ധോണിയെ കണ്ടെത്തിയത് താനെന്ന് കിർമാനി
മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മഹേന്ദ്രസിംഗ് ധോണിക്ക് വഴിതുറന്നത് താനെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സയ്യിദ് കിർമാനിയുടെ വെളിപ്പെടുത്തൽ.
2004-ലെ ദിയോധർ ട്രോഫിയിലെ ധോണിയുടെ പ്രകടനമാണ് അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറന്നത്. ഈസ്റ്റ് സോണിനായി കളത്തിലിറങ്ങിയ ധോണി അന്ന് ഇന്ത്യൻ സെലക്ടർമാരുടെ ശ്രദ്ധ ആകർഷിക്കാനായി അവർ ഇരുന്നിടത്തേക്ക് സിക്‌സറുകൾ പായിച്ചതായി കഥകളുണ്ട്. എന്നാൽ അന്ന് ഈസ്റ്റ് സോൺ ടീമിലേക്ക് ധോണിയെ തിരഞ്ഞെടുത്തത് എങ്ങനെ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കിർമാനി.
" വർഷങ്ങൾക്കു മുമ്പ് ഞാനും ഈസ്റ്റ് സോണിലെ സഹ സെലക്ടറായിരുന്ന പ്രണബ് റോയിയും ഒരു രഞ്ജി ട്രോഫി മത്സരം കാണുകയായിരുന്നു. ഏത് മത്സരമായിരുന്നു എന്ന് ഓർക്കുന്നില്ല. ജാർഖണ്ഡിൽ നിന്ന് പ്രതീക്ഷയുണർത്തുന്ന ഒരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുണ്ടെന്നും അദ്ദേഹം സെലക്ഷൻ അർഹിക്കുന്നുണ്ടെന്നും പ്രണബ് എന്നോട് പറഞ്ഞു. ഈ മത്സരത്തില്‍ കീപ്പ് ചെയ്യുന്നത് അവനാണോ എന്ന് ഞാൻ ചോദിച്ചു. അല്ല, ഫൈൻ ലെഗിൽ ഫീൽഡ് ചെയ്യുകയാണെന്ന് പ്രണബ് മറുപടി നൽകി. അവിടെ വെച്ച് ഞാൻ ധോണിയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രകടനം പരിശോധിച്ചു. ബാറ്റിംഗിലെ സ്ഥിരത അദ്ഭുതകരമായിരുന്നു. അന്ന് ധോണി വിക്കറ്റ് കീപ്പ് ചെയ്യുന്നത് കാണാൻ നിൽക്കാതെ തന്നെ ഈസ്റ്റ് സോണിലേക്ക് തിരഞ്ഞെടുത്തു. പിന്നീട് നടന്നതെല്ലാം ചരിത്രം'', ഒരു ദേശീയ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ കിർമാനി വെളിപ്പെടുത്തി.
ധോണിയെ ക്യാപ്ടനായി നിയമിച്ചത് ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ച മികച്ച കാര്യമാണെന്നും കിർമാനി കൂട്ടിച്ചേർത്തു. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്റെ പ്രാധാന്യമെന്താണെന്ന് ധോണി തെളിയിച്ചു. ധോണിയെ ക്യാപ്ടൻസി ഏൽപ്പിക്കുന്നത് അധിക ചുമതലയാകുമെന്നും അത് പ്രകടനത്തെ ബാധിക്കുമെന്നും സെലക്ഷൻ കമ്മിറ്റിയിൽ അഭിപ്രായമുണ്ടായിരുന്നു. എന്നാൽ അതെല്ലാം തെറ്റായിരുന്നുവെന്ന് ധോണി തെളിയിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും കിർമാനി പറഞ്ഞു.