pic

ബിഎസ് 6 പ്രാബല്യത്തിൽ വന്നതോടെ പസാറ്റ് ടിഡിഐ പ്രീമിയം സെഡാനെ അടുത്തിടെയാണ് ഫോക്സ് വാഗൺ വിപണിയിൽ നിന്നും പിൻവലിച്ചത്. എന്നാൽ, നവീകരിച്ച പതിപ്പിനെ ഉടൻ തന്നെ വിപണിയിൽ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നവീകരിച്ച പതിപ്പ് പെട്രോൾ എഞ്ചിനിലാകും വിപണിയിൽ എത്തുക. പുതിയ മോഡലിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് 2 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്.

സ്കോഡ അടുത്തിടെ വിപണിയിൽ എത്തിച്ച സൂപ്പർബിന്റെ അതേ എഞ്ചിൻ തന്നെയാണ് ഇതിലും ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഈ എഞ്ചിന് 190 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും.ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കായിരിക്കും ഗിയർ ബോക്സ്. പഴയ ബിഎസ് 6ന് 2 ലിറ്റർ ടിഡിഐ എഞ്ചിന്‍ 174ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമായിരുന്നു സൃഷ്ടിച്ചിരുന്നത്. 6 സ്പീഡ് ഡിഎസ്ജിയായിരുന്നു ഗിയർബോക്സ്. എന്നാൽ പുതിയ എഞ്ചിൻ പഴയതിനെക്കാൾ 16 ബിഎച്ച്പി കരുത്തും, 30 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ഈ വർഷത്തിന്റെ അവസാനമോ 2021ന്റെ തുടക്കത്തിലോ വാഹനം വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ തന്നെ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എഞ്ചിൻ നവീകരണത്തിനൊപ്പം വാഹനത്തിന്റെ ഫീച്ചറുകളിലും, ഡിസൈനിലും കമ്പിനി മാറ്റങ്ങൾ കൊണ്ടുവന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. ബമ്പറുകൾ, റേഡിയേറ്റർ ഗ്രിൽ, പസാറ്റ് ലോഗോ, എൽഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പ് ക്ലസ്റ്ററുകൾ, 17 ഇഞ്ച് അലോയി വീലുകൾ എന്നിവയിലും മാറ്റങ്ങൾ വരുത്തുമെന്നും ഇന്റഗ്രേറ്റഡ് ഓൺലൈൻ കണക്ടിവിറ്റിയുള്ള എംഐബി 3 ഇൻഫോടെയിൻമെന്റ് സിസ്റ്റം പുതിയ മോഡലിൽ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ.

നിലവിൽ വിപണിയിലുള്ള മോഡലിനെക്കാൾ ആഢംബരം നിറഞ്ഞതാകും പുതിയ പതിപ്പിന്റെ അകത്തളം. വിപണിയിൽ എത്തിയാൽ സ്‌കോഡ സൂപ്പർബ്, ടൊയോട്ട കാമ്രി മോഡലുകളാകും വാഹനത്തിന്റെ എതിരാളികൾ.

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ മോഡലിൽ നിന്നും വർദ്ധനവുണ്ടാകുമെന്നാണ് സൂചന. ബിഎസ് 6 പതിപ്പിന് 29.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.ബിഎസ് 6 പാസാറ്റ് നാല് മോഡലുകളിലാണ് വിപണിയിൽ എത്തിയിരുന്നത്. കംഫർട്ട്ലൈൻ, കംഫർട്ട്ലൈൻ കണക്റ്റ് എഡിഷൻ, ഹൈലൈൻ, ഹൈലൈൻ കണക്റ്റ് എഡിഷൻ എന്നിവയാണ് മോഡലുകൾ.