rahul-dravid

ബംഗളുരു : ഇന്നത്തെ ക്രിക്കറ്റിന് അനുയോജ്യമല്ല തന്റെ ബാറ്റിംഗ് ശൈലിയെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡ്. ഇപ്പോഴത്തെ താരങ്ങളുടെ സ്ട്രൈക്ക് റേറ്റും സ്കോറിംഗ് വേഗതയും ചൂണ്ടിക്കാട്ടിയാണ് തന്റെ ശൈലികൊണ്ട് രാജ്യാന്തര ക്രിക്കറ്റിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞേക്കില്ലെന്ന ദ്രാവിഡിന്റെ തുറന്നുപറച്ചിൽ. അതേസമയം, പ്രതിരോധത്തിലൂന്നിയുള്ള കളിയുടെ മൂല്യം കുറയുന്നുണ്ടെങ്കിലും അതിന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്ന് കരുതുന്നില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി.മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറുമായി ക്രിക്ഇൻഫോയുടെ വിഡിയോകാസ്റ്റിൽ നടത്തിയ പ്രത്യേക സംഭാഷണത്തിലാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്.

ദ്രാവിഡിന്റെ തുറന്നുപറച്ചിലുകൾ

ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്തെ എന്റെ ശൈലി വച്ച് ഇന്ന് പിടിച്ചുനിൽക്കാനാകില്ലെന്ന് പൂർണ ബോധ്യമുണ്ട്. ഇന്നത്തെ താരങ്ങളുടെ സ്ട്രൈക്ക് റേറ്റുകൾ നോക്കൂ. ഏകദിനത്തിൽ എനിക്ക് സച്ചിന്റെയും വീരുവിന്റെയും സ്ട്രൈക്ക് റേറ്റിനോളം ഉണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് കളിയുടെ നിലവാരം അതായിരുന്നു.


രോഹിത് ശർമയെയും വിരാട് കോലിയെയും പോലുള്ള താരങ്ങൾ ഏകദിന ക്രിക്കറ്റിനെ പുതിയൊരു തലത്തിലേക്ക് നയിച്ചു. അതേസമയം ചേതേശ്വർ പൂജാരയേപ്പോലുള്ള താരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിന് അനിവാര്യമാണ്. ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളുടെ എണ്ണം കുറയുന്നുണ്ടാകാം പക്ഷേ പ്രാധാന്യം കുറയുന്നില്ല.

ക്രീസിൽ ദീർഘസമയം ചെലവഴിക്കുക, ബൗളർമാരെ പരമാവധി ക്ഷീണിപ്പിക്കുക, പുതിയ പന്തിന്റെ തിളക്കം കളയുക തുടങ്ങിയവയായിരുന്നു എന്റെ കർത്തവ്യങ്ങൾ. അതുകൊണ്ട് പിന്നാലെ വരുന്നവർക്ക് നന്നായി കളിക്കാൻ കഴിയും. ഇതെല്ലാം എന്റെ ജോലിയായി കണ്ട് അത് നിറവേറ്റുന്നതിൽ അഭിമാനിച്ചിരുന്ന വ്യക്തിയാണ് ഞാൻ.


സെവാഗിനേപ്പോലെ കളിക്കാനും അതേ ഷോട്ടുകൾ പായിക്കാനും എനിക്ക് താൽപര്യമില്ലെന്ന് ധരിക്കരുത്. പക്ഷേ, എന്റെ ശൈലിയും കഴിവും വ്യത്യസ്തമായിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിശ്ചയദാർഢ്യവും ഏകാഗ്രതയുമാണ് എന്റെ മികവ്. അതു രണ്ടും നന്നായിത്തന്നെ ഉപയോഗിക്കാൻ എനിക്കായെന്ന് വിശ്വസിക്കുന്നു.

ഏകദിനത്തിൽ എന്റെ ബാറ്റിംഗ് ശൈലി വിരാട് കൊഹ്‌ലിയുമായോ രോഹിത് ശർമയുമായോ താരതമ്യം ചെയ്യാനാകില്ല. ഇവർ രണ്ടുപേരും ഏകദിനത്തെ പുതിയൊരു തലത്തിലേക്ക് കൊണ്ടുപോയവരാണ്. ഒരു ടെസ്റ്റ് താരമാകാൻ മോഹിച്ച് ആ രീതിയിൽ സ്വയം രൂപപ്പെടുത്തിയ ആളാണ് ഞാൻ.

എക്കാലവും ടെസ്റ്റ് താരമായി അറിയപ്പെടാൻ ആഗ്രഹിച്ച എനിക്ക് പ്രതിരോധത്തിലൂന്നിയുള്ള കളിയേക്കുറിച്ചുള്ള പരിഹാസങ്ങൾ പ്രശ്നമായിരുന്നില്ല.

ഇന്നത്തെ കാലത്ത് രാജ്യാന്തര ക്രിക്കറ്റിൽ നിലനിൽക്കാൻ ടെസ്റ്റ് താരമാകണമെന്ന് യാതൊരു നിർബന്ധവുമില്ല. ട്വന്റി20യും ഏകദിനവും കളിച്ചു മാത്രം നിങ്ങൾക്ക് നിലനിൽക്കാം. അതിന് പ്രതിരോധ മികവ് വേണമെന്ന് വലിയ നിർബന്ധവുമില്ല. മുൻപ് അതായിരുന്നില്ല സ്ഥിതി. ഒരു ടെസ്റ്റ് താരമായാൽ മാത്രമേ രാജ്യാന്തര ക്രിക്കറ്റിൽ നിലനിൽപ്പുണ്ടായിരുന്നുള്ളൂ.

പ്രതിരോധമെന്നാൽ ഒരു മത്സരത്തിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തെ അതിജീവിക്കാനുള്ള മികവാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾക്ക് അതിനുള്ള കഴിവുണ്ട്. ഇന്നും ബാറ്റിംഗിലെ നിങ്ങളുടെ സമ്പൂർണ മികവ് അറിയണമെങ്കിൽ ടെസ്റ്റ് തന്നെ കളിക്കണം. അവിടെ അഞ്ചു ദിവസത്തെ സമ്മർദ്ദം അതിജീവിച്ച് നിലനിൽക്കാൻ നിങ്ങൾക്ക് കഴിയുമോ എന്നതാണ് പ്രധാനം.

യുവതാരങ്ങൾക്കൊപ്പം ജോലി ചെയ്യുന്ന ഒരാളാണ് ഞാൻ. കരിയറിന്റെ ആരംഭത്തിൽ അവരുടെ മാതൃകകൾ കൊഹ്‌ലിയും വില്യംസനും സ്മിത്തുമൊക്കെയാണ്. ഇവരെല്ലാം എല്ലാ ഫോർമാറ്റിനും യോജിച്ചവരായതിനാൽ അതുപോലെയാകാൻ യുവതാരങ്ങളും മോഹിക്കുന്നു