linsa-sunday-page

തിരുവനന്തപുരം: കരഞ്ഞുതീർത്ത വേദനകളെയെല്ലാം കാറ്റിൽപ്പറത്തിയ സന്തോഷം ലിൻസ ടീച്ചറുടെ മുഖത്തുണ്ട്. തൂപ്പുകാരിയായി ജോലി ചെയ്‌തിരുന്ന അതേ സ്‌കൂളിൽ അദ്ധ്യാപികയായി എത്തിയ ലിൻസയുടെ ജീവിതം ഇക്കഴിഞ്ഞ 'വാരാന്ത്യകൗമുദി"യിൽ 'കണ്ണീരുപ്പല്ല അക്ഷരമധുരം" എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. നിരവധി പേരുടെ അഭിനന്ദനങ്ങളും ആശംസകളുമാണ് ടീച്ചറെ തേടിയെത്തിയത്. കൂട്ടത്തിൽ ഏറ്റവും സന്തോഷിപ്പിച്ചത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫോൺ വിളിച്ച് അഭിനന്ദിച്ചതാണ്.

"ഏറെ സന്തോഷത്തിലാണ് ഞാൻ, പത്രത്തിൽ വാർത്ത കണ്ട് വിളിക്കുകയാണ്. ഏറെ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയിലും പൊരുതി നേടിയ വിജയം മഹത്തരമാണ്. മറ്റുള്ളവർക്ക് നിങ്ങൾ ഒരു പ്രചോദനമാണ്. മറ്റുള്ളവരെ ഉയർച്ചയിലേക്ക് കൊണ്ടുവരേണ്ടത് ഇനി നിങ്ങളുടെയും കൂടി ഉത്തരവാദിത്വമാണ്." ഇതായിരുന്നു ഗവർണറുടെ സംഭാഷണം. സ്വന്തം ട്വിറ്റർ പേജിൽ വാർത്ത ട്വീറ്റ് ചെയ്‌ത അദ്ദേഹം രാജ്ഭവനിലേക്ക് ക്ഷണിക്കാനും മറന്നില്ല. സാഹചര്യം ശാന്തമായാൽ എപ്പോൾ വേണമെങ്കിലും കുടുംബത്തോടൊപ്പം വരാനും അദ്ദേഹം പറഞ്ഞു.

കാഞ്ഞങ്ങാട് ഇക്ബാൽ സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയാണ് ലിൻസ. അതേ സ്‌കൂളിലെ സംസ്‌കൃതം അദ്ധ്യാപകനായിരുന്ന അച്‌ഛൻ രാജന്റെ അപ്രതീക്ഷിത മരണത്തിനിടയിലാണ് തൂപ്പുകാരിയായി ലിൻസ ആ സ്‌കൂളിലെത്തുന്നത്. ഒടുവിൽ വാശിയോടെ പഠിച്ച് ആ സ്‌കൂളിൽ തന്നെ അദ്ധ്യാപികയായി തിരിച്ചെത്തുകയായിരുന്നു. നെഹ്റു കോളേജ് ജീവനക്കാരൻ സുധീരനാണ് ഭർത്താവ്. സോനിൽ, സംഘമിത്ര എന്നിവർ മക്കൾ.