊന്ന് അറിയപ്പെടാൻ. പുത്തൻപണത്തിൽ മമ്മുക്കയോടൊപ്പം അഭിനയിച്ചു. ലോഹവും പുത്തൻപണവും രഞ്ജി മാമയുടെ സിനിമകളാണ്. തുടക്കക്കാരിയായ എനിക്ക് മമ്മൂട്ടി അങ്കിളിന്റെയും മോഹൻലാൽ അങ്കിളിന്റെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.
സ്വപ്നങ്ങൾ ഒരുപാടുണ്ട്
മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹം. അഭിനയിച്ചു ഫലിപ്പിക്കാൻ എന്തെങ്കിലും ഉണ്ടാകണം. നായിക കഥാപാത്രത്തിനും കാരക്ടർ വേഷങ്ങൾക്കും ഇപ്പോൾ അതിന്റേതായ പ്രാധാന്യമുണ്ട്. എനിക്ക് രണ്ടും ചെയ്യാൻ ഇഷ്ടമാണ്. രണ്ടും കൂടി ചെയ്യുമ്പോഴാണ് സുഖം. നേരത്തെ ഒാഫറുകൾ വരുമ്പോൾ രഞ്ജിമാമയോട് ചോദിക്കുമായിരുന്നു. ഗൂഢാലോചന മുതൽ എന്റെ ഇഷ്ടത്തിന് സിനിമ തിരഞ്ഞെടുക്കാൻ തുടങ്ങി. രണ്ടുവർഷമേ ആയുള്ളൂ അങ്ങനെയൊരു തീരുമാനമെടുത്തിട്ട്. എന്നാൽ എന്ത് സംശയം വന്നാലും രഞ്ജിമാമയോട് ചോദിക്കും. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഇംഗ്ളീഷ് ലിറ്ററേച്ചർ ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ് ഞാൻ. ഒരുപാട് നായികമാരെ കണ്ട കാമ്പസ്. എല്ലാ ബാച്ചിലും ഓരോ നായികമാർ വീതം നേരത്തേ ഉണ്ടായിരുന്നു. അസിനും അമലപോളും സംവൃത സുനിലും സെന്റ് തെരേസാസ് നായികമാരാണ്.
വിമർശകർ വീട്ടിലുണ്ട്
നന്നായി പഠിക്കുന്ന കുട്ടിയാണ് ഞാൻ. അദ്ധ്യാപകർ ഒരുപാട് പ്രോത്സാഹിപ്പിക്കാറുണ്ട്. ഷൂട്ട് കാരണം ക്ളാസ് നഷ്ടപ്പെട്ടാൽ പ്രത്യേകമായി പറഞ്ഞു തരും. പ്രോജക്ട് സബ്മിറ്റ് ചെയ്യാനാണെങ്കിലും സംശയം ചോദിക്കാനാണെങ്കിലും നമുക്ക് വേണ്ടി സമയം ചെലവഴിക്കാൻ അവർ മനസ് കാണിക്കും. അമ്മയാണ് ഏറ്റവും വലിയ വിമർശക. സിനിമയിലും നൃത്തത്തിലും കൂടുതൽ മികവ് കൈവരിക്കാൻ വേണ്ട നിർദ്ദേശം അമ്മ തരാറുണ്ട്. അച്ഛൻ എപ്പോഴും ആത്മവിശ്വാസം പകരും. രണ്ടുപേരും രണ്ടു തരത്തിൽ എന്നെ പിന്തുണയ്ക്കുന്നു.