കൊവിഡ് മൂലം വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ കേരളം കണ്ടെത്തിയ മാർഗമാണ് ഓൺലൈൻ ക്ലാസുകൾ . ഫസ്റ്റ് ബെൽ എന്ന പേരിൽ ശ്രദ്ധേയമായ കേരള മോഡൽ ഓൺലൈൻ ക്ലാസ് രാജ്യമെങ്ങും മാതൃകയായി. എന്നാൽ ഓൺലൈൻ ക്ലാസ് പ്രായോഗികമാക്കാൻ സർക്കാർ നടത്തിയ നീക്കത്തിൽ പാളിച്ചകൾ ഉണ്ടായി. കേരളത്തിൽ രണ്ട് ലക്ഷത്തിലേറെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ വേണ്ട സൗകര്യങ്ങളില്ലായിരുന്നിട്ടും അവർക്ക് വേണ്ട സഹായം നൽകാൻ സർക്കാരോ വിദ്യാഭ്യാസ വകുപ്പോ തയ്യാറായില്ല.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്ത മനോവിഷമത്തിൽ മലപ്പുറത്ത് ദേവിക എന്ന വിദ്യർത്ഥിനി ആത്മഹത്യ ചെയ്തത് കേരളത്തെ തന്നെ കണ്ണീരിലാഴ്ത്തിയിരുന്നു. പഠനം മുടങ്ങിയ ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ നിസാഹായാവസ്ഥ അപ്പോഴാണ് കേരളം കണ്ടത്.ഇതോടെ സർക്കാരിന് എതിരെ വലിയ വിമർശനങ്ങളും ഉയർന്നു വന്നു. ഇതിന് ശേഷമാണ് ഇവർക്ക് വേണ്ട ബദൽ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാരും മറ്റു സംഘടനകളും മുന്നോട്ട് വന്നത്. ഇത് എത്രമാത്രം ഫലം പ്രദമാമെന്ന് നേർക്കണ്ണ് അന്വേഷിക്കുന്നു.
