നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുമായി സിനിമാരംഗത്ത് സജീവമായ വ്യക്തിയാണ് പ്രശസ്‌ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. സിനിമയിലെ മുതൽ മുടക്കിനെ കുറിച്ച് ചിന്തിക്കാതെ എല്ലാ ബഡ്ജറ്റ് ചിത്രങ്ങൾക്കൊപ്പവും സഞ്ചരിച്ചു. വർഗം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രമായ പ്രൊഡക്ഷൻ കൺട്രോളാകുന്നത്. ഇപ്പോഴിതാ സിനിമാ രംഗത്തേക്ക് കടന്നുവരുന്നവരോട് സധെെര്യം ഈ മേഖലയേക്ക് വരാമെന്ന് പറയുകയാണ് ബാദുഷ.

badusha

സിനിമയിൽ അവസരം ചോദിച്ച് വിളിക്കുന്നവരെ ഇതുവരെ നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്നും അനുകൂലമായ മറുപടിയേ നൽകിയിട്ടുള്ളൂ എന്നും അദ്ദേഹം പറയുന്നു. കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

"സിനിമാ രംഗത്തേക്ക് ഒത്തിരി യുവതികളും യുവാക്കളും വരുന്നുണ്ട്. ഇവരെയൊക്കെ നമ്മൾ മാക്‌സിമം പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. ഒരാളെയും നിരുത്സാഹപ്പെടുത്താറില്ല. എന്നെ വിളിക്കുന്ന ആൾക്കാരോടെല്ലാം അനുകൂലമായ മറുപടിയേ ഇതുവരെ എന്റെ ഭാഗത്തുനിന്ന് കിട്ടിയിട്ടുള്ളൂ. എന്റെ നമ്പർ കയ്യിലില്ലാത്തവർ മെസഞ്ചർ വഴിയും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. പിന്നീട് എന്റെ നമ്പർ അയച്ചുകൊടുത്തു. ആർക്കും എപ്പോൾ വേണേലും സധെെര്യമായി സിനിമയിലേക്കെത്താം. സിനിമ എന്നുള്ളത് ഏറ്റവും നല്ല ഒരു വിനോദ മാദ്ധ്യമം തന്നെയാണ്. പലരും പല അഭിപ്രായങ്ങളും പറയും. അതൊന്നും നോക്കേണ്ട കാര്യമില്ല. ആർക്കും ധെെര്യമായി വരാം"-ബാദുഷ പറയുന്നു.