ooda

മുംബൈ:- അഹമ്മദാബാദിലെ ശുദ്ധീകരിക്കാത്ത മാലിന്യജലത്തിൽ നിന്ന് സാംക്രമിക സാദ്ധ്യതയില്ലാത്ത കൊവിഡ്-19 രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗാന്ധി നഗറിലെ വിദഗ്ദ്ധർ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം അറിഞ്ഞത്. മനുഷ്യ മാലിന്യത്തിൽ നിന്നാവാം ഇവ ഈ മലിനജലത്തിൽ കലർന്നതെന്ന് കരുതുന്നു. രാജ്യമാകെ മലിനജലത്തിൽ കൊവിഡ് രോഗാണുവിനെ കണ്ടെത്താനും നിരീക്ഷണത്തിനും പ്രതിരോധം നടത്താനും അത്തരത്തിൽ രോഗ പരിശോധനാ ഫലം വരും മുൻപ് തന്നെ ശ്രദ്ധിക്കേണ്ട ഹോട്ട്സ്പോട്ടുകളെ തിരിച്ചറിയാനും ഈ കണ്ടെത്തലിലൂടെ കഴിയുമെന്ന് ഗവേഷകർ കരുതുന്നു.

ആസ്ട്രേലിയ,നെതർലാന്റ്,ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഇതുവരെ മലിന ജലത്തിൽ നിന്ന് കൊവിഡ് രോഗകാരിയായ വൈറസിനെ തിരിച്ചറിഞ്ഞിട്ടുള്ളത്. 'രോഗ ലക്ഷണമുള്ളവരുടെയും രോഗ ലക്ഷണം പ്രകടിപ്പിക്കാത്തവരുടെയും വിസർജ്ജനത്തിലൂടെ വൈറസ് എത്തുന്നത് മലിനജലത്തിലാണ്. അതിനാൽ തന്നെ വൈറസിന്റെ സാന്നിധ്യവും പുരോഗതിയും മനസ്സിലാക്കാൻ മലിനജലത്തിൽ നടത്തുന്ന പഠനം പ്രധാനമാണ്.' പഠനത്തിന് നേതൃത്വം നൽകുന്ന ഗാന്ധി നഗർ ഐഐടി പ്രൊഫസർ മനീഷ് കുമാർ പറയുന്നു. ഇന്ത്യയിൽ ഇത്തരത്തിൽ ആദ്യ പഠനമാണ് ഐഐടി ഗാന്ധി നഗറിലേത്. മലിന ജലത്തിൽ കൊവിഡ് രോഗാണു അപകടകാരിയല്ല എന്നാണ് കാണുന്നത്. അന്തരീക്ഷ ഊഷ്മാവ് ജലത്തിൽ തങ്ങി നിൽക്കുവാൻ വൈറസിന് സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്. ഗുജറാത്ത് മലീനീകരണം നിയന്ത്രണ ബോർഡുമായി ചേർന്ന് ഐഐടി അംഗങ്ങൾ മേയ് 8 മുതൽ 27 വരെ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയ അരബിന്ദ് കുമാർ പട്ടേലിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഗുജറാത്തിലെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ കൊവിഡ് രോഗികളിൽ രോഗം വർദ്ധിച്ചതായും കണ്ടെത്തി.

മലിന ജലത്തിൽ നിന്നുള്ള സാംക്രമിക രോഗ പഠനത്തിലൂടെ മുൻപ് ഇന്ത്യയിൽ കോളറ പരത്തുന്ന റോട്ടാ വൈറസിന്റെ സാന്നിധ്യവും മയക്ക് മരുന്നു പോലെയുള്ളവയുടെ സാന്നിധ്യം അറിയാനും കഴിഞ്ഞിരുന്നു. 'മലിനജലത്തിന്റെ പഠനത്തിലൂടെ പ്രദേശമാകെയുള്ള ജനങ്ങളുടെ ആരോഗ്യ കാര്യങ്ങൾ പഠിക്കാനും കഴിയും.' കുമാർ പറഞ്ഞു.