class

ചെന്നെ: തമിഴ്നാട്ടിൽ പത്താംക്ലാസ് പരീക്ഷകൾ നിറുത്തിവച്ചതായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി അറിയിച്ചു. പരീക്ഷ പൂർണമായും റദ്ദാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്ളസ് വൺ പരീക്ഷയും നടത്തില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പത്ത്, പ്ലസ് വണ്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ അവരുടെ പാദ, അര്‍ദ്ധ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കുകള്‍ മാനദണ്ഡമാക്കിയാണ് വിജയിപ്പിക്കുക. ഒപ്പം ഹാജര്‍ നിലയും കണക്കാക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരീക്ഷകള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് തീരുമാനം.

നേരത്തെ തെലങ്കാനയിലും പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പരീക്ഷ സർക്കാർ വേണ്ടെന്ന് വച്ചിരുന്നു. പരീക്ഷ ഇല്ലാതെ തന്നെ വിദ്യാർത്ഥികളെ ജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു അറിയിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് തെലങ്കാന സർക്കാരിന്റെയും തീരുമാനം.