cinema-

ഇപ്പോൾ ലോകത്തെ ഗ്രസിച്ചിരിക്കുന്ന രോഗബാധ നമ്മുടെ ജീവിതങ്ങളെ പ്രവചിക്കാനാവാത്ത വിധം മാറ്റിക്കളഞ്ഞു. മാറ്റങ്ങളുടെ തോത് എന്താണെന്നോ, എത്ര കാലം ഈ അവസ്ഥ തുടരുമെന്നോ, കൊവിഡ് അനന്തരജീവിതം എങ്ങനെയിരിക്കുമെന്നോ ഇപ്പോൾ വ്യക്തമായി പറയാൻ ആർക്കുമാവില്ല. നമ്മൾ യുദ്ധമുഖത്താണ്. ആക്രമണത്തെ പ്രതിരോധിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ഇപ്പോഴത്തെ അന്ധാളിപ്പിൽ നടത്തുന്ന പ്രവചനങ്ങൾ മിക്കതും, നാളെ പിന്തിരിഞ്ഞ് നോക്കുമ്പോൾ ബാലിശമായി തോന്നിയേക്കാം. ഓരോ പ്രതിസന്ധിയിൽ നിന്നും കൂടുതൽ കരുത്തോടെ ഉയിർത്തെഴുന്നേറ്റ ചരിത്രമാണല്ലോ മനുഷ്യർക്കുള്ളത്. വിമാനറാഞ്ചലുകലും ഭീകരവാദികളുടെ ഭീഷണികളും ആവർത്തിച്ചപ്പോഴല്ലേ ഇത്രയും സെക്യൂരിറ്റി സംവിധാനം വിമാനത്താവളങ്ങളിൽ ഉണ്ടായത്. അതോടെ വിമാന യാത്ര കൂടുതൽ സുരക്ഷിതമായി. ഓരോ ട്രെയിൻ അപകടവും റയിൽവേ സുരക്ഷിതത്വം മെച്ചപ്പെടുത്താൻ ഹേതുവായില്ലേ? ഈ അവസ്ഥയിൽ നിന്നും കരകയറി, പ്രസന്നമായ ഒരു ലോകത്തു നാം ഇനിയും ജീവിക്കുക തന്നെ ചെയ്യും. ഇതെല്ലാം എഴുതണമെന്നു തോന്നിയത് അടുത്ത ദിവസങ്ങളിൽ സിനിമാ മേഖലയിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന ചില വാർത്തകൾ വായിച്ചപ്പോഴാണ്. കൊവിഡ് കാലം പരിചിതമാക്കിയ സാമൂഹ്യ അകലം പാലിക്കാൻ സാധിക്കാത്തതു കൊണ്ട് സിനിമാതിയേറ്ററുകൾ തുറക്കാൻ അനുവദിക്കാതിരിക്കുന്നതു ഇപ്പോഴത്തെ ഘട്ടത്തിൽ അനിവാര്യം. ബെവ്‌കോ വിപണനശാലയുടെ മുന്നിൽ നിൽക്കുമ്പോഴും, മുടിവെട്ടാൻ ഇരിക്കുമ്പോഴും, ബസ്സിൽ യാത്രചെയുമ്പോഴും, ക്ഷേത്രങ്ങളിലോ പള്ളികളിലോ ഒരുമിച്ചു പ്രാർത്ഥിക്കുമ്പോഴും പിടികൂടാത്ത വൈറസിനു സിനിമാശാലകളോട് പ്രത്യേക മമത ഉണ്ടാവുമോ എന്നൊക്കെ വാദിക്കാം. പക്ഷേ ഇത് തർക്കിച്ചു ജയിക്കേണ്ട സമയമല്ല. അങ്ങനെ പറയുമ്പോഴും അടഞ്ഞുകിടക്കുന്ന സിനിമാശാലകൾ എന്ന പ്രതിഭാസത്തിന്റെ പിന്നിലെ സാമ്പത്തികവും മാനുഷികവുമായ നഷ്ടങ്ങളുടെയും ദുരിതങ്ങളുടെയും ആഴവും വ്യാപ്തിയും കാണാതിരുന്നുകൂടാ. ചെറിയ ജോലികൾ ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾ, സഹായികൾ, തിയേറ്റർ തൊഴിലാളികൾ, അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, സാങ്കേതിക വിദഗ്ദ്ധർ, ഗായകർ, സംഗീതവിഭാഗത്തിലെ കലാകാരന്മാർ, എഴുത്തുകാർ, സംവിധായകർ, നടീനടന്മാർ, സൂപ്പർസ്റ്റാറുകൾ എന്നിങ്ങനെ എല്ലാവരും വീട്ടിലിരിക്കേണ്ടി വന്നപ്പോൾ നിലച്ചുപോയത് കോടികളുടെ സാമ്പത്തിക വ്യവഹാരം