പേഴ്സിൽ നിന്ന് അഞ്ഞൂറു രൂപ നഷ്ടപ്പെട്ട നിരാശയിലായിരുന്നു ആനന്ദൻ. എത്രമാത്രം സൂക്ഷിച്ചതാണ്. പല ആവശ്യങ്ങൾ വന്നിട്ടും മാസാവസാനമായതിനാൽ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ചതാണ്. എന്നിട്ടും അത് നഷ്ടപ്പെട്ടു. എവിടെ, എങ്ങനെ, എപ്പോൾ നഷ്ടമായി. അന്നുരാവിലെ കണികണ്ടയാൾ തൊട്ട് ഫോണിൽ വിളിച്ചയാളെ വരെ മനസിൽ പ്രതികളാക്കി. സ്വന്തം കുറ്റം കൊണ്ട് സംഭവിച്ചാലും അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുമ്പോൾ കിട്ടുന്ന സ്വകാര്യമായ ആനന്ദം ചില്ലറയല്ല. എഞ്ചിനീയറായ ആനന്ദൻ പല രീതിയിൽ തലപുകഞ്ഞാലോചിച്ചു. ഉറ്റസുഹൃത്തായ രമേശൻ പല കാര്യങ്ങൾ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. നിത്യവും നമുക്കെന്തെല്ലാം നഷ്ടപ്പെടുന്നു. കലണ്ടറിൽ ഒരുദിവസം. ജാതകത്തിലെ കുറെ നാഴിക വിനാഴികകൾ. പോക്കറ്റിൽ നിന്ന് ചെലവായി പോകുന്നതെന്തെല്ലാം. ഓരോ പ്രശ്നങ്ങൾ അപഹരിച്ചുകൊണ്ടുപോകുന്ന മനഃസന്തോഷം, സമാധാനം... അങ്ങനെ എന്തെല്ലാം.
ആനന്ദനെ സുഹൃത്ത് പലരീതിയിൽ സാന്ത്വനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അടുത്തുള്ള പാർക്കിലെ ഒരുദൃശ്യം അവർ ശ്രദ്ധിച്ചത്. ഹൃദയവിശാലതയുള്ള ഒരുസംഘം യുവാക്കൾ കൊണ്ടുവരുന്ന ഭക്ഷണപ്പൊതി കാത്തിരിക്കുകയാണ് നിർദ്ധനരായ എട്ടുപത്തുപേർ. പാർക്കിലിരുന്ന ഒരാൾ മൊബൈലിൽ നക്ഷത്രഫലം കേൾക്കുകയാണ്. തിരുവാതിര നക്ഷത്രം പരമശിവന്റെ നാളാണ്. കഷ്ടതകൾ മാറിക്കിട്ടും. എങ്കിലും മനഃക്ലേശം വിട്ടുമാറില്ല. രോഗബാധകൾ അലട്ടും. കേട്ടുകൊണ്ടിരുന്ന ഒരു യാചകൻ അടുത്തിരുന്നയാളോട് പറഞ്ഞു: ഞാനും ഭഗവാന്റെ നാൾ തന്നെ. തിരുവാതിര. സഹായിക്കാനും ആശ്വസിപ്പിക്കാനും നല്ല മനസുള്ളവർ കുറെയെങ്കിലും നമുക്ക് ചുറ്റുമുണ്ടല്ലോ. അതുമൊരു ദൈവാധീനം. ഒന്നിച്ചിരുന്നു കഴിച്ചാലും ഒറ്റയ്ക്കുകഴിച്ചാലും ആഹാരത്തിന്റെ രുചി അവനവൻ തന്നെയറിയുന്നു. ദഹനമാകട്ടെ നാമറിയാതെ നടക്കുന്നു.
ഒരു മോട്ടോർ സൈക്കിളിൽ കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ കാത്തിരുന്നവർക്കെല്ലാം കിട്ടി. അതുവാങ്ങിപ്പോകുന്നതിനിടയിൽ അയാൾ പറഞ്ഞു: കുടിലിൽ ചെന്നിരുന്നു കഴിക്കാം. അവിടെയും കുറച്ചുപേരുണ്ടല്ലോ. ഇതിന് കാത്തിരിക്കുന്നവർ. ഒരു പട്ടിയും ഒന്നു രണ്ട് പല്ലികളും. മൊബൈലിലെ ജാതകഫലം അനുകൂലമല്ലെന്ന് കണ്ട് അത് കേട്ടുകൊണ്ടിരുന്ന യുവാവ് മൊബൈൽ ഓഫ് ചെയ്തു.
രമേശൻ നോക്കുമ്പോൾ ആനന്ദന്റെ മുഖം തെളിഞ്ഞിരുന്നു. അഞ്ഞൂറ് രൂപ നഷ്ടപ്പെട്ടതിന്റെ ദുഃഖവും നിരാശയും ആ മുഖത്തുനിന്ന് അകന്നതുപോലെ രമേശന് തോന്നി. നഷ്ടങ്ങൾ വരുമ്പോൾ മുഖം കുനിച്ച് നിരാശപ്പെടുകയല്ല വേണ്ടത്. ചുറ്റുപാടും ഒന്നു നോക്കിയാൽ മതി. നഷ്ടക്കണക്കുകളെ ലാഭവും ശിഷ്ടവുമായി മാറ്റുന്ന മുഖങ്ങൾ ധാരാളം. സുഹൃത്തിന്റെ ആശ്വാസവാക്കുകൾ കേട്ട് ആനന്ദൻ പൊട്ടിച്ചിരിച്ചു.
(ഫോൺ : 9946108220)