നടന്നിരുന്ന ഒരു വലിയ യന്ത്രമാണ് . അതാണ് അനേകം വീടുകളെ പോറ്റുന്നത്. ഒരർത്ഥത്തിൽ ലോക്ക്ഡൗൺ കാലവും ഇപ്പോഴുള്ള നിറംകെട്ട ജീവിതാവസ്ഥയും സിനിമ നമ്മുടെ ജീവിതത്തിലെ അവിഭാജ്യഘടകമാണെന്നു ബോധ്യപ്പെടുത്തി. സിനിമകൾ ഇല്ലാതിരുന്നെങ്കിൽ ടിവി ചാനലുകൾ എന്ത് പ്രദർശിപ്പിക്കുമായിരുന്നു? വീട്ടിൽ അടച്ചിരുന്നവർ എങ്ങനെ സമയം തള്ളി നീക്കുമായിരുന്നു? നെറ്റ്ഫ്ളിക്സിനും ആമസോൺപ്രൈമിനും പണം കൊടുത്ത് സിനിമകൾ കാണാൻ തുടങ്ങിയവർ നിരവധിയാണ്. അതെ, സിനിമ ഒരു അവശ്യവസ്തുവാണിപ്പോൾ. ചലച്ചിത്രരംഗത്തെ ഓരോ വിഭാഗത്തിനും സംഘടനകളുണ്ട്. സാമാന്യം പ്രബലവുമാണവയെല്ലാം. ഓരോ വിഭാഗവും സിനിമയുടെ നിലനിൽപ്പിന് ഒഴിച്ചുകൂടാത്തവർ. അതാണ് ഈ പ്രാധാന്യത്തിനും പ്രബലതയ്ക്കും കാരണം. ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് സിനിമ എങ്ങനെയായിരിക്കും കരകയറുക എന്ന ആശങ്കയിൽ ഓരോ സംഘടനയും സ്വന്തം താല്പര്യങ്ങളെ സംരക്ഷിച്ചുകൊണ്ട് നിലപാടുകളെടുക്കുന്നു. ഓൺലൈൻ റിലീസിന് ശ്രമിക്കുന്ന നിർമാതാക്കൾക്കെതിരെ തിയേറ്റർ ഉടമകുളുടെ സംഘടന; പ്രതിഫലം കുറയ്ക്കണമെന്ന് താരസംഘടനയോട് നിർമാതാക്കളുടെ സംഘടന, ഇങ്ങനെയുളള നിലപാടുകളും അവയുടെ പ്രതിനിലപാടുകളുമായി ചലച്ചിത്രരംഗത്തെ പൊരുത്തക്കേടുകൾ ഇപ്പോൾ മാധ്യമങ്ങളിൽ നിറയുകയാണ്. അവ വായിക്കുമ്പോൾ തീരെയും സന്തോഷം തോന്നുന്നില്ല. ഈ വിഭാഗങ്ങളെല്ലാം സിനിമ നിലനിന്നു കാണാൻ ആഗ്രഹിക്കുന്നു. പ്രധാന ലക്ഷ്യത്തിൽ തർക്കമില്ല. തർക്കങ്ങൾ ചില കാര്യങ്ങളിൽ മാത്രം. ഇപ്പോൾ ഭയക്കുന്നതുപോലെ സിനിമയുടെ ജാതകത്തിൽ അത്ര വലിയ നീചാപഹാരമൊന്നും സംഭവിക്കാൻ പോകുന്നില്ല. എന്നും കൊറോണക്കാലമല്ലല്ലോ. തർക്കങ്ങൾ ഉണ്ടാകും. എന്നാൽ അവ പരിഹരിക്കാൻ മാധ്യമപ്രസ്താവനകളും പരസ്യമായ 'അലക്കുമാണോ മാന്യമായ മാർഗം? ചുമതലപ്പെട്ടവർ ഒന്നിച്ചിരുന്നാൽ തീരാവുന്ന കാര്യങ്ങൾ നിത്യവുമുള്ള പ്രസ്താവനായുദ്ധമായി തരം താഴ്ത്തണമോ? ഇനി ബിഗ് ബജറ്റ് പടങ്ങൾ ഉണ്ടാവുകയില്ലെന്നും വരാനിരിക്കുന്നത് ചെറിയ ചെലവിൽ എടുക്കുന്ന സിനിമകളായിരിക്കുമെന്നും പ്രവചനങ്ങൾ പ്രചരിക്കുകയാണ്. താൽക്കാലിക പ്രതികരണങ്ങളായി മാത്രമേ ഇവയെ കാണേണ്ടതുള്ളൂ. കാരണം ആരുടെ കൈവശവും എല്ലാ വസ്തുതകളും ഇല്ല. നാളെ എന്തായിരിക്കുമെന്ന് തീർത്തു പറയാൻ ആർക്കുമാവില്ല. പിന്നെ ഇത്തരത്തിലുള്ള ഏതെങ്കിലും പ്രവചനങ്ങൾ ഇന്നുവരെ ഫലിച്ചിട്ടുമില്ലല്ലോ. പരാജയപ്പെട്ട പ്രവചനങ്ങൾ ഓർത്തെടുക്കാൻ ആരും മെനക്കെടാറില്ലെന്നു മാത്രം